ഹരിദ്വാര്‍: കൊവിഡ് മഹാമാരി വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ കുംഭമേള നിര്‍ത്താന്‍ സമ്മര്‍ദ്ദമേറുന്നു. 11 വർഷങ്ങൾക്ക് ശേഷം നടത്തുന്ന കുംഭമേള പര്യവസാനിപ്പിക്കാൻ നാനാ കോണുകളില്‍ നിന്നും ആവശ്യമുയരുകയാണ്. ചടങ്ങുകള്‍ പ്രതീകാത്മകമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ഥിച്ചിരുന്നു. കുംഭമേള നിര്‍ത്തുകയാണെങ്കില്‍ 83 വർഷങ്ങൾക്ക് ശേഷം ഇതാദ്യമാണ്. കുംഭമേളയുടെ കാലാവധി അഞ്ച് മാസത്തില്‍ നിന്നും ഒരു മാസമാക്കി ചുരുക്കിയിരുന്നു. എന്നാല്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത് കുംഭമേള ഏപ്രില്‍ 30 വരെ തുടരുമെന്നാണ് അറിയിച്ചത്.
കുംഭമേള സമയപരിധിക്ക് മുന്‍പ് തന്നെ അവസാനിപ്പിക്കുമോ?
ഉത്തരാഖണ്ഡില്‍ നിലവിൽ കൊവിഡ് സാഹചര്യം മോശമാകുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വലിയ തീരുമാനങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ദിനംപ്രതി കൊവിഡ് കേസുകൾ വർധിക്കുകയാണ്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി സംസ്ഥാനത്ത് 8765 പേര്‍ക്ക് കൊവിഡ്-19 ബാധിക്കുകയും 50 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്‌തു.
കഴിഞ്ഞ അഞ്ച് ദിവസത്തെ കൊവിഡ് കണക്കുകൾ
* ഏപ്രില്‍ 11: പുതിയ കേസുകള്‍ 1333, മരണം 8
* ഏപ്രില്‍ 12: പുതിയ കേസുകള്‍ 1334, മരണം 7
* ഏപ്രില്‍ 13: പുതിയ കേസുകള്‍ 1925, മരണം 13
* ഏപ്രില്‍ 14: പുതിയ കേസുകള്‍ 1953, മരണം 13
* ഏപ്രില്‍ 15: പുതിയ കേസുകള്‍ 2220, മരണം 9
സന്യാസിമാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം കൂടുന്നു
ഹരിദ്വാറിലെ കുംഭമേള നടക്കുന്ന നഗരത്തില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 2526 പേര്‍ക്ക് കൊവിഡ് ബാധിച്ചു. സന്യാസിമാരുടെ ആചാര പ്രകാരമുള്ള സ്‌നാനത്തിന് ശേഷം കേസുകള്‍ ഗണ്യമായി രീതിയിൽ വർധിക്കുകയാണ്. അഘാരയിലെ 17 സന്യാസിമാർക്കും നിരഞ്ജനി അഘാര സെക്രട്ടറി മഹന്ത് രവീന്ദ്ര പുരിക്കും ഇതിനകം തന്നെ കൊവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു.
അഘാര പരിഷത്ത് പ്രസിഡന്‍റ് മഹന്ത് നരേന്ദ്ര ഗിരി ഏപ്രിൽ 11 മുതൽ അനാരോഗ്യത്തിലാണ്. വിവിധ അഘാരയിലെ സന്യസിമാർക്കും രോഗബാധയുള്ളതായി സംശയമുണ്ട്. ഇതുവരെയുള്ള കണക്ക് പ്രകാരം 60 സന്യാസിമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ച സന്യാസിമാരുടെ വിവരങ്ങള്‍
* ഏപ്രില്‍ 16: നിരഞ്ജനി അഘാര സെക്രട്ടറി രവീന്ദ്ര പുരി അടക്കമുള്ള 17 സന്യാസിമാര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
* ഏപ്രില്‍ 15: ഒമ്പത് സന്യാസിമാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജുന അഘാരയിലെ നാല് പേർക്കും അഹുവാന്‍ അഘാരയിലെ രണ്ട് പേർക്കും നിരഞ്ജനി അഘാരയിലെ നാല് പേർക്കുമാണ് കൊവിഡ് ബാധ.
