ലക്‌നൗ:ബ്ലാക്ക് ഫംഗസ് ബാധിതനായ രോഗിക്ക് വൈറ്റ് ഫംഗസും യെല്ലോ ഫംഗസും സ്ഥീരികരിച്ചു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. അണുബാധ മൂലം കണ്ണുകൾ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും ശരിയായ ചികിത്സ നൽകിയതിനാൽ രോഗി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ബ്ലാക്ക് ഫംഗസിന്‍റെ ലക്ഷണങ്ങളെത്തുടർന്ന് ബിജ്‌നോർ നിവാസിയായ 42 കാരനായ രോഗിയെ മീററ്റിലെ ആനന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് അയാൾ വൈറ്റ് ഫംഗസ് ബാധിതനാണെന്ന് അറിയുന്നത്. എംആർഐ റിപ്പോർട്ടിൽ ഫംഗസ് രോഗിയിൽ പ്രവേശിച്ചെന്നും അതിനാൽ അത് കാഴ്ച ശക്തിയെ ബാധിക്കുമെന്നും കണ്ടെത്തി. ഉടനെ ഡോക്ടർമാരുടെ സംഘം അടിയന്തര ശസ്ത്രക്രീയ നടത്തിയതിനാൽ രോഗിയുടെ കാഴ്ച ശക്തി തിരികെ കിട്ടിയെന്നും ഇപ്പോൾ കാഴ്ചക്ക് കുഴപ്പമില്ലെന്നും ആശുപത്രിയിലെ നേത്രരോഗവിദഗ്ദ്ധനായ ഡോ. പുനീത് ഭാർഗവ പറഞ്ഞു.
മൂക്ക്, വായ, ശ്വാസ നാളം എന്നിവയിലൂടെയാണ് ഫംഗസ് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. ശരിയായ സമയത്ത് ചികിത്സിച്ചാൽ സാധാരണ മരുന്ന് ഉപയോഗിച്ച് വൈറ്റ് ഫംഗസിനെ സുഖപ്പെടുത്താമെന്നും ഡോ. പുനീത് ഭാർഗവ കൂട്ടിച്ചേർത്തു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഇയാള്‍ക്ക് യെല്ലോ ഫംഗസും സ്ഥിരീകരിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ബ്ലാക്ക് ഫംഗസ് എന്നാല്‍
'ബ്ലാക്ക്ഫംഗസ്' എന്ന് വിളിക്കപ്പെടുന്ന മ്യൂക്കോമൈക്കോസിസ്, മണ്ണിൽ കാണപ്പെടുന്ന ഒരു പൂപ്പൽ, ചീഞ്ഞ ഇലകൾ പോലുള്ള ജൈവവസ്തുക്കൾ എന്നിവ മൂലമാണ് ഉണ്ടാകുന്നത്. ഫംഗസിൻ്റെ അണുക്കൾ ശ്വസിക്കുന്നതിലൂടെയാണ് ആളുകൾക്ക് ബ്ലാക്ക്ഫംഗസ് രോഗം വരുന്നത്. എയർ ഹ്യുമിഡിഫയറുകൾ അല്ലെങ്കിൽ മലിനജലം അടങ്ങിയ ഓക്സിജൻ ടാങ്കുകൾ വഴിയാണ് ആശുപത്രികളിലും വീടുകളിലും ഫംഗസ് വ്യാപിപ്പിക്കുന്നത്.