ഗുരുഗ്രാം : ഭിന്നശേഷിക്കാരിയായ യുവതിക്ക് ഗുരുഗ്രാം സൈബർ ഹബ്ബിലെ പ്രശസ്‌തമായ റാസ്‌ത പബ്ബിൽ പ്രവേശനം നിഷേധിച്ചതായി പരാതി. സൃഷ്‌ടി പാണ്ഡെ എന്ന യുവതിയാണ് സോഷ്യൽ മീഡിയ വഴി, വീൽചെയറിലായതിനാൽ അധികൃതർ പബ്ബിലേക്കുള്ള പ്രവേശനം നിഷേധിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയത്. സൃഷ്‌ടി പാണ്ഡെയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
എന്നാൽ പരാതി നിഷേധിച്ച് ക്ലബ് മാനേജ്‌മെന്‍റ് രംഗത്തെത്തി. യുവതിക്ക് പ്രവേശനം നിരസിച്ചിട്ടില്ലെന്നും എന്നാൽ പബ്ബിൽ തിരക്കായതിനാൽ വീൽചെയർ എന്തെങ്കിലും അപകടത്തിന് കാരണമാകുമെന്ന് കരുതി ഡാൻസ് ഫ്ലോറിലേക്ക് പോകുന്നത് തടയുകയായിരുന്നുവെന്നും റാസ്‌ത പബ്ബിന്‍റെ മാനേജർ ബി.മാധവ് അവകാശപ്പെട്ടു.
"കഴിഞ്ഞ ദിവസം രാത്രി ഞാൻ എന്‍റെ സുഹൃത്തിനും കുടുംബത്തിനുമൊപ്പം റാസ്‌ത പബ്ബിൽ പോയി. വളരെ കാലത്തിന് ശേഷം ഞാൻ ആദ്യമായി പുറത്തുപോകുന്നതാണിത്. എനിക്ക് അത് ആസ്വദിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്‍റെ സുഹൃത്തിന്‍റെ ജ്യേഷ്‌ഠൻ നാല് പേർക്കുള്ള മേശ ചോദിച്ചു. ജീവനക്കാർ അദ്ദേഹത്തെ ഡസ്‌കിൽ വച്ച് രണ്ട് തവണ അവഗണിച്ചു.
മൂന്നാം തവണ ചോദിച്ചപ്പോൾ വീൽചെയർ അകത്ത് കയറ്റാൻ കഴിയില്ല എന്ന മറുപടിയാണ് ജീവനക്കാർ നൽകിയത്. വീൽചെയർ അകത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ട് കാരണമാണ് ജീവനക്കാർ അങ്ങനെ പറഞ്ഞത് എന്നാണ് ഞങ്ങൾ ആദ്യം കരുതിയത്. എന്നാൽ അതല്ലായിരുന്നു. ഞങ്ങൾ കൈകാര്യം ചെയ്യാം എന്ന് പറഞ്ഞപ്പോൾ അകത്തുള്ള കസ്റ്റമേഴ്‌സിന് ബുദ്ധിമുട്ടാകും എന്ന മറുപടിയാണ് എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട് അവർ നൽകിയത്.
ഒരുപാട് തർക്കങ്ങൾക്ക് ശേഷം പുറത്ത് ഒരു ടേബിൾ നൽകാൻ അവർ തയാറായി. എന്നാൽ തണുപ്പ് കൂടി വരുന്നതിനാൽ എനിക്ക് അധിക നേരം പുറത്തിരിക്കാൻ കഴിയുമായിരുന്നില്ല. കാരണം തണുപ്പിൽ എന്‍റെ ശരീരം തളരാൻ തുടങ്ങും." സൃഷ്‌ടി പാണ്ഡെ പങ്കുവച്ച ട്വീറ്റിൽ പറയുന്നു.