ന്യൂഡല്‍ഹി:ഓടുന്ന വാഹനം പോലും തട്ടിയെടുക്കാന്‍ കഴിവുള്ളവന്‍ എന്ന കുപ്രസിദ്ധി നേടി രാജ്യം മുഴുവന്‍ ഒരുപോലെ അത്ഭുതത്തോടെയും ഭീതിയോടെയും കേട്ട പേരാണ് ബണ്ടി ചോര്‍. ഇന്ത്യയിലെ തന്നെ വലിയ കള്ളന്‍ എന്ന ഖ്യാതി നേടിയ ബണ്ടി എന്ന ദേവേന്ദ്ര സിങ് (53) നിലവില്‍ 10 വര്‍ഷമായി കോയമ്പത്തൂർ ജയിലിൽ കഴിയുകയായിരുന്നു. നീണ്ട ജയില്‍ ശിക്ഷ കഴിഞ്ഞെത്തിയതോടെ മോഷണകലയിലെ ആ അപ്രമാദിത്വവും ബണ്ടിക്ക് നഷ്‌ടമായി.
വിലകൂടിയ വാഹനങ്ങൾ, വിലകൂടിയ ഫോണുകൾ, ആഭരണങ്ങൾ, അനുബന്ധ സാമഗ്രികൾ എന്നിവ മാത്രം മോഷ്‌ടിച്ചിരുന്ന ബണ്ടിയെ കഴിഞ്ഞദിവസം വീണ്ടും പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഇത്തവണ മോഷണസാമഗ്രികളില്‍ കണ്ടെടുക്കാനായത് ഷൂസ്, സ്ലിപ്പറുകൾ, പഴ്‌സ്, ടിവി സെറ്റ് ടോപ്പ് ബോക്‌സ്, പ്രിന്‍ററുകൾ തുടങ്ങി താരതമ്യേന വിലകുറഞ്ഞ വസ്‌തുക്കളും. ഇക്കഴിഞ്ഞ ഏപ്രില്‍ 14 ന് കാണ്‍പൂരിലെ ദെഹാത്തില്‍ നിന്നാണ് ബണ്ടിയെ പൊലീസ് പിടികൂടുന്നത്. തുടര്‍ന്ന് മോഷ്‌ടിച്ച സാധനങ്ങള്‍ കണ്ടെടുത്തപ്പോഴാണ് പഴയ പ്രതാപത്തോട് യാതൊരു ബന്ധവുമില്ലാത്ത വസ്‌തുക്കള്‍ കണ്ടെടുക്കുന്നത്.
ആരായിരുന്നു ബണ്ടി ചോര്‍:വലിയ മോഷണങ്ങള്‍ നടത്തിയ ശേഷം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കുന്നത് ബണ്ടിയുടെ ശീലമായിരുന്നു. തുടര്‍ന്ന് കയ്യിലെ പണം കുറഞ്ഞുതുടങ്ങുന്നതോടെ അടുത്ത മോഷണത്തിലേക്കിറങ്ങും. മാത്രമല്ല താമസിച്ചിറങ്ങുന്ന ഹോട്ടലുകളില്‍ നിന്നും ബണ്ടി വസ്‌തുവകകള്‍ മോഷ്‌ടിക്കാറുണ്ടായിരുന്നു. ഇതിനിടെ വീടുവിട്ടിറങ്ങിയ ബണ്ടി പൂർണമായും മോഷണത്തിൽ ഏർപ്പെട്ടു. ഇതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഇയാളുമായുള്ള ബന്ധവും അവസാനിപ്പിച്ചു.