ഗുവാഹത്തി:'മണിപ്പൂർ ജീവിക്കാൻ സാധ്യമല്ലാത്ത നരകമായിരിക്കുന്നു. നിങ്ങളുടെ മൗനം എരിതീയിൽ കൂടുതൽ എണ്ണ പുരട്ടുകയാണ്. നന്ദി നരേന്ദ്രമോദി ജി.'- പ്രധാനമന്ത്രി നരേന്ദ മോദിയെ ടാഗ് ചെയ്‌തുകൊണ്ട് ഈ ട്വീറ്റ് ചെയ്‌തിരിക്കുന്നത് ലിസിപ്രിയ കംഗുജം(Licypriya Kangujam) എന്ന കൗമാരക്കാരിയാണ്.
ലിസിപ്രിയ കംഗുജത്തിന്‍റെ ട്വീറ്റ് തനിക്കേറെ പ്രിയപ്പെട്ട ഇടം സംഘർഷത്തിൽ കത്തിയമരുന്നത് കാണേണ്ടിവന്നതിന്‍റെ മുഴുവൻ രോഷവും അവളുടെ വാക്കുകളില്‍ പ്രകടമാണ്. കേവലം ഒരു ഹൈസ്‌കൂൾ വിദ്യാർഥിനി മാത്രമല്ല ലിസിപ്രിയ കംഗുജം. അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധനേടിയ ഇന്ത്യയിൽ നിന്നുള്ള ബാല പരിസ്ഥിതി പ്രവർത്തക കൂടിയാണ് അവൾ.
ലിസിപ്രിയ കംഗുജത്തിന്‍റെ ട്വീറ്റ് മണിപ്പൂരിലെ ബാസിഹ്‌ഖോങ് ഗ്രാമത്തിൽ താമസിക്കുന്ന ലിസിപ്രിയ കംഗുജം എന്നാലിന്ന് അവളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത പ്രതിസന്ധികളിലൂടെയാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. മണിപ്പൂരിലെ മെയ്‌തെയ് ഗോത്രത്തിൽ ആണ് ലിസിപ്രിയ ഉൾപ്പെടുന്നത്.
ലിസിപ്രിയ കംഗുജത്തിന്‍റെ ട്വീറ്റ് സമാനതകളില്ലാത്ത അതിക്രമങ്ങൾക്കാണ് മണിപ്പൂർ സാക്ഷ്യം വഹിക്കുന്നത്. മണിപ്പൂരിൽ മാസങ്ങളായി അതിതീവ്രമായ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. മെയ് മാസം മൂന്നാം തിയതി പട്ടികവർഗ പദവിക്ക് വേണ്ടിയുള്ള മെയ്‌തീസ് സമുദായത്തിന്‍റെ ആവശ്യത്തിനെതിരെ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ 'ആദിവാസി ഐക്യദാർഢ്യ മാർച്ച്' സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മണിപ്പൂരിൽ വംശീയ സംഘർഷങ്ങൾ ഉടലെടുത്തത്.
ഇതിനിടെയാണ് മണിപ്പൂരിൽ സ്‌ത്രീകളെ നഗ്‌നരാക്കി, പൊതുമധ്യത്തിലൂടെ നടത്തിച്ച് പീഡിപ്പിച്ച ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. രാജ്യമൊട്ടുക്കും ഇതിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. പീഡനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലിയും നടന്നിരുന്നു. ലോകരാഷ്‌ട്രങ്ങൾക്ക് മുന്നിൽ ഈ സംഭവം ഇന്ത്യയെ നാണം കെടുത്തിയിരിക്കുകയാണ്.
