കഴിഞ്ഞ വര്‍ഷം ഹൂസ്റ്റണിലെ തന്‍റെ ഹൗഡി മോഡി എന്ന റാലിയിലേക്ക് യു എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ ക്ഷണിക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്ത തീരുമാനവും, അവിടെ അദ്ദേഹം അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍ (പ്രസിഡന്‍റ് ട്രംപിന് ഒരു അവസരം കൂടി!) എന്ന മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്‌തി രുന്നു. ഇത് ട്രംപിന്‍റെ ഡമോക്രാറ്റിക് എതിരാളി ജോ ബൈഡന്‍ അടുത്ത വര്‍ഷം ആദ്യം വൈറ്റ് ഹൗസില്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ ഇരുരാജ്യങ്ങളുടേയും ഉഭയകക്ഷി ബന്ധത്തെ ബാധിക്കാന്‍ പോകുന്നില്ലെന്ന് മൂന്ന് ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇ ടി വി ഭാരതിനോട് പറഞ്ഞു.
നിരവധി പ്രമുഖ യു എസ് വാര്‍ത്താ മാധ്യമങ്ങള്‍ ശനിയാഴ്‌ച തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതായി പ്രഖ്യാപിച്ചതോടു കൂടി ഹൗഡി മോഡി റാലിയില്‍ പ്രധാനമന്ത്രി അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയതിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ചില നേതാക്കള്‍ ഉയര്‍ത്തിയത്. ജോ ബൈഡന്‍റെ വിജയത്തോട് പ്രതികരിച്ചു കൊണ്ട് മുതിര്‍ന്ന ബിജെപി നേതാവായ രാം മാധവ് പ്രധാനമന്ത്രി മോദിയും പ്രസിഡന്‍റ് ട്രംപും തമ്മിലുണ്ടായിരുന്ന വളരെ അടുത്ത ബന്ധം ജോ ബൈഡനു കീഴില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കും എന്നുള്ള സംശയങ്ങളെ തള്ളി കളയുകയുണ്ടായി.
വൈറ്റ് ഹൗസില്‍ ഉണ്ടായിരിക്കുന്ന മാറ്റവുമായി സമരസപ്പെട്ടു പോകേണ്ട ലോക നേതാക്കന്മാരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമല്ല ഉള്ളത്. ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിന്‍ നതാന്യഹുവും ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ വോള്‍സൊനാരോവും മറ്റ് ചില യൂറോപ്യന്‍ നേതാക്കന്മാരും അടക്കമുള്ള മറ്റ് നിരവധി ലോക നേതാക്കന്മാര്‍ക്കും പുതിയ ഭരണകൂടത്തിന്‍റെ രീതികളുമായി തങ്ങളുടെ വിദേശ നയങ്ങളെ ക്രമീകരിച്ച് മുന്നോട്ട് പോകേണ്ടി വരും. എന്നാല്‍ യുഎസിനും ഇന്ത്യക്കും പരസ്പരം ഇരുകൂട്ടരേയും ആവശ്യമാണ് എന്നതിനാല്‍ ബൈഡനു കീഴില്‍ ഇന്ത്യ-യുഎസ് ബന്ധം അത്ര സുഖകരമായിരിക്കില്ല എന്നുള്ള സംശയങ്ങളെ തള്ളി കളയുകയാണ് നിരവധി ഉന്നത നയതന്ത്രജ്ഞരും വിദേശനയ വിദഗ്‌ധരും.
“ഇരു പക്ഷത്തും ഇക്കാര്യത്തില്‍ ഒരു അഭിപ്രായ സമന്വയമുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും ഡമോക്രാറ്റുകളും ഒരുപോലെ ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ കെട്ടിപടുക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്. അതിനാല്‍ ഇവിടെ ഇന്ത്യയില്‍ ഏത് സര്‍ക്കാര്‍ ആയാലും അതുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ ഇരുകൂട്ടരും തയ്യാറാകും,'' പ്രസിഡന്‍റ് ഒബാമയുടെ ഭരണകാലത്ത് യുഎസിലെ ഇന്ത്യയുടെ അംബാസിഡറായിരുന്ന മീര ശങ്കര്‍ പറയുന്നു.