* ഏപ്രില്‍ 14: കൊവിഡ് ബാധ സംശയിച്ച് 31308 ആളുകളെ പരിശോധനക്ക് വിധേയമാക്കുന്നു. ജുന അഘാരയില്‍ നാല് സന്യാസിമാർക്കും അഗ്നി, മഹാ നിര്‍വാണി, ദിഗംബര്‍, അനി തുടങ്ങിയ അഘാരയിൽ നിന്നുള്ള ഓരോ സന്യാസിമാർക്കും ആനന്ദ് അഘാരയില്‍ നിന്നുള്ള ഒരു സന്യാസിക്കും രോഗം സ്ഥിരീകരിച്ചു.
* ഏപ്രില്‍ 13: 29825 പേരെ പരിശോധനകള്‍ നടത്തിയതില്‍ ജുനാ അഘാരയില്‍ നിന്നുള്ള അഞ്ച് സന്യാസിമാര്‍ക്കും നിരഞ്ജനി അഘാരയില്‍ നിന്നുള്ള മൂന്ന് സന്യാസിമാര്‍ക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തി.
* ഏപ്രില്‍ 12: 26694 പരിശോധനകള്‍ നടത്തിയതിൽ ആറ് സന്യാസിമാര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
* ഏപ്രില്‍ 11: 23394 കൊവിഡ് പരിശോധനകള്‍ നടത്തിയതിൽ ജുന അഘാരയില്‍ നിന്നുള്ള രണ്ട് സന്യാസിമാര്‍ക്കും നിരഞ്ജനി അഘാരയില്‍ നിന്നുള്ള ഒരു സന്യാസിക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തി.
* ഏപ്രില്‍ 3: കൃഷ്ണ ധാമില്‍ നിന്നുള്ള ഏഴ് സന്യാസിമാര്‍ക്ക് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു.
മഹാമണ്ഡലേശ്വറിന്‍റെ മരണത്തോടെ സന്യാസി സമൂഹം ഭീതിയില്‍
മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസിന്‍റെ മരണത്തോടുകൂടി ഹരിദ്വാറിലെ സന്യാസി സമൂഹം കടുത്ത ഭീതിയിലും മാനസികാഘാതത്തിലും അകപ്പെട്ടിരിക്കുകയാണ്. പെട്ടെന്നുണ്ടായ മരണത്തിന് ശേഷം പഞ്ചായത്തി അഘാരയുടെ ശ്രീ നിരഞ്ജനയും ആനന്ദ് അഘാരയിലെ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും സന്യാസിമാര്‍ക്കും നിരഞ്ജനി അഘാരയിലെ സന്യാസിമാര്‍ക്കും വേണ്ടി തയ്യാറാക്കിയ താല്‍ക്കാലിക ക്രമീകരണങ്ങളെല്ലാം തന്നെ ഏപ്രില്‍ 17ഓടുകൂടി നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
കൊവിഡ് കേസുകൾ ദിനം പ്രതി വർധിക്കുകയാണ്. സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ മാർഗനിർദേശങ്ങൾ പാലിക്കണം. ഏപ്രിൽ 17ന് ശേഷം അഘാരയിൽ ഇവന്‍റുകളൊന്നും നടക്കില്ലെന്നും നിരഞ്ജനി അഘാരയിലെ മഹാമണ്ഡലേശ്വര്‍ കൈലാസാനന്ദ് ഗിരി പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന സന്യാസിമാർ സംസ്ഥാനങ്ങളിലേക്ക് തിരികെ പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 17 ന് ശേഷം അവരുടെ അഘാരകളില്‍ വലിയ സംഭവങ്ങളൊന്നും ഉണ്ടാകില്ല. പുറത്തുനിന്ന് വന്ന വിശുദ്ധന്മാർ തിരിച്ചുപോകുകയും ഹരിദ്വാറിലെ വിശുദ്ധന്മാർ തങ്ങളുടെ ആഘാരകളിലേക്ക് മടങ്ങുകയും ചെയ്യും. വർദ്ധിച്ചുവരുന്ന കേസുകൾ കാരണം സ്ഥിതിഗതികൾ ഇപ്പോൾ അനുകൂലമല്ല.
അതേ സമയം നിരഞ്ജനി അഘാരയുടെ സെക്രട്ടറി മഹന്ത് രവീന്ദ്ര പുരി ഇങ്ങനെ പറഞ്ഞു, “ഹരിദ്വാറില്‍ കൊറോണ വൈറസ് മഹാമാരി കുറയുന്ന യാതൊരു ലക്ഷണവും ഇല്ലാത്തതിനാല്‍ കുംഭമേള അവസാനിപ്പിക്കുവാനുള്ള തീരുമാനമെടുത്തിരിക്കുന്നു നിരഞ്ജനി അഘാര. കേസുകള്‍ നിരന്തരം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇക്കാരണത്താല്‍ ഏപ്രില്‍ 27ന് ഈ അഘാരയില്‍ നിന്നും 15 മുതല്‍ 20 സന്യാസിമാര്‍ മാത്രമേ ആചാരപ്രകാരമുള്ള വിശുദ്ധ സ്‌നാനം നടത്തുകയുള്ളൂ. എല്ലാ സന്യാസിമാരോടും ഭക്തരോടും ഹരിദ്വാര്‍ വിട്ടു പോകാനും വീടുകളിലേക്ക് മടങ്ങാനും ഇതിനാല്‍ അഭ്യര്‍ഥിക്കുന്നു.''
കുംഭമേള അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അഘാരകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം
അതേസമയം തന്നെ നിരഞ്ജനി അഘാരയുടെ പേരില്‍ കുംഭമേള അവസാനിപ്പിച്ചു കൊണ്ടുണ്ടായ പ്രഖ്യാപനത്തില്‍ അസംതൃപ്തരാണ് ബൈരാഗി സന്യാസിമാര്‍. നിരഞ്ജനി, ആനന്ദ് അഘാരകളിലെ സന്യാസിമാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് നിരവാണി, ദിഗംബര്‍ അഘാരകളിലെ സന്യാസിമാര്‍. സംസ്ഥാന മുഖ്യമന്ത്രിക്കും മേള അധികൃതര്‍ക്കും മാത്രമാണ് മേള സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുവാനുള്ള അധികാരം എന്നാണ് അവര്‍ പറയുന്നത്.
അതേ സമയം തന്നെ അഘാരകള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ആവശ്യമാണെന്ന് ബാര ഉദാസീന്‍ അഘാരയില്‍ നിന്നുള്ളവര്‍ ആവശ്യപ്പെടുന്നു. ഈ അഘാരയിലെ മഹന്ത് മഹേശ്വര്‍ ദാസ് പറയുന്നത് ഏപ്രില്‍ 17ന് മേള അവസാനിപ്പിക്കാന്‍ എടുത്ത തീരുമാനം നിലനില്‍ക്കുന്നതല്ലെന്നും ആരോടും ആലോചിക്കാതെയാണ് തീരുമാനമെന്നുമാണ്.
കുംഭമേള അവസാനിപ്പിക്കാനുള്ള പ്രഖ്യാപനത്തെ ജഗദ്ഗുരു ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതിയും എതിര്‍ത്തു. ഇടിവി ഭാരതുമായി നടത്തിയ സംഭാഷണത്തില്‍ സ്വരൂപാനന്ദ സരസ്വതിയുടെ ശിഷ്യന്മാരിലൊരാളായ അവിമുക്തേശ്വരാനന്ദ ഇങ്ങനെ പറഞ്ഞു: “കുംഭമേള ഏതെങ്കിലും ഒരു വ്യക്തിയുടെ സ്വന്തമല്ല. അത് എല്ലാവരുടേതുമാണ്. എല്ലാവര്‍ക്കും മേല്‍ തങ്ങളുടെ തീരുമാനം അടിച്ചേല്‍പ്പിക്കുവാന്‍ ആര്‍ക്കും അവകാശമില്ല. കുംഭമേളക്ക് ഒരു കാലാവധിയുണ്ട്. അത് പാലിച്ചേ തീരൂ. ഗ്രഹനിലകളുടെ അടിസ്ഥാനത്തിലാണ് കുംഭമേള ആരംഭിക്കുന്നതും അവസാനിക്കുന്നതും. കുംഭമേള അവസാനിക്കുന്നതുവരെ ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി മഹാരാജ് ഹരിദ്വാറില്‍ തന്നെ തുടരും. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ തന്‍റെ പ്രധാനപ്പെട്ട പരിപാടികള്‍ റദ്ദാക്കുക മാത്രമാണ് അദ്ദേഹം ചെയ്‌തിട്ടുള്ളത്. മറ്റ് പരിപാടികള്‍ എല്ലാം തന്നെ അദ്ദേഹത്തിന്‍റെ യജ്ഞ വേദിയില്‍ തുടരുന്നതാണ്.''
അതേസമയം ശ്രീ നിരഞ്ജനി, ആനന്ദ് അഘാരകളെ ഒന്നു കളിയാക്കി കൊണ്ട് അവി മുക്തേശ്വരാനന്ദ ഇങ്ങനെ പറഞ്ഞു: “കൊറോണ വൈറസ് രാജ്യത്തുടനീളമുണ്ട്. സന്യാസിമാരും മറ്റും ഹരിദ്വാര്‍ വിട്ടു പോയാല്‍ വൈറസ് മറ്റിടങ്ങളിലേക്കും പടരുകയില്ലേ? അണുബാധ പടര്‍ന്നു പിടിക്കുന്നത് ഒഴിവാക്കുന്നതിനായി ഒരിടത്ത് തന്നെ താമസിച്ചു കൊണ്ട് സര്‍ക്കാരിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതല്ലേ നല്ലത്?''
എന്നാല്‍ ജുന അഘാര കുംഭമേള അവസാനിപ്പിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങളൊന്നും തന്നെ ഇതുവരെ എടുത്തിട്ടില്ല. ജുന അഘാരയിലെ സന്യാസിമാര്‍ കൊവിഡ് പരിശോധന റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. അതിനുശേഷം അവര്‍ ഒരു യോഗം ചേര്‍ന്ന് കുംഭമേള തുടരണമോ വേണ്ടയോ എന്ന് തീരുമാനം എടുക്കും.
കഴിഞ്ഞ അഞ്ച് ദിവസങ്ങളിലെ ഹരിദ്വാറില്‍ നിന്നുള്ള വിവരങ്ങള്‍
* ഏപ്രില്‍ 11: പുതിയ കേസുകള്‍-386 മരണം-0
* ഏപ്രില്‍ 12: പുതിയ കേസുകള്‍-408 മരണം-2
* ഏപ്രില്‍ 13: പുതിയ കേസുകള്‍-594 മരണം-1
* ഏപ്രില്‍ 14: പുതിയ കേസുകള്‍-525 മരണം-2
* ഏപ്രില്‍ 15: പുതിയ കേസുകള്‍-613 മരണം-1
തുടക്കത്തില്‍ തന്നെ അഭ്യര്‍ത്ഥനകള്‍ നടത്തിയിരുന്നു
മേള വേണ്ടെന്ന് വെക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ തുടക്കത്തില്‍ തന്നെ അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും കൊവിഡുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാം പാലിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വിശുദ്ധ സ്‌നാനത്തെ സംബന്ധിച്ച് കുംഭമേള ഐ ജി സഞ്ജയ് ഗുഞ്ജ്യാല്‍ ഇങ്ങനെ പറഞ്ഞപ്പോഴാണ് സത്യം പുറത്ത് വന്നത്. കൊറോണ വൈറസ് പടരുന്നത് തടയുന്നതിനു വേണ്ടി നിബന്ധനകള്‍ പാലിക്കണമെന്ന് ഞങ്ങള്‍ നിരന്തരം ജനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍ ഇവിടെ നല്ല തിരക്കാണുള്ളത്. നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് പിഴ ചുമത്തുന്നത് അസാധ്യമായ കാര്യമാണ്. സ്‌നാന ഘട്ടങ്ങളില്‍ സാമൂഹിക അകലം പാലിക്കാന്‍ ജനങ്ങളെ പൊലീസ് നിര്‍ബന്ധിച്ചാല്‍ തിക്കും തിരക്കും പോലുള്ള അപകടകരമായ സ്ഥിതി വിശേഷം ഒരുപക്ഷെ ഇവിടെ ഉയര്‍ന്നു വന്നേക്കാം.
വെള്ളത്തിലൂടേയും ഈര്‍പ്പത്തിലൂടേയുമാണ് കൊറോണ വൈറസ് പടരുവാനുള്ള അപകട സാധ്യത കൂടുതലുള്ളത് എന്നാണ് ശാസ്ത്രജ്ഞരും വിദഗ്‌ധരും പറയുന്നത്. ഉണങ്ങിയ പ്രതലങ്ങളേക്കാള്‍ ഇത് കൂടുതലാണ്. കാരണം ഈര്‍പ്പമുള്ള പ്രതലങ്ങളില്‍ വൈറസിന് കൂടുതല്‍ കാലത്തേക്ക് നിലനില്‍ക്കുവാന്‍ കഴിയും.
