ന്യൂഡല്‍ഹി : കമ്പനിയുടെ ഓഹരികള്‍ കൂപ്പുകുത്തി ജീവിതത്തിലെ തന്നെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നുപോവുകയാണ് ലോകത്തെ ശതകോടീശ്വരന്മാരില്‍ മൂന്നാമനായിരുന്ന ഇപ്പോള്‍ ഏഴാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ട ഗൗതം അദാനി. 1998 ല്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കൊള്ളസംഘം തട്ടിക്കൊണ്ടുപോയ, 11 വർഷത്തിന് ശേഷം മുംബൈയിലെ താജ് ഹോട്ടലില്‍ തീവ്രവാദികള്‍ ആക്രമണം നടത്തുമ്പോള്‍ ബന്ദിയാക്കപ്പെടുകയും ചെയ്‌ത അദാനി, കടന്നുവന്ന കനല്‍ വഴികള്‍ പരിഗണിക്കുമ്പോള്‍, നിലവിലെ പ്രതിസന്ധി അദ്ദേഹത്തെ ഭീതിപ്പെടുത്തുന്നതാവില്ലെന്ന് വിലയിരുത്തുന്നവരുണ്ട്. ആ ആത്മവിശ്വാസമാണ്, കോളജില്‍ നിന്ന് പഠിത്തം പൂര്‍ണമാക്കാതെ ഇറങ്ങിത്തിരിച്ച യുവാവിനെ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ നിരയിലേക്ക് നയിച്ചതെന്ന് അദ്ദേഹത്തിന്‍റെ അനുകൂലികള്‍ വാഴ്‌ത്തുന്നു.
അദാനി കമ്പനിയുടെ ഓഹരി വില്‍പനകളിലെ കൃത്രിമത്വം ചൂണ്ടിക്കാണിച്ച് ഷോർട്ട് സെല്ലിംഗിൽ വൈദഗ്‌ധ്യമുള്ള ന്യൂയോർക്കിലെ ഒരു കുഞ്ഞന്‍ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ട വെളിപ്പെടുത്തലുകള്‍ പ്രഹരമേല്‍പ്പിച്ചത് ഗൗതം അദാനി കമ്പനിയുടെ മൂര്‍ദ്ധാവിലാണ്. ഇതോടെ തുടര്‍ച്ചയായ രണ്ട് ട്രേഡിങ് സെഷനുകളില്‍ 50 ബില്യണ്‍ യു.എസ് ഡോളറിലധികം വിപണി മൂല്യമിടിഞ്ഞ് അദാനി കമ്പനിക്ക് 20 ബില്യണ്‍ ഡോളറിലധികം നഷ്‌ടം സംഭവിച്ചു.
അതായത് ഗൗതം അദാനിയുടേതായുള്ള ആകെ സമ്പാദ്യത്തിന്‍റെ ഉദ്ദേശം അഞ്ചിലൊന്ന് നഷ്‌ടത്തിലായി. മാത്രമല്ല ലോകത്തെ സമ്പന്നരില്‍ ബിൽ ഗേറ്റ്‌സിനും വാറൻ ബഫെറ്റിനും പിന്നിലായി മൂന്നാം സ്ഥാനത്തുണ്ടായിരുന്ന 60 കാരനായ അദാനിയെ ഹിൻഡൻബർഗ് റിസര്‍ച്ച് ചെന്നെത്തിച്ചത് ഇവര്‍ക്ക് പിന്നിലായി ഏഴാം സ്ഥാനത്തേക്കാണ്.
'ഒരു കോടീശ്വരന്‍റെ' ജനനം :ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു ജൈന കുടുംബത്തിലായിരുന്നു ഗൗതം അദാനിയുടെ ജനനം. കൗമാരത്തില്‍ കോളജ് പഠനം പാതിയില്‍ അവസാനിപ്പിച്ച് അദ്ദേഹം മുംബൈയിലേക്ക് താമസം മാറി. അവിടെ രത്നവ്യാപാരികള്‍ക്കൊപ്പം രത്നങ്ങളുടെ ഗുണനിലവാരം പരിശോധിച്ചുറപ്പിക്കുന്ന ഡയമണ്ട് സോര്‍ട്ടറായി ജോലി ചെയ്‌തുവരുമ്പോഴാണ് അദാനിക്ക് മൂത്ത സഹോദരന്‍റെ വിളിവരുന്നത്.
അതിന്‍റെ ഭാഗമായി അഹമ്മദാബാദില്‍ അദാനിയുടെ കുടുംബം നടത്തിവന്നിരുന്ന പിവിസി ഫിലിം ഫാക്‌ടറിയില്‍ ജേഷ്‌ഠന്‍ മഹാസുഖ്ഭായിയെ സഹായിക്കാനായി 1981 ല്‍ അദ്ദേഹം മടങ്ങി. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 1988 ല്‍ അദാനി എക്‌സ്‌പോര്‍ട്‌സിന് കീഴിലായി ഒരു ചരക്ക് വ്യാപാര സ്ഥാപനം അദ്ദേഹം ആരംഭിച്ചു. തുടര്‍ന്ന് 1994 ല്‍ സ്ഥാപനം ഓഹരികളില്‍ പട്ടികപ്പെടുത്തുകയും ചെയ്‌തു. ഈ സ്ഥാപനമാണ് പിന്നീട് അദാനി എന്‍റർപ്രൈസസായി മാറുന്നതും അദാനി എന്ന കോടീശ്വരനെ വളര്‍ത്തുന്നതും.