ചെന്നൈ: അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന വിവാദപരമോ അപകീർത്തികരമോ ആയ പരാമർശങ്ങൾക്ക് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ ഉത്തരവാദിയാക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. കരൂർ ജില്ലയിലെ അഭിഭാഷകനായ രാജേന്ദ്രൻ നൽകിയ ഹർജിയിൽ വിധി പറയുകയായിരുന്നു കോടതി.
ഹർജിക്കാരനായ രാജേന്ദ്രൻ 'കരൂർ അഭിഭാഷകർ' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്‍റെ അഡ്‌മിനായിരുന്നു. ഈ ഗ്രൂപ്പിലെ ഒരംഗം വിവാദപരവും വർഗീയപരവുമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്‌തു. ഇതേത്തുടർന്നുള്ള പരാതിയിൽ ഗ്രൂപ്പ് അഡ്‌മിനായ രാജേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. ഇതിനെതിരെയാണ് ഇയാൾ ഹൈക്കോടതിയുടെ മധുര ബഞ്ചിനെ സമീപിച്ചത്.
വിവാദ പരാമർശങ്ങൾ പോസ്റ്റ് ചെയ്‌തയാളെ ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്‌തുവെന്നും താൻ ഗ്രൂപ്പിന്‍റെ അഡ്‌മിൻ മാത്രമാണെന്നും രാജേന്ദ്രൻ കോടതിയിൽ വാദിച്ചു. അതിനാൽ തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്നും രാജേന്ദ്രൻ ആവശ്യപ്പെട്ടു.