അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാന്‍ ഖാനെ പാകിസ്ഥാന്‍റെ അധികാരക്കസേരയില്‍ നിന്ന് ഇറക്കിവിട്ടശേഷം സഖ്യകക്ഷികളുടെ കൈകോര്‍ക്കലിലൂടെ സ്ഥാപിതമായ സര്‍ക്കാരിന് ഇന്നേക്ക് ഒരുവയസ്. രാജ്യത്തിന്‍റെ ഭരണത്തലവന് പുറത്തേക്കുള്ള വഴി കാണിക്കേണ്ടത് സൈനിക അട്ടിമറികളിലൂടെയല്ലെന്നും ജനാധിപത്യ പ്രക്രിയയിലൂടെയാണെന്നും മനസിലാക്കി ഇക്കഴിഞ്ഞ ഏപ്രില്‍ 10 നായിരുന്നു പാകിസ്ഥാന്‍ ചരിത്രം കുറിച്ചത്. അതായത് പല പ്രധാനമന്ത്രിമാരെയും സൈനിക അട്ടിമറിയിലൂടെ പറഞ്ഞയച്ച രാജ്യത്ത് ദേശീയ അസംബ്ലിയില്‍ 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷ പാർട്ടികളായ പിപിപി (പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി), പിഎംഎൽ (പാകിസ്ഥാൻ മുസ്‌ലിം ലീഗ് (നവാസ്), ജാമിഅത് ഉലമ ഇ ഇസ്‌ലാം (ഫസൽ) എന്നിവര്‍ ