ഹൈദരാബാദ്:രാജ്യത്ത് നിലവിലുള്ള 30 മുഖ്യമന്ത്രിമാരില്‍ 29 പേരും കോടീശ്വരന്മാര്‍. 28 സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് കേന്ദ്ര ഭരണ പ്രദേശത്ത് നിന്നുമുള്ള മുഖ്യമന്ത്രിമാര്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ വിശകലനത്തിലാണ് 29 സംസ്ഥാന തലവന്മാരും കോടീശ്വരന്മാരാണെന്ന് കണ്ടെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് പട്ടിക പ്രകാരം 29-ാം സ്ഥാനത്തുളളത്. അതേസമയം പട്ടികയില്‍ അദ്ദേഹത്തിന് പിന്നിലായും അവസാനമായുമുള്ളത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്.
പണവും പദവിയുമൊന്നിച്ചവര്‍: ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആര്‍) കോടിപതികളായ മുഖ്യമന്ത്രിമാരുടെ പട്ടിക പുറത്തുവിട്ടിട്ടുള്ളത്. ഇതുപ്രകാരം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയാണ് ഏറ്റവും സമ്പന്നനായ സംസ്ഥാന ഭരണത്തലവന്‍. 510 കോടി രൂപയാണ് ജഗൻ മോഹൻ റെഡ്ഡിയുടെ ആസ്‌തി. രണ്ടാം സ്ഥാനത്തുള്ളത് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ്. 163 കോടി രൂപയാണ് ഖണ്ഡുവിന്‍റെ ആസ്‌തി. മൂന്നാം സ്ഥാനത്തുള്ളതാവട്ടെ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായികാണ്. 63 കോടി രൂപയാണ് നവീന്‍ പട്‌നായികിന്‍റെ ആകെ ആസ്‌തി.
ആദ്യ പത്തില്‍ ആരെല്ലാം: നാഗാലാന്‍റ് മുഖ്യമന്ത്രി നെയ്ഫിയു റിയോ - 46 കോടിയിലധികം രൂപ, പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസ്വാമി- 38 കോടിയിലധികം രൂപ, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു- 23 കോടിയിലധികം രൂപ, ചത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍- 23 കോടിയിലധികം രൂപ, അസാം മുഖ്യമന്ത്രി ഹിമന്ദ ബിസ്വ ശര്‍മ- 17.27 കോടി രൂപ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ- 14 കോടിയിലധികം രൂപ, ത്രിപുര മുഖ്യമന്ത്രി മണിക് സാഹ- 13 കോടിയിലധികം രൂപ എന്നിവരാണ് ആദ്യ പത്തിലുള്ളത്. എട്ട് കോടിയിലധികം രൂപയുമായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിനുമാണ് 13 ഉം 14 ഉം സ്ഥാനങ്ങളിലുള്ളത്.
പട്ടികയില്‍ പിന്നില്‍ ഇവര്‍: പട്ടിക പ്രകാരം ഏറ്റവും ആസ്‌തി കുറവുള്ള പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കാണ്. 15 ലക്ഷം രൂപയാണ് മമതയുടെ ആസ്‌തി. തൊട്ടുമുന്നിലുള്ളത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. ഒരു കോടി 18 ലക്ഷം രൂപയാണ് അദ്ദേഹത്തിന്‍റെ ആകെ ആസ്‌തി. പട്ടിക പ്രകാരം പിണറായിക്ക് മുന്നിലായി ആസ്‌തി കുറവുള്ള മുഖ്യമന്ത്രിമാരില്‍ മൂന്നാം സ്ഥാനത്തുള്ളത് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ്. ഒരു കോടി 27 ലക്ഷം രൂപയാണ് ഖട്ടറിന്‍റെ ആസ്‌തി. അതേസമയം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും സ്വത്തുക്കളും മൂന്ന് കോടിയിലധികം രൂപയാണ് ആസ്‌തി.
സമ്പന്നര്‍ മാത്രമല്ല, ക്രിമിനല്‍ കേസുകളും:അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം പരിഗണിച്ച 30 മുഖ്യമന്ത്രിമാരില്‍ 97 ശതമാനം പേരും കോടിപതികളാണ്. മാത്രമല്ല ഇവരുടെ ശരാശരി ആസ്‌തി 33.96 കോടി രൂപയുമാണ്. ഇതുകൂടാതെ പരിഗണിച്ച മുഖ്യമന്ത്രിമാരില്‍ 43 ശതമാനം പേര്‍ക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവ ഉൾപ്പെടെയുള്ള ക്രിമിനല്‍ കേസുകളുണ്ടെന്നും എഡിആര്‍ റിപ്പോര്‍ട്ട് പറയുന്നു. അതേസമയം അഞ്ച് വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ല കുറ്റങ്ങളാണ് ഇവയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.