ദക്ഷിണ ആഫ്രിക്ക, മെക്‌സിക്കോ, മ്യാന്മാര്‍, കെനിയ എന്നീ രാജ്യങ്ങളില്‍ ഇന്ത്യയുടെ ഉന്നത നയതന്ത്രജ്ഞനായി പ്രവര്‍ത്തിച്ചു പോന്ന അംബാസിഡര്‍ രാജീവ് ഭാട്ടിയ പറയുന്നത് പ്രധാനമന്ത്രി മോദിക്കും പ്രസിഡന്‍റ് ട്രംപിനും തമ്മിലുണ്ടായിരുന്ന വ്യക്തിപരമായ ബന്ധം പുതിയ ഭരണകൂടത്തിനു കീഴിലുള്ള ഉഭയകക്ഷി ബന്ധത്തെ യാതൊരു തരത്തിലും ബാധിക്കില്ല എന്നാണ്. കാരണം സമാനമായ താല്‍പ്പര്യങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി ബന്ധങ്ങളെ മുന്നോട്ട് കൊണ്ടു പോകും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം പ്രസിഡന്‍റ് ട്രംപുമായി മികച്ച ബന്ധം സ്ഥാപിച്ചെടുക്കേണ്ടത് വളരെ പ്രധാനമായിരുന്നു എന്നാണ് ഭാട്ടിയ പറയുന്നത്. കാരണം ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ബന്ധങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മാത്രമല്ല, ട്രംപുമായി നല്ലൊരു ബന്ധം ഉണ്ടാക്കി എടുക്കുവാനുള്ള മോദിയുടെ ശ്രമങ്ങള്‍ ഫലവത്താകുകയും ചെയ്‌തു. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി സംഘര്‍ഷമുണ്ടായപ്പോള്‍ അമേരിക്ക ഇന്ത്യയെ ഏറെ പിന്തുണച്ചു എന്നത് ഇത് വ്യക്തമാക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കരിയര്‍ ഡിപ്ലോമാറ്റും പ്രമുഖ വിദേശ കാര്യ വിദഗ്‌ധനുമായ അംബാസിഡര്‍ വിഷ്‌ണു പ്രകാശ് പറയുന്നത് ഒരു ബന്ധം കെട്ടിപടുത്ത് അത് നില നിര്‍ത്തുകയും അതിനെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്യേണ്ടത് ഇരു രാജ്യങ്ങളുടേയും താല്‍പ്പര്യമാണെന്നതിനാല്‍ അക്കാര്യത്തില്‍ നാം അനാവശ്യമായി ഉല്‍കണ്‌ഠ പ്പെടേണ്ടതില്ല എന്നാണ്. പ്രത്യേകിച്ച് അക്രമോത്സുകമായ ചൈനയില്‍ നിന്നും ഉള്ള സമാന ഭീഷണി നേരിടണം എന്നുള്ളതിനാല്‍ പ്രത്യേകിച്ചും.
ട്രംപിന്‍റെ വിശ്വാസം നേടിയെടുക്കുക എന്നുള്ളത് പ്രയാസകരമായിരുന്നു
മോദി സര്‍ക്കാര്‍ തുടക്കത്തില്‍ പ്രസിഡന്‍റ് ട്രംപിന്‍റെ വിശ്വാസം നേടിയെടുക്കുന്നതില്‍ പ്രയാസം നേരിട്ടു എന്ന് അംബാസിഡര്‍ മീരാ ശങ്കര്‍ പറയുന്നു. 2016 ജനുവരിയില്‍ ട്രംപ് അധികാരം ഏറ്റെടുക്കുമ്പോള്‍ പ്രധാനമന്ത്രി മോദി ട്രംപിന്‍റെ മുന്‍ഗാമി ബരാക് ഒബാമയുമായി വളരെ അടുത്ത ബന്ധം ഉള്ള നേതാവായാണ് കണക്കാക്കപ്പെട്ടിരുന്നത്. മോദിയുടെ ക്ഷണപ്രകാരം അന്നത്തെ യു എസ് പ്രസിഡന്‍റ് ബരാക് ഒബാമ 2015 ജനുവരിയിലെ റിപ്പബ്ലിക്ക് ദിന പരേഡ് വീക്ഷിക്കുവാനായി എത്തിച്ചേരുകയുണ്ടായി. റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ആദ്യ യുഎസ് പ്രസിഡന്റായിരുന്നു ബരാക് ഒബാമ.
“പ്രസിഡന്റ് ട്രംപിന്‍റെ തുടക്ക കാലങ്ങളിലേക്ക് ഒന്നു തിരിഞ്ഞു നോക്കിയാല്‍ അദ്ദേഹവുമായി ഒന്ന് അടുത്ത് കിട്ടാന്‍ അല്ലെങ്കില്‍ അദ്ദേഹവുമായി ഒരു കൂടികാഴ്‌ച കിട്ടാന്‍ അല്ലെങ്കില്‍ അദ്ദേഹത്തില്‍ നിന്നും ഒരു സന്ദര്‍ശന ക്ഷണം ലഭിക്കുവാന്‍ നമ്മള്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. അതിനു കാരണം പ്രധാനമന്ത്രി മോദി പ്രസിഡന്‍റ് ഒബാമയുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് എന്നാണ് ട്രംപ് കരുതിയിരുന്നത് എന്നതാണ്,'' മീരാ ശങ്കര്‍ ഇ ടി വി ഭാരതിനോട് പറഞ്ഞു.