ഇതിനിടെയാണ് പ്രധാനമന്ത്രി മോദിയെ വിമർശിച്ചുകൊണ്ടുള്ള ലിസിപ്രിയയുടെ ട്വീറ്റ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. മണിപ്പൂരിലെ ചുട്ടുപൊള്ളുന്ന സാഹചര്യത്തിന്‍റെ പശ്ചാത്തലത്തില്‍ ബുധനാഴ്‌ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ലിസിപ്രിയ ട്വീറ്റ് ചെയ്‌തത്. മണിപ്പൂർ ഇപ്പോൾ ജീവിക്കാനാകാത്ത നരകമായെന്ന് ട്വീറ്റ് ചെയ്‌ത ലിസിപ്രിയ മറ്റൊരു ട്വീറ്റിൽ പ്രധാനമന്ത്രി എപ്പോൾ രാജിവെക്കുമെന്നും ചോദിച്ചു. ''നരേന്ദ്രമോദി ജി എപ്പോൾ രാജിവെക്കും?'' എന്നായിരുന്നു ലിസിപ്രിയയുടെ ട്വീറ്റ്. മണിപ്പൂരിലെ ഇന്‍റർനെറ്റ് ഷട്ട്ഡൗണിന് പിന്നാലെ യോഗാ ദിനത്തിൽ മോദി നടത്തിയ യുഎസ് സന്ദർശനത്തെയും ഈ മണിപ്പൂരി കൗമാര പരിസ്ഥിതി പ്രവർത്തക പരിഹസിച്ചു.
2019-ൽ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട അടിയന്തര നടപടികളെക്കുറിച്ച് ഐക്യരാഷ്‌ട്രസഭയുടെ കാലാവസ്ഥ വ്യതിയാന ഉച്ചകോടിയില്‍ ലോക സമൂഹത്തെ അഭിസംബോധന ചെയ്‌ത ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആഗോള കാലാവസ്ഥ പ്രവർത്തകരിലൊരാളാണ് ലിസിപ്രിയ കംഗുജം. ഇന്ത്യയിലെ കാലാവസ്ഥ വ്യവസ്ഥയുടെ സംരക്ഷണത്തിനായുള്ള ക്യാമ്പയിൻ പ്രവർത്തനങ്ങളില്‍ 2018 മുതൽ സജീവമാണ് ലിസിപ്രിയ.
ഡോ. എപിജെ അബ്‌ദുൾ കലാം ചിൽഡ്രൻസ് അവാർഡ് (2019), വേൾഡ് ചിൽഡ്രൻസ് പീസ് പ്രൈസ് (2019), റൈസിംഗ് സ്റ്റാർ ഓഫ് എർത്ത് ഡേ നെറ്റ്‌വർക്ക് (2019), ഗ്ലോബൽ ചൈൽഡ് പ്രോഡിജി അവാർഡ് (2020), നോബൽ സിറ്റിസൺ അവാർഡ് (2020) തുടങ്ങിയ പരസ്‌കാരങ്ങൾ ഈ ചെറുപ്രായത്തില്‍ ലിസിപ്രിയയെ തേടിയെത്തിയിട്ടുണ്ട്.
അതേസമയം മോദിയെ വിമർശിച്ചുകൊണ്ടുള്ള ലിസിപ്രിയയുടെ ട്വീറ്റ് രാജ്യത്തെയാകെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന അക്രമ സംഭവങ്ങളിൽ തുടക്കം മുതൽ മൗനം പാലിച്ച പ്രധാനമന്ത്രി ഇന്നാണ് ആദ്യമായി പ്രതികരിച്ചത്. മണിപ്പൂരിൽ രണ്ട് സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, നഗ്നരാക്കി പൊതുനിരത്തില്‍ നടത്തിയ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് മോദി മൗനം വെടിഞ്ഞത്. മണിപ്പൂരിൽ സ്‌ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾ രാജ്യത്തെയാകെ നാണം കെടുത്തിയെന്നും കുറ്റക്കാർക്കെതിരെ യാതൊരു ദയയും ഉണ്ടാകില്ലെന്നും ആയിരുന്നു മോദിയുടെ പ്രതികരണം.