കേരളം

kerala

By

Published : Mar 20, 2021, 4:06 PM IST

ETV Bharat / bharat

ഈ സൗജന്യ രാഷ്ട്രീയം തമിഴ്‌നാടിനെ എവിടെ ചെന്നെത്തിക്കും?

തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ കണക്കാക്കുമ്പോള്‍ സംസ്ഥാനത്ത് ബാധ്യതയും വര്‍ധിച്ചു വരികയാണ്. 10 വര്‍ഷ കാലയളവ് കൊണ്ട് തമിഴ്‌നാട്ടിലെ പ്രതിശീര്‍ഷ കടബാധ്യത 15000 രൂപയില്‍ നിന്നും 57000 രൂപയായി ഉയര്‍ന്നിരിക്കുന്നു.

Tamil Nadu Assembly  freebie politics  freebie politics in tamil Nadufreebie politics in induia  തമിഴ്‌നാട് സൗജന്യ രാഷ്ട്രീയം  തമിഴ്‌നാട് തെരഞ്ഞെടുപ്പ്  തമിഴ്‌നാട് തെരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍  തമിഴ്‌നാട് രാഷ്‌ട്രീയം
ഈ സൗജന്യ രാഷ്ട്രീയം തമിഴ്‌നാടിനെ എവിടെ ചെന്നെത്തിക്കും?

“ഡിഎംകെ യുടെ പ്രകടന പത്രികയെ വെല്ലുവിളിക്കുന്നതായി തോന്നിപ്പിക്കുന്ന മറ്റൊരു പ്രകടന പത്രികകൾ കൂടി പുറത്ത് വന്നിരിക്കുന്നു. ലേലങ്ങളിലെ മത്സരിച്ചുള്ള വിളികള്‍ പോലെ അവയും പുതിയ പുതിയ വാഗ്‌ദാനങ്ങള്‍ ഉറക്കെ വിളിച്ചു കൂവികൊണ്ടിരിക്കുന്നു. സൂര്യനു കീഴെയുള്ള എല്ലാം നിങ്ങള്‍ക്കവ വാഗ്‌ദാനം ചെയ്യുന്നു,'' ഏതാണ്ട് 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ഡിഎംകെ നേതാവ് എം. കരുണാനിധി പറഞ്ഞ വാക്കുകളാണിത്. ദ്രാവിഡ രാഷ്‌ട്രീയത്തിലെ രണ്ട് അതികായന്മാരായ കരുണാനിധിയുടേയും ജയലളിതയുടേയും വിടവാങ്ങലിനു ശേഷം ആദ്യമായി നടക്കുന്ന ഈ നിയമസഭ തെരഞ്ഞെടുപ്പിലും പതിവ് വാഗ്‌ദാന പെരുമഴകള്‍ തന്നെയാണ് വീണ്ടും കണ്ടു വരുന്നത്.

234 അംഗ തമിഴ്‌നാട് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കും. 6.1 കോടി വരുന്ന സംസ്ഥാനത്തെ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ 500 വാഗ്‌ദാനങ്ങളാണ് പ്രകടന പത്രികയിൽ നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലേയും കോളജുകളിലേയും വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് ഡാറ്റ ഉറപ്പാക്കല്‍ മുതല്‍ പെട്രോള്‍, ഡീസല്‍, പാചക വാതക വിലകള്‍ കുറയ്ക്കലും, റേഷന്‍ കാര്‍ഡ് ഉള്ള ഓരോ സ്‌ത്രീകള്‍ക്കും പ്രതിമാസം 1000 രൂപയും, ഹിന്ദു ക്ഷേത്രങ്ങളിലേക്ക് തീര്‍ഥാടനത്തിനായി പോകുന്ന വ്യക്തികള്‍ക്ക് 25,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ധനസഹായവുമടക്കമുള്ള വാഗ്ദാനങ്ങളുടെ വലിയ ഒരു നിര തന്നെയാണ് ഡിഎംകെയുടേത്.

എന്നാല്‍ ഒരു ഹാട്രിക് നേടുവാന്‍ ലക്ഷ്യമിടുന്ന ഭരണകക്ഷിയായ എഐഎഡിഎം കെ, ഡിഎംകെ യുടെ വാഗ്‌ദാനങ്ങളെ കടത്തി വെട്ടി സൗജന്യ അലക്കു യന്ത്രങ്ങളും സൗരോര്‍ജ സ്റ്റൗവ്വുകളും, റേഷന്‍ കാര്‍ഡുടമകളായ സ്‌ത്രീകള്‍ക്ക് 1500 രൂപയും വാഗ്‌ദാനം നല്‍കുന്നു. 2013-ലാണ് ഇത്തരം സൗജന്യങ്ങള്‍ വോട്ടര്‍മാരെ അമിതമായി സ്വാധീനിക്കുകയും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ തടസപ്പെടുത്തുകയും ചെയ്യുന്നുവെന്ന് നിരീക്ഷിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇത്തരം പ്രവണതകള്‍ നിരുത്സാഹപ്പെടുത്തുവാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്.

രാഷ്‌ട്രീയ പാര്‍ട്ടികളുമായി ഏറെ കാലം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപം നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പക്ഷെ തെരഞ്ഞെടുപ്പ് വാഗ്ദാന പെരുമഴയെ തുള്ളിപോലും തടയുവാന്‍ പറ്റുന്നവയല്ല. ഓരോ തെരഞ്ഞെടുപ്പിലുമായി ഇത് കാലാകാലങ്ങളായി തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങളെ കടക്കെണിയിലേക്ക് വലിച്ചിഴച്ച് കൊണ്ട് അധികാരത്തിന്റെ അപ്പക്കഷ്‌ണങ്ങള്‍ നുണയുന്നതിന് വേണ്ടി രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇത്തരം തുണ്ടുകള്‍ വോട്ടര്‍മാര്‍ക്ക് വലിച്ചെറിഞ്ഞു കൊടുത്തു പാട്ടിലാക്കുന്നത് ദുഖകരമായ വസ്‌തുതയാണ്.

