കേരളം

kerala

ETV Bharat / bharat

'നെഹ്‌റുവിനെ ഇങ്ങനെ വെറുക്കുന്നതെന്തിന്' ; കേന്ദ്രത്തോട് ശിവസേന

'സ്വാതന്ത്ര്യ സമരത്തിലും ഇന്ത്യൻ ചരിത്രം കെട്ടിപ്പടുക്കുന്നതിലും ഒരു പങ്കുമില്ലാത്തവരാണ് സ്വാതന്ത്ര്യ സമര നായകരെ ഒഴിവാക്കുന്നത്'

Why do you hate Nehru so much? Sanjay Raut asks Centre  Sanjay Raut  ശിവസേന  സാമന  സഞ്ജയ് റാവത്ത്  ശിവസേന എംപി സഞ്ജയ് റാവത്ത്
ശിവസേനയുടെ മുഖപത്രത്തിൽ കേന്ദ്രത്തിന് വിമർശനം

By

Published : Sep 5, 2021, 1:30 PM IST

മുംബൈ : 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഐസിഎച്ച്‌ആര്‍ പുറത്തിറക്കിയ പോസ്റ്ററിൽ നിന്ന് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ ചിത്രം ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് ശിവസേന എംപി സഞ്ജയ് റാവത്ത്. നടപടി കേന്ദ്രത്തിന്‍റെ സങ്കുചിത മനോഭാവത്തിന്‍റെ തെളിവാണെന്ന് പറഞ്ഞ സഞ്ജയ് റാവത്ത് കേന്ദ്രം എന്തുകൊണ്ടാണ് നെഹ്‌റുവിനെ ഇത്രയധികം വെറുക്കുന്നതെന്നും ചോദിച്ചു.

ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ പ്രതിവാര കോളമായ റോഖ്തോക്കിലാണ് കേന്ദ്രത്തിനെതിരായ വിമർശനം. നെഹ്‌റുവിന്‍റെയും മൗലാനാ അബുൾ കലാം ആസാദിന്‍റെയും ചിത്രങ്ങൾ പോസ്റ്ററിൽ നിന്ന് നീക്കം ചെയ്യാനുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്‍റെ (ഐസിഎച്ച്ആർ) തീരുമാനം രാഷ്ട്രീയ പകപോക്കൽ ആണെന്ന് റാവത്ത് ആരോപിക്കുന്നു.

'നെഹ്‌റുവിന്‍റെ സംഭാവനകളെ നിഷേധിക്കാനാകില്ല'

സ്വാതന്ത്ര്യ സമരത്തിലും ഇന്ത്യൻ ചരിത്രം കെട്ടിപ്പടുക്കുന്നതിലും ഒരു പങ്കുമില്ലാത്തവരാണ് സ്വാതന്ത്ര്യ സമര നായകരെ മാറ്റി നിർത്തുന്നത്. സ്വാതന്ത്ര്യാനന്തരമുള്ള നെഹ്‌റുവിന്‍റെ നയങ്ങളിൽ ഒരാൾക്ക് അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നാൽ സ്വാതന്ത്ര്യ സമരത്തിലെ അദ്ദേഹത്തിന്‍റെ സംഭാവനയോട് ആർക്കും മുഖം തിരിക്കാനാകില്ലെന്നും സാമ്നയുടെ എക്സിക്യുട്ടീവ് എഡിറ്റർ കൂടിയായ റാവത്ത് കുറിച്ചു.

നെഹ്‌റുവിനെ ഇത്രത്തോളം വെറുക്കാൻ കാരണമെന്തെന്ന് അദ്ദേഹം ചോദിക്കുന്നു. വാസ്തവത്തിൽ നെഹ്‌റു നിർമിച്ച സ്ഥാപനങ്ങളാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ വിറ്റഴിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണമാണ് രാജ്യത്തെ സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷിച്ചതെന്നും റാവത്ത് അഭിപ്രായപ്പെട്ടു.

'സ്റ്റാലിന് രാഷ്ട്രീയ പക്വത കാണിക്കാമെങ്കിൽ കേന്ദ്രത്തിന് എന്തുകൊണ്ട് കഴിയുന്നില്ല'

തമിഴ്‌നാട്ടിലെ കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന സ്കൂൾ ബാഗുകളിൽ നിന്ന് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും ഇ.കെ പളനിസ്വാമിയുടെയും ചിത്രങ്ങൾ നീക്കം ചെയ്യരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടുത്തിടെ തീരുമാനമെടുത്തിരുന്നു. സ്റ്റാലിന് രാഷ്ട്രീയ പക്വത കാണിക്കാൻ കഴിയുമെങ്കിൽ എന്തിനാണ് നിങ്ങൾ നെഹ്‌റുവിനെ ഇത്രത്തോളം വെറുക്കുന്നതെന്ന് റാവത്ത് ചോദിക്കുന്നു. രാജ്യത്തിന് ഉത്തരം നൽകേണ്ട ബാധ്യത ബിജെപിക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടും പാർട്ടി നേതാക്കളായ രാഹുൽ ഗാന്ധിയോടുമുള്ള മോദി സർക്കാരിന്‍റെ വിദ്വേഷം മനസിലാക്കാം. രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡിന്‍റെ പേര് മാറ്റിയാണ് കേന്ദ്രം വിദ്വേഷം പ്രകടമാക്കിയത്. രാഷ്ട്ര നിർമാണത്തിലെ നെഹ്‌റുവിന്‍റെ സംഭാവനകൾ നിഷേധിക്കുന്നവർ ചരിത്രത്തിലെ വില്ലന്മാരാണെന്നും റാവത്ത് കൂട്ടിച്ചേർത്തു.

Also Read: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലായിരുന്ന 12 കാരന്‍ മരിച്ചു

ABOUT THE AUTHOR

...view details