മംഗളൂരു : സുഹൃത്തുക്കൾ തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് സഹയാത്രിക സംശയിച്ചതിനെത്തുടര്‍ന്ന് മംഗളൂരു-മുംബൈ വിമാനം വൈകിയത് ആറ് മണിക്കൂര്‍. വിമാനത്തിലുണ്ടായിരുന്ന യാത്രികൻ സുഹൃത്തിന് തമാശയ്ക്കയച്ച മെസേജ് കണ്ട അടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന സ്‌ത്രീ വിമാനത്തിന്‍റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ജീവനക്കാരെ അറിയിച്ചതിനെത്തുടർന്നാണ് വിമാനം പരിശോധയ്‌ക്കായി തിരികെ എത്തിച്ചത്. ഒടുവിൽ കർശന പരിശോധനകൾക്ക് ശേഷം വിമാനം മുംബൈയിലേക്ക് പുറപ്പെട്ടു.
സംഭവം ഇങ്ങനെ :മംഗളൂരു വിമാനത്താവളത്തിൽ വച്ച് അവിചാരിതമായി കണ്ടുമുട്ടിയതായിരുന്നു സുഹൃത്തുക്കളായ യുവാവും യുവതിയും. യുവാവ് മുംബൈയിലേക്കും യുവതി ബെംഗളൂരുവിലേക്കും പോകാനെത്തിയതായിരുന്നു. വിമാനത്തിൽ പ്രവേശിച്ച ശേഷം ഇരുവരും പരസ്‌പരം ചാറ്റ് ചെയ്യാൻ തുടങ്ങി. ഇതിനിടെ യുവാവ് ചാറ്റിൽ 'ബോംബർ' എന്ന വാക്ക് ഉപയോഗിച്ചു. ഇത് യുവാവിന്‍റെ അടുത്ത സീറ്റിലെ യാത്രക്കാരി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.