മുംബൈ: വാട്‌സ് ആപ്പ് സ്റ്റാറ്റസുകള്‍ ഉള്ളടക്കം പരിശോധിച്ച് ഉത്തരവാദിത്തത്തോടെ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാത്ത വിധം പോസ്റ്റ് ചെയ്യണമെന്ന് ബോംബെ ഹൈക്കോടതി. മതവികാരത്തെയോ വിശ്വാസത്തെയോ മനപൂര്‍വ്വം വ്രണപ്പെടുത്തുന്നതാകരുത് വാട്‌സ് ആപ്പ് സ്റ്റാറ്റസുകളെന്നും ഹൈക്കോടതിയുടെ നാഗ്‌പൂര്‍ ബെഞ്ച് വ്യക്തമാക്കി. മതവിദ്വേഷം പ്രചരിപ്പിച്ചതിന് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 27കാരനായ കിഷോര്‍ ലാന്‍ഡ്‌ക്കര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി കൊണ്ടാണ് കോടതി നിരീക്ഷണം.
ജസ്റ്റിസുമാരായ വിനയ് ജോഷി, വാൽമീകി എസ്എ മെനെസെസ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിങ്ങള്‍ എന്തെല്ലാം ചിന്തിക്കുന്നു എന്തെല്ലാം ചെയ്യുന്നു എന്നുള്ളതാണ് സ്റ്റാറ്റസായി വരുന്ന വീഡിയോകളും ചിത്രങ്ങളുമെല്ലാം. വാട്‌സ് ആപ്പില്‍ അവ പോസ്റ്റ് ചെയ്‌ത് 24 മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ അവ അപ്രത്യക്ഷമാകും. സ്വന്തം കോണ്‍ടാക്‌റ്റിലുള്ളവരെ എന്തെങ്കിലും അറിയിക്കുക എന്നതാണ് വാട്‌സ് ആപ്പ് സ്റ്റാറ്റസുകളുടെ ഉദ്ദേശം.
ജനങ്ങള്‍ പതിവായി അവരുടെ ഫോണിലെ സ്റ്റാറ്റസുകള്‍ പരിശോധിക്കുന്നവരാണ്. സ്റ്റാറ്റസുകള്‍ക്ക് ഒരു ആശയ വിനിമയ രീതിയല്ലാതെ മറ്റൊന്നുമില്ലെന്നും അപ്പോള്‍ സ്റ്റാറ്റസുകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസിനാസ്‌പദമായ സംഭവം: ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കിഷോര്‍ ലാന്‍ഡ്‌ക്കറിനെതിരെയുണ്ടായ കേസിനാസ്‌പദമായ സംഭവം. കിഷോര്‍ തന്‍റെ വാട്‌സ് ആപ്പില്‍ പോസ്റ്റ് ചെയ്‌ത സ്റ്റാറ്റസാണ് കേസിന് കാരണമായത്. ഒരു പ്രത്യേക ജനവിഭാഗത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശം സ്റ്റാറ്റസ് ഇടുകയും അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഗൂഗിളിള്‍ സെര്‍ച്ച് ചെയ്യാന്‍ നിര്‍ദേശിക്കുന്നതുമായിരുന്നു സ്റ്റാറ്റസ്.
സ്റ്റാറ്റസിലെ നിര്‍ദേശ പ്രകാരം ഗൂഗിളില്‍ സര്‍ച്ച് ചെയ്‌തപ്പോഴാണ് മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ആക്ഷേപകരമായ വിവരങ്ങളാണ് ലഭ്യമായത്. ഇതാണ് കിഷോര്‍ ലാന്‍ഡ്ക്കറിനെതിരെയുള്ള കേസിന് ആസ്‌പദമായ സംഭവം.
കോടതിയില്‍ വാദിച്ച് കിഷോര്‍ ലാന്‍ഡ്‌ക്കര്‍:കേസ് പരിഗണിച്ച കോടതിയോട് താന്‍ മാനപൂര്‍വ്വം സ്റ്റാറ്റസ് പോസ്റ്റ് ചെയ്‌തതല്ലെന്ന് കിഷോര്‍ പറഞ്ഞു. സാധാരണ പോസ്റ്റ് ചെയ്യുന്ന തരത്തില്‍ സ്റ്റാറ്റസ് ഇട്ടതാണെന്നും ആരെയും വേദനിപ്പിക്കണമെന്ന് സ്റ്റാറ്റസിലൂടെ താന്‍ ഉദേശിച്ചിട്ടില്ലെന്നും കിഷോര്‍ പറഞ്ഞു. തന്‍റെ കോണ്‍ടാക്‌റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമെ താന്‍ പോസ്റ്റ് ചെയ്യുന്ന സ്റ്റാറ്റസുകള്‍ കാണാനാകൂവെന്നും കിഷോര്‍ വ്യക്തമാക്കി.
എന്നാല്‍ പ്രതി അപ്‌ലോഡ് ചെയ്‌ത സ്റ്റാറ്റസിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഇത്തരത്തില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട സ്റ്റാറ്റസിന് പിന്നില്‍ കുറ്റാരോപിതന്‍റെ ബോധപൂർവമുള്ള ഉദേശം വ്യക്തമാകുന്നതാണെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല വാട്‌സ് ആപ്പിന് പരിമിതമായ വായനക്കാരാണെന്ന് പറഞ്ഞത് കൊണ്ട് കിഷോറിന് എതിരെയുള്ള കേസ് റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.