ഗുവാഹത്തി:ആണ്‍ സുഹൃത്തിന്‍റെ സഹായത്തോടെ ഭര്‍ത്താവിനെയും ഭര്‍തൃ മാതാവിനെയും കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി മുറിച്ച് ഉപേക്ഷിച്ച യുവതി പിടിയില്‍. ഗുവാഹത്തി നരേങ്കി സ്വദേശി വന്ദന കലിതയാണ് പിടിയിലായത്. സംഭവത്തില്‍ ഇവരുടെ ആണ്‍ സുഹൃത്തിനെയും മറ്റൊരു യുവാവിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
ഇരുവരെയും കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഏഴ് മാസം മുന്‍പായിരുന്നു കേസിനാസ്‌പദമായ സംഭവം. നരേങ്കി സ്വദേശികളായ അമര്‍ജ്യോതി ദേ ഇയാളുടെ അമ്മ ശങ്കരി ദേ എന്നിവരാണ് കൊല്ലപ്പെട്ടത്.
പൊലീസിന്‍റെ അന്വേഷണം: ഇരുവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വന്ദന കലിത ഏഴ് മാസം മുന്‍പ് നൂന്‍മതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഈ പരാതിയില്‍ കേസെടുത്ത പൊലീസ് ഇവരെ കണ്ടുപിടിക്കുന്നതിനുള്ള അന്വേഷണവും ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ഭര്‍തൃ മാതാവ് ശങ്കരി ദേയുടെ സഹോദരന്‍ ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തെന്നാരോപിച്ച് മറ്റൊരു പരാതിയും വന്ദന പൊലീസിന് നല്‍കി.
ഈ കേസിന്‍റെ അന്വേഷണത്തില്‍ പണം നഷ്‌ടപ്പെട്ട അക്കൗണ്ടില്‍ നിന്നും വന്ദന കലിത എടിഎം ഉപയോഗിച്ച് അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചിരുന്നെന്ന വിവരം പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെ അമര്‍ജ്യോതി ദേ, ശങ്കരി ദേ എന്നിവരെ കാണാനില്ലെന്ന പരാതിയില്‍ വന്ദന അന്വേഷണസംഘത്തിന്‍റെ സംശയത്തിലായി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ മാസം ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഭര്‍ത്താവിനെയും, ഭര്‍തൃ മാതാവിനെയും കൊലപ്പെടുത്തിയ വിവരം വന്ദന പൊലീസിനോട് പറഞ്ഞത്. ഭര്‍തൃമാതാവ് ശങ്കരി ദേയെ അരൂപ് ദാസ് എന്ന യുവാവിന്‍റെ സഹായത്തോടെയാണ് കൊലചെയ്‌തതെന്ന് വന്ദന പൊലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന് ശേഷം ഇവരുടെ മൃതദേഹം കഷണങ്ങളാക്കി മൂന്ന് ദിവസം ഫ്രിഡ്‌ജില്‍ സൂക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് അമര്‍ജ്യോതിയെ വന്ദന കൊലപ്പെടുത്തിയത്.
ആണ്‍ സുഹൃത്തായ ധന്‍ജിത്ത് ദേകയുടെ സഹായത്തോടെയായിരുന്നു ഈ കൊലപാതകം. അമര്‍ജ്യോതിയെ കൊലപ്പെടുത്തിയ ശേഷം ഇയാളുടെ ശരീര ഭാഗങ്ങളും മുറിച്ച് പൊളിത്തീന്‍ കവറുകളില്‍ സൂക്ഷിച്ചു. തുടര്‍ന്ന് ധന്‍ജിത്തിന്‍റെ കാറില്‍ ശരീരാവശിഷ്‌ടങ്ങള്‍ മേഘാലയയിലെ ദൗക്കിലെത്തിച്ചു. തുടര്‍ന്ന് ഇവിടെ വെച്ച് മൂവരും ചേര്‍ന്ന് കൊല്ലപ്പെട്ട രണ്ട് പേരുടെയും മൃതദേഹാവശിഷ്‌ടങ്ങള്‍ റോഡരികില്‍ 60 അടി താഴ്‌ചയുള്ള സ്ഥലത്തേക്ക് ഉപേക്ഷിക്കുകയായിരുന്നുവെന്ന് വന്ദന പൊലീസിനോട് പറഞ്ഞു.
വന്ദനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അരൂപ് ദാസിനെയും ധന്‍ജിത് ദേക്കയേയും പൊലീസ് ശനിയാഴ്‌ച പിടികൂടി. തുടര്‍ന്ന് ഇന്നലെ രാവിലെ മൂവരെയും തെളിവെടുപ്പിനായി മേഘാലയയില്‍ എത്തിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ മൃതദേഹ അവശിഷ്‌ടങ്ങളും പൊലീസ് കണ്ടെത്തി.
സ്വത്ത് തര്‍ക്കവും, വിവാഹ മോചനവും സംബന്ധിച്ച തര്‍ക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. നിലവില്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ക്ക് കൊലപാതകത്തിന് കൂടുതല്‍ ആളുകളുടെ സഹായം ലഭിച്ചോ എന്നറിയാനുള്ള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.