ജനീവ : ഡെൽറ്റ വകഭേദം ലോകത്ത് ശക്തിപ്രാപിക്കുന്നതിനിടെ കൊവിഡ് മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മൂന്നാം തരംഗത്തിന്‍റെ ആരംഭ ഘട്ടത്തിലാണ് നാമെന്നും എല്ലാ രാജ്യങ്ങളും ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകി.
നിർഭാഗ്യവശാൽ നമ്മൾ ഇപ്പോൾ ഒരു മൂന്നാം തരംഗത്തിന്‍റെ പ്രാരംഭ ഘട്ടത്തിലാണ് അദ്ദേഹം പറഞ്ഞു. ഡെല്‍റ്റ വകഭേദവും, പല രാജ്യങ്ങളിലും കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതും, ജനങ്ങള്‍ പഴയ ജാഗ്രത കൈവിട്ടതും മരണങ്ങള്‍ കൂടാൻ കാരണമായെന്നും ടെഡ്രോസ് അഭിപ്രായപ്പെട്ടു. വാക്‌സിനേഷൻ കൂടുന്നുണ്ടെങ്കിലും പുതിയ വകഭേദങ്ങള്‍ ഉണ്ടാകുന്നത് കൂടുതൽ ആശങ്കയ്‌ക്ക് വഴിവെക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡിന്‍റെ ഡെല്‍റ്റ വേരിയന്‍റ് നിലവില്‍ 111 രാജ്യങ്ങളില്‍ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് ലോകത്തെല്ലായിടത്തും എത്താനുള്ള സാഹചര്യമാണുള്ളത്. കഴിഞ്ഞ നാല് ആഴ്‌ചയായി പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളുടെ കാര്യത്തിലും മരണനിരക്കിലും കാര്യമായ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്.