ലോകത്തിലെ ഏതൊരു സൈനികനും പ്രിയപ്പെട്ട ആയുധമാണ് എകെ 47 (AK 47). 100 ലധികം രാജ്യങ്ങളാണ് എകെ 47 ഉപയോഗിക്കുന്നത്. സൈനികർക്കിടയിൽ മാത്രമല്ല, തോക്ക് പിടിക്കാൻ പോലും അറിയാത്ത സാധാരണക്കാർക്കിടയിലും ഈ പേര് സുപരിചിതമാണ്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ തിരിച്ചറിയപ്പെട്ട റൈഫിൾ....
റഷ്യൻ സൈനികനായ സീനിയർ സർജന്‍റ് മിഖായേൽ കലാഷ്‌നിക്കോവാണ് ( Mikhael Kalashnikov) എ കെ 47 കണ്ടുപിടിച്ചത്. ടിങ്കററായിരുന്ന മിഖായേൽ പിന്നീട് റെഡ് ആർമിയിൽ ടാങ്ക് കമാൻഡറായി. ഇതിനിടയിൽ രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമ്മൻ ആയുധങ്ങളെ നേരിടാൻ റഷ്യയുടെ കയ്യിലുള്ള ആയുധങ്ങൾ പോരെന്ന അദ്ദേഹത്തിന്‍റെ തോന്നലാണ് എകെ 47ന്‍റെ വരവിന് കാരണം.
മികച്ച പുതിയ ആയുധങ്ങൾ രൂപകൽപന ചെയ്യാൻ കഴിവുള്ള യുവാക്കളെ റഷ്യൻ സൈന്യം സ്വാഗതം ചെയ്‌ത കാലം. 1947 ൽ മിഖായേൽ എകെ 47 ഡിസൈൻ ചെയ്‌തു. 1949 ൽ റഷ്യൻ സായുധ സേനയുടെ സ്റ്റാൻഡേർഡ് ഇഷ്യൂ ആക്രമണ റൈഫിളായി (standard issue assault rifle for Russian armed forces) അംഗീകരിക്കപ്പെട്ടു. പിന്നാലെ ലോകമെമ്പാടും 106 രാജ്യങ്ങളിലായി (ഔദ്യോഗികമായി 55) 100 മില്യൺ സൈനികർ ഉപയോഗിക്കുന്ന ആയുധമായി എകെ 47 മാറി.
കൈകാര്യം ചെയ്യാൻ എളുപ്പം (Simplicity) : എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന റൈഫിളാണ് എകെ 47. സങ്കീർണത കുറവായതുകൊണ്ട് ഫീൽഡിൽ വച്ച് തന്നെ എളുപ്പത്തിൽ അഴിച്ചുപണി നടത്താനാകും. എല്ലാ കാലാവസ്ഥയിലും പ്രവർത്തിപ്പിക്കാവുന്ന ആയുധമാണ്. ഇതിലുള്ള ഇഷ് ലിവർ ചലിപ്പിച്ച് 'സേഫ്' മോഡിൽ നിന്ന് 'ഫയർ' മോഡിലേക്കോ 'ഓട്ടോ' മോഡിലേയ്‌ക്കോ മാറ്റാനാകും. 50 മുതൽ 400 മീറ്റർ വരെ ദൂരത്തിലുള്ള ശത്രുക്കളെ നേരിടാൻ എകെ 47 കൊണ്ട് കഴിയും.