ഏതാണ്ട് ഏഴ് ദശാബ്‌ദങ്ങള്‍ക്ക് മുന്‍പാണ് പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം തന്നെ വോട്ടവകാശം നല്‍കി വരുന്ന ഇന്ത്യയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടേയും വോട്ടര്‍മാരുടെയും സത്യസന്ധതയും ആര്‍ജ്ജവവും നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് ജസ്റ്റിസ് ചഗ്ല വ്യക്തമാക്കിയത്. പണം കൈമാറുന്നതടക്കമുള്ള പാട്ടിലാക്കല്‍ തന്ത്രങ്ങള്‍ സ്വീകരിച്ചു കൊണ്ട് വോട്ടര്‍മാരെ സ്വാധീനിക്കുന്ന കലയില്‍ അഗ്രഗണ്യരായി മാറിയിരിക്കുന്നു രാഷ്‌ട്രീയ പാര്‍ട്ടികള്‍. സര്‍ക്കാര്‍ ഖജനാവിലുള്ള പണം ജനങ്ങളുടേതാണ്. അങ്ങനെ നോക്കുമ്പോള്‍ ജനങ്ങളുടെ പണം ഉപയോഗിച്ചു കൊണ്ടു തന്നെയാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ വോട്ട് വാങ്ങിച്ചെടുക്കുന്ന ദുഷ്‌പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടു വരുന്നതെന്ന് കാണാം.

എന്നാല്‍ ജനപ്രാധിനിത്യ നിയമത്തിന്‍റെ 123-ആം വകുപ്പിനു കീഴില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ പ്രകടന പത്രികളിലൂടെ നല്‍കുന്ന വാഗ്ദാനങ്ങളെ അഴിമതിയായി കണക്കാക്കുവാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. വിവിധ തരത്തിലുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ലഭ്യമാക്കുന്നുവെന്നതിനാല്‍ പ്രകടന പത്രികകളില്‍ വാഗ്‌ദാനം ചെയ്യുന്ന ക്ഷേമ പദ്ധതികളെ തടയുവാൻ കഴിയില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും പറയുന്നു.അതേ സമയം പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രകിയയുടെ അന്തസിനെ ഹനിക്കുന്ന തരത്തിലുള്ള വാഗ്‌ദാനങ്ങള്‍ നല്‍കുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന ഒരു പാഴ് ഉപദേശമാണ് പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്നത്.

മറ്റ് ജനാധിപത്യ രാജ്യങ്ങളില്‍ എങ്ങനെയാണ് തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് എന്ന കാര്യം തീര്‍ച്ചയായും നമ്മുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പഠിക്കേണ്ടതുണ്ട്. ഭൂട്ടാനിലും മെക്‌സിക്കോയിലും തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ എതിര്‍ക്കപ്പെടേണ്ടതെന്തെങ്കിലും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് കണ്ടെത്തിയാല്‍ അവ ഉടന്‍ തന്നെ നീക്കം ചെയ്യും. ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ കര്‍ശനമായ മാര്‍ഗ നിര്‍ദേശങ്ങള്‍ അടിസ്ഥാനപ്പെടുത്തി കൊണ്ട് മാത്രമേ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തയ്യാറാക്കുവാന്‍ തന്നെ കഴിയുകയുള്ളൂ. ഇന്ത്യയില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ജനാധിപത്യ മൂല്യങ്ങള്‍ കാറ്റില്‍ പറത്തുമ്പോള്‍ ഒരു മൂകസാക്ഷിയായി നിലകൊള്ളാന്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നത്. ഇതില്‍ കൂടുതല്‍ മറ്റെന്തെങ്കിലും ദുരന്തമുണ്ടോ?

തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഈ വാഗ്‌ദാനങ്ങളില്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് ഉടമകളായ സ്‌ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുമെന്ന വാഗ്‌ദാനം മാത്രം നടപ്പിലാക്കാന്‍ പ്രതിവര്‍ഷം 21000 കോടി രൂപ ആവശ്യമാണ് എന്നു കാണുന്നു. 10 വര്‍ഷ കാലയളവ് കൊണ്ട് തമിഴ്‌നാട്ടിലെ പ്രതിശീര്‍ഷ കടബാധ്യത 15000 രൂപയില്‍ നിന്നും 57000 രൂപയായി ഉയര്‍ന്നിരിക്കുന്നു. തങ്ങള്‍ എടുത്തിരിക്കുന്ന വായ്‌പകള്‍ നടത്തി കൊണ്ടു പോകുന്നതിനായി പ്രതിവര്‍ഷം സംസ്ഥാനം ചെലവിട്ടു വരുന്നത് 51000 കോടി രൂപയാണ്. ഇത്തരം ഒരു പരിതാപകരമായ സ്ഥിതി വിശേഷത്തില്‍ ഈ സൗജന്യ രാഷ്‌ട്രീയം തമിഴ്‌നാടിനെ എവിടെ കൊണ്ടു ചെന്നെത്തിക്കും എന്നുള്ളതാണ് ഇവിടെ ഉയര്‍ന്നു വരുന്ന വലിയ ചോദ്യം.

ABOUT THE AUTHOR

...view details