ബെംഗളൂരു :അസംബ്ലി തെരഞ്ഞെടുപ്പിലെ വമ്പന്‍ ജയത്തിന് പിന്നാലെ ഉരുത്തിരിഞ്ഞ അനിശ്ചിത സാഹചര്യങ്ങള്‍ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രി പദത്തിലേക്ക് നടന്നടുക്കുകയാണ് സിദ്ധരാമയ്യ. അഭ്യൂഹങ്ങളും ചര്‍ച്ചകളുമെല്ലാം സജീവമായിരുന്നപ്പോഴും മുഖ്യമന്ത്രി കസേരയിലേക്ക് ഒടുവിലെത്തുന്നത് സിദ്ധരാമയ്യ തന്നെയാകുമെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിങ്ങനെ അതികായനായ 'കന്നഡ മണ്ണിന്‍റെ സിദ്ധു' രണ്ടാംതവണയും സംസ്ഥാനത്തിന്‍റെ അധിപനാകുമ്പോള്‍ അതിലേക്കുള്ള വഴി ഏറെ വഴിത്തിരിവുകള്‍ നിറഞ്ഞതായിരുന്നു.
രണ്ടര പതിറ്റാണ്ടോളം കടുത്ത കോൺഗ്രസ് വിരുദ്ധ നിലപാടുകളും പേറി സോഷ്യലിസ്‌റ്റ് ചേരിയായ ജനത പരിവാറിന്‍റെ ഭാഗമായിരുന്ന നേതാവ് പിന്നീട് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ മുഖമായി മാറുകയായിരുന്നു. 1948 ഓഗസ്‌റ്റ് 12 ന് മൈസൂർ ജില്ലയിലെ വരുണ ഹോബ്ലിയിലുള്ള സിദ്ധരാമനഹുണ്ടിയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസവും, അഭിഭാഷക വൃത്തിയും തുടര്‍ന്ന് രാഷ്‌ട്രീയ ജീവിതവുമായി മുന്നോട്ടുപോയ സിദ്ധരാമയ്യയുടെ പോയകാലം വഴിത്തിരിവുകള്‍ കൊണ്ട് സമ്പന്നമാണ്. ആ രാഷ്ട്രീയ നാള്‍വഴികളിലുടനീളം അദ്ദേഹത്തിന്‍റെ നിശ്ചയദാര്‍ഢ്യം നിഴലിച്ചുകിടപ്പുണ്ട്. അധ്യാപകരുടെയും, അഭ്യുദയകാംക്ഷികളുടെയും രാഷ്ട്രീയ ഗുരുക്കന്‍മാരുടെയും നിര്‍ണായക ഇടപെടലുകളും ആ സോഷ്യലിസ്റ്റിന്‍റെ വളര്‍ച്ചയില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഒരു രാഷ്‌ട്രീയ അതികായന്‍റെ പിറവി : സ്‌കൂള്‍ വിദ്യാഭ്യാസ സമയത്ത് തന്നെ സിദ്ധുവില്‍ പഠനത്തോടുള്ള അഭിനിവേശം പ്രകടമായിരുന്നു. ഈ ആവേശം പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സിദ്ധരാമയ്യയെ മൈസൂരിലെ യുവരാജ കോളജിലെത്തിച്ചു. ഇവിടെ നിന്ന് ബിഎസ്‌സി ബിരുദം നേടി. മകനൊരു ഡോക്‌ടറായി കാണണമെന്നായിരുന്നു പിതാവിന്‍റെ ആഗ്രഹം. എന്നാല്‍ സിദ്ധരാമയ്യയുടെ ചിന്തകള്‍ അഭിഭാഷകനാവുക എന്ന വഴിക്കാണ് സഞ്ചരിച്ചത്.
അങ്ങനെ ശാരദ വിലാസ കോളജിൽ നിന്ന് നിയമ ബിരുദം നേടി. എന്നാല്‍ പ്രാക്‌ടീസിനിറങ്ങുന്നതിന് പകരം പഠിച്ച കോളജില്‍ ഗസ്‌റ്റ് ലക്‌ചററായാണ് സിദ്ധരാമയ്യ തന്‍റെ ഔദ്യോഗിക ജീവിതത്തിന് ആരംഭം കുറിച്ചത്. എന്നാല്‍ ഇക്കാലയളവില്‍ പ്രശസ്‌ത സോഷ്യലിസ്‌റ്റ് ചിന്തകനായ ഡോ. രാം മനോഹർ ലോഹ്യയുടെ ആശയാദര്‍ശങ്ങള്‍ സിദ്ധരാമയ്യയെ സോഷ്യലിസ്റ്റ് പാതയിലേക്കും അതുവഴി രാഷ്‌ട്രീയത്തിലേക്കും വഴിനടത്തിച്ചു.
സോഷ്യലിസം വളര്‍ത്തിയ സിദ്ധു :സോഷ്യലിസ്‌റ്റ് ചിന്ത കൊണ്ട് വെറുതെയിരിക്കാന്‍ സിദ്ധരാമയ്യയ്‌ക്ക് മനസില്ലായിരുന്നു. അതുകൊണ്ടുതന്നെ കറുത്ത കോട്ട് ഉപേക്ഷിച്ച് സജീവ രാഷ്‌ട്രീയത്തിലേക്കിറങ്ങുക എന്ന തീരുമാനം അദ്ദേഹം സധൈര്യം സ്വീകരിച്ചു. ഇതിന്‍റെ ആദ്യപടിയെന്നോണം 1978-ൽ ലോക്‌ദളിലൂടെ താലൂക്ക് വികസന ബോർഡിൽ അംഗമായി. ഈ സമയത്താണ് കര്‍ഷക പ്രസ്ഥാന നേതാവായ പ്രൊഫ.എം.ഡി നഞ്ചുണ്ടസ്വാമിയുമായുള്ള സൗഹൃദം മറ്റൊരു വഴിത്തിരിവായി മാറുന്നത്. ഈ സൗഹൃദം സിദ്ധരാമയ്യയില്‍ പൊതുസേവനത്തോടുള്ള അഭിനിവേശം ആളിക്കത്തിച്ചു.