ദക്ഷിണ കൊറിയയിലെ ഇന്ത്യയുടെ അംബാസിഡറും കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറും ആയിരുന്ന വിഷ്‌ണു പ്രകാശ് പറയുന്നത് ബൈഡനുമായി ഒരു ബന്ധം കെട്ടിപടുക്കുന്നതിനായി ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ തങ്ങളാലാവുന്നത്ര ഊര്‍ജ്ജവും ശ്രമവും എടുക്കും എന്നു തന്നെയാണ്. ട്രംപ് ഭരണകൂടവുമായി ഇത്തരം ഒരു ബന്ധം കെട്ടിപടുക്കുവാന്‍ മോദി സര്‍ക്കാര്‍ അത്തരത്തിലുള്ള ഒരു ശ്രമമാണ് നടത്തിയിരുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “അധികാരത്തിലിരിക്കുന്നത് ആരായാലും ശരി അവരുമായി ചേര്‍ന്ന് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുക എന്നതാണ് ലളിതമായ കാര്യം,'' വിഷ്‌ണു പ്രകാശ് ഇ ടി വി ഭാരതിനോട് പറഞ്ഞു.
ഡമോക്രാറ്റുകളുമായുള്ള പ്രയാസകരമായ ബന്ധങ്ങള്‍
പ്രധാനമന്ത്രിയുടെ ഹൂസ്റ്റണ്‍ റാലി മാത്രമല്ല, മോദി സര്‍ക്കാരിന് ഡമോക്രാറ്റുകളുമായുള്ള ബന്ധത്തില്‍ ഉണ്ടാകാന്‍ പോകുന്ന പ്രശ്‌നം. വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും, ഇന്ത്യന്‍ വംശജയായ ഡമോക്രാറ്റ് കോണ്‍ഗ്രസ് അംഗം പ്രമീള ജയ്‌പാലും മറ്റ് നിരവധി മുതിര്‍ന്ന ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കളുമൊക്കെ മോദി സര്‍ക്കാരിന്‍റെ മനുഷ്യാവകാശ ലംഘനങ്ങളെ ഏറെ വിമര്‍ശിച്ചവരാണ്. അതുപോലെ ഇന്ത്യന്‍ ഭരണഘടനക്ക് കീഴിലുള്ള പ്രത്യേക പദവി ജമ്മു കശ്‌മീരില്‍ റദ്ദാക്കിയതോടു കൂടി അവിടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളേയും ഡമോക്രാറ്റുകള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഇന്ത്യ-യു എസ് 2+2 മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ അമേരിക്കയില്‍ എത്തിയ വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ ഹൗസ് വിദേശ കാര്യ കമ്മിറ്റി അംഗങ്ങളുമായുള്ള ഒരു യോഗത്തില്‍ പങ്കെടുക്കുവാന്‍ വിസമ്മതിച്ചിരുന്നു. പ്രമീള ജയ്‌പാലിനെ ഈ യോഗത്തില്‍ നിന്നും ഒഴിവാക്കുവാന്‍ വിസമ്മതിച്ചതിനാലായിരുന്നു അദ്ദേഹം ഈ നിലപാട് എടുത്തത്. ഹൗസ് ഓഫ് റപ്രസെന്‍ററ്റേറ്റീവ്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍-അമേരിക്കന്‍ വനിതയായിരുന്നു ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന പ്രമീള ജയ്‌പാല്‍. പ്രത്യേക പദവി എടുത്തു കളഞ്ഞതോടു കൂടി ജമ്മു കശ്‌മീരില്‍ അടിച്ചേല്‍പ്പിച്ചിരുന്ന നിയന്ത്രണങ്ങള്‍ എടുത്തു കളയണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന ഇരു പക്ഷങ്ങളും ചേര്‍ന്ന് യുഎസ് കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച പ്രമേയത്തിന്‍റെ സഹ സ്‌പോണ്‍സറായിരുന്നു പ്രമീള ജയ്‌പാല്‍ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജയശങ്കര്‍ ആ യോഗത്തില്‍ പങ്കെടുക്കുവാന്‍ വിസമ്മതിച്ചത്.