കൊവിഡ് പടര്‍ന്ന് പിടിക്കുവാനുള്ള സാധ്യത പല മടങ്ങ് വര്‍ധിപ്പിച്ചിരിക്കുന്നു കുംഭമേള. വെള്ളത്തില്‍ വൈറസ് കൂടുതല്‍ സമയം സജീവമായി നിലനില്‍ക്കും. സാധാരണ പ്രതലത്തില്‍ അതിന്‍റെ നിലനില്‍പ്പ് താപനിലയേയും അന്തരീക്ഷത്തിലെ ഈര്‍പ്പത്തേയും അടിസ്ഥാനമാക്കി നിലകൊള്ളുന്നു. 58 മുതല്‍ 60 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കൊറോണ വൈറസിന് പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂ. എന്നാല്‍ തണുപ്പാകുമ്പോള്‍ അത് അതിന്‍റെ നിലനില്‍പ്പിന്‍റെ കാലാവധി വര്‍ധിപ്പിക്കും. ഗംഗയിലെ വെള്ളത്തിന് നല്ല തണുപ്പാണ്. അതിനാല്‍ ഇവിടെ വരുന്നവര്‍ക്ക് രോഗം ബാധിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്,'' ഗുഞ്ജ്യാല്‍ പറയുന്നു.
“ഇതിനുപുറമെ ഗംഗയില്‍ കുളിക്കുമ്പോള്‍ തുപ്പുകയും ചുമയ്ക്കുകയും ഒക്കെ ചെയ്യുന്നത് വൈറസ് പടര്‍ന്നു പിടിക്കുന്നതിനുള്ള അപകട സാധ്യത വര്‍ധിപ്പിക്കുന്നു. വെള്ളത്തില്‍ 28 ദിവസം വരെ വൈറസ് നിലനില്‍ക്കും.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുരുകുല്‍ കാംഗ്രി സര്‍വകലാശാലയിലെ മൈക്രോബയോളജി വകുപ്പ് മേധാവിയായ രമേശ് ചന്ദ്ര ദുബെ പറയുന്നു: “ഇപ്പോള്‍ നമ്മള്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്ന രണ്ടാം തരംഗം ഈ വിശുദ്ധ ആഘോഷങ്ങൾ മൂലമുള്ളതാണ്. കാരണം ഹോളി പോലുള്ള ആഘോഷ വേളകളില്‍ ആളുകള്‍ മതിയായ മുന്‍ കരുതല്‍ എടുക്കില്ല. കുംഭമേള സൃഷ്ടിക്കാന്‍ പോകുന്ന ആഘാതം 10-15 ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമേ അറിയുവാന്‍ കഴിയുകയുള്ളൂ.''
ഡ്യൂട്ടിയിലുള്ള പൊലീസുകാരും ഭീഷണി നേരിടുന്നു
മഹാകുംഭമേളയില്‍ ഓരോ മഹാ സ്‌നാനവും കഴിയുമ്പോള്‍ 10000 പൊലീസുകാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. 33 പൊലീസുകാര്‍ കൊവിഡ് ബാധിതരായി ഈ പരിശോധനയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. കുംഭമേള ഇപ്പോള്‍ വെറുമൊരു ചടങ്ങായി മാറി കഴിഞ്ഞു എന്നാണ് ഡിജിപി അശോക് കുമാര്‍ പറയുന്നത്. ഏപ്രില്‍ 27ന് നടക്കാന്‍ പോകുന്ന രാജകീയ സ്‌നാനത്തില്‍ എല്ലാ അഘാരകളും പങ്കെടുക്കുന്നില്ല. അതുകൊണ്ടു തന്നെ സേവനത്തിന് നിയോഗിച്ചിട്ടുള്ള 50 ശതമാനം പൊലീസുകാരേയും പിന്‍വലിച്ചിട്ടുണ്ട്.
