ഹൈദരാബാദ്:നിരന്തരമായി ഇടപഴകുന്നവര്‍ക്ക് പോലും തലവേദനയാകാറുള്ള ഒന്നാണ് ആദായ നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍. ഒരുപടി കൂടി കടന്ന് ആദായ നികുതി റിട്ടേണിലേക്ക് കടക്കുമ്പോള്‍ അല്‍പം കൂടി തല പുകയ്‌ക്കേണ്ടതായുണ്ട്. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള റിട്ടേൺ രേഖകൾ ലഭ്യമാക്കിയതിനാലും ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയം അതിക്രമിച്ചതോടെയും നികുതിദായകരും ഓട്ടത്തിലാണ്. അതേസമയം റിട്ടേൺ ഫയൽ ചെയ്യുമ്പോൾ പിശകുകൾ ഒഴിവാക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്നതില്‍ നികുതിദായകര്‍ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഫോമാണ് മെയിന്‍:ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത് അനുസരിച്ച് ഓഡിറ്റ് ആവശ്യമില്ലാത്തവർ ജൂലൈ 31നകം തന്നെ നികുതി റിട്ടേൺ സമർപ്പിക്കണം. ചില ഓഫിസുകളിൽ ഇതിനായി ഫോറം-16 ഇതിനോടകം നൽകിയിട്ടുമുണ്ട്. ഈ ഫോമിനെ അടിസ്ഥാനമാക്കുന്നവര്‍ക്ക് റിട്ടേണ്‍ പ്രക്രിയ എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും. അതേസമയം ആദായ നികുതി വകുപ്പിന്‍റെ ഫോറം തെരഞ്ഞെടുക്കുന്നതില്‍ വരുന്ന പിശകാണ് പലരെയും വട്ടം കറക്കാറുള്ളത്. ഇത് ഒഴിവാക്കാന്‍ ശരിയായ ഫോറം കണ്ടെത്തി ഫയല്‍ എന്നത് തന്നെയാണ്. ഇതിനായി ആദായ നികുതി വകുപ്പിന്‍റെ (ഐടി) ഫോറങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ പുലര്‍ത്തേണ്ടതും അത്യാവശ്യമാണ്.
ഫോമുകള്‍ പലതരം: പ്രധാനമായും ഏഴുതരം ആദായ നികുതി റിട്ടേണ്‍ ഫോമുകളാണുള്ളത്. ശമ്പളം, വീട്ടിൽ നിന്നുള്ള വരുമാനം, പലിശ തുടങ്ങിയവയായി 50 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾക്ക് ഐടിആര്‍-1 ഫോറം ഫയൽ ചെയ്യാം. അവിഭജിത ഹിന്ദു കുടുംബാംഗങ്ങള്‍ക്കും സംഘടനകള്‍ക്കും അവരുടെ വരുമാനം 50 ലക്ഷത്തിന് മുകളിലാണെങ്കില്‍ ഐടിആര്‍-4 തെരഞ്ഞെടുക്കാം. എന്നാല്‍ വരുമാനം 50 ലക്ഷം രൂപയിൽ കൂടുതലും ഒരു ഭവനത്തില്‍ നിന്നുമാണെങ്കില്‍ അത്തരക്കാര്‍ക്ക് ഐടിആര്‍-2 ഫയല്‍ ചെയ്യാം.