അമരാവതി(ആന്ധ്രാപ്രദേശ്):ആന്ധ്രാപ്രദേശിലെ 50കാരന്‍റെ മരണം ഭാര്യയും സുഹൃത്തുക്കളും ചേർന്ന് നടത്തിയ കൊലപാതകമെന്ന് പൊലീസ്. സ്‌പെഷ്യൽ പോക്‌സോ കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറായ അക്‌ബർ അസം (50) ജൂൺ 23നാണ് മരിച്ചത്. അസമിന്‍റെ ഭാര്യയും രണ്ട് ആൺസുഹൃത്തുക്കളും പൊലീസ് പിടിയിലായി. ഭാര്യ അഹമ്മദുന്നിസ ബീഗം(36), ഭാര്യയുടെ സുഹൃത്തുക്കളായ രാജസ്ഥാൻ സ്വദേശി രാജേഷ് ജെയിൻ, മെഡിക്കൽ റെപ്രസെന്‍റേറ്റീവായ കിരൺ എന്നിവരാണ് പൊലീസ് പിടിയിലായത്.
ആന്ധ്രാപ്രദേശിലെ കാക്കിനാഡ നഗരത്തിലാണ് സംഭവം. ഭാര്യയുടെ പഴയ ഫോണിലെ വാട്‌സ്‌ആപ്പ് ചാറ്റിലൂടെയാണ് കൊലപാതക വിവരം പുറത്തായത്. അസമിന്‍റേത് സ്വാഭാവിക മരണമാണെന്ന് ഭാര്യ അഹമ്മദുന്നിസ ബീഗം ബന്ധുക്കളെ വിശ്വസിപ്പിക്കുകയായിരുന്നു.
15 വർഷം മുമ്പ് അസമിന്‍റെ ആദ്യ ഭാര്യ മരിച്ചതായി പോലീസ് പറഞ്ഞു. പിന്നീട് യാനം സ്വദേശിയായ അഹമ്മദുന്നിസ ബീഗത്തെ വിവാഹം കഴിച്ചു. മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് അസം ഭാര്യക്ക് ഒരു പുതിയ മൊബൈൽ ഫോൺ വാങ്ങുകയും, ഭാര്യയുടെ പഴയ ഫോൺ പിതാവിന് നൽകുകയും ചെയ്‌തിരുന്നു. തുടർന്ന്, അസമിന്‍റെ മരണശേഷം പിതാവ് ഫോൺ പരിശോധിക്കുകയും യുവാക്കളുമായി നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റ് കണ്ടെത്തുകയുമായിരുന്നു.