“സംസ്ഥാന തലത്തില്‍ ഏപ്രില്‍ 30 വരെ കുംഭമേള നടക്കുമെന്ന് ഒരു വ്യക്തമായ വിജ്ഞാപനമുണ്ട്. ഏപ്രില്‍ 30 വരെ ഞങ്ങള്‍ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. വ്യത്യസ്തമായ ഒരു നിര സാധാരണ പ്രവര്‍ത്തന പ്രക്രിയകളിലൂടെ കുംഭമേള എങ്ങനെ നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരാണ് തീരുമാനിച്ചിട്ടുള്ളത്. അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നു ഞങ്ങള്‍. മേള സംബന്ധിച്ച് ആരെങ്കിലും എന്തെങ്കിലും തീരുമാനം എടുത്തുട്ടുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. ഞങ്ങള്‍ ഏപ്രില്‍ 30 വരെ മേളയുടെ സേവനത്തിനായി ഇവിടെ ഉണ്ടാകും.'' ഗുഞ്ജ്യാല്‍ പറഞ്ഞു.
11വര്‍ഷത്തിന് ശേഷമാണ് കുംഭമേള നടക്കുന്നത്
സാധാരണ 12 വര്‍ഷത്തിനു ശേഷമാണ് കുംഭമേളകള്‍ നടക്കാറുള്ളത്. ഇതാദ്യമായാണ് 11വര്‍ഷത്തിനു ശേഷം നടക്കുന്നത്. ഗ്രഹങ്ങളുടെ സഞ്ചാരത്തിനനുസരിച്ച് 2022ലാണ് ഈ കുംഭമേള നടത്തുവാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും ഈ വര്‍ഷം ഏപ്രിലിലാണ് ഈ വിശുദ്ധ സമ്മേളനം സംഘടിപ്പിക്കുവാനുള്ള ഏറ്റവും ശുഭകരമായ മുഹൂര്‍ത്തം എന്ന് കണ്ടെത്തുകയായിരുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടിന് ശേഷം ഇതാദ്യമായാണ് ഇത്തരം ഒരു യാദൃശ്ചികത സംഭവിക്കുന്നത് എന്നതാണ് ഈ മേളയുടെ പ്രത്യേകത.
എന്താണ് ഈ കുംഭമേള?
സമുദ്രത്തിന്‍റെ കടയലുമായി ബന്ധപ്പെട്ടുള്ളതാണ് കുംഭമേളയുടെ ഐതിഹ്യം. ദേവതകളും ദുര്‍ദേവതകളും സമുദ്രം കടയുമ്പോള്‍ അമൃതിനോടൊപ്പം വിഷവും അതില്‍ നിന്ന് പുറത്ത് വന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രപഞ്ചത്തിന്‍റെ നന്മക്ക് വേണ്ടി ശിവന്‍ വിഷം കുടിച്ചു. എന്നാല്‍ അമൃതിനു വേണ്ടി ദേവതകളും ദുര്‍ദേവതകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. സമുദ്രത്തില്‍ നിന്നും അമൃതകുംഭം എടുത്ത ധന്വന്തരി അതുമായി ആകാശത്തേക്ക് കുതിക്കുകയും ദുര്‍ദേവതകള്‍ക്ക് ധന്വന്തരിയില്‍ നിന്നും അമൃത് പിടിച്ചെടുക്കുവാന്‍ കഴിയാതെ വരുകയും ചെയ്‌തു.
ഈ സമയത്ത് പ്രയാഗ്, ഹരിദ്വാര്‍, നാസിക്, ഉജൈജയ്ന്‍ എന്നിവിടങ്ങളില്‍ അമൃതിന്‍റെ തുള്ളികള്‍ ഭൂമിയില്‍ പതിച്ചെന്നുമാണ് ഐതിഹ്യം. അമൃതിന്‍റെ തുള്ളികള്‍ ഇങ്ങനെ പതിച്ച ഈ നാലിടങ്ങളിലാണ് കുംഭമേളകള്‍ സംഘടിപ്പിക്കാറുള്ളത്. ദേവതകളും ദുര്‍ദേവതകളും തമ്മിലുള്ള ഈ പോരാട്ടം 12 വര്‍ഷം തുടര്‍ന്നുവെന്നാണ് വിശ്വാസം. ദേവതകളുടെ ഒരു ദിവസമെന്നത് ഒരു വര്‍ഷത്തിന് തുല്യമാണ് എന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ കുംഭമേള ഓരോ 12 വര്‍ഷം കൂടുമ്പോഴും ആചരിക്കുന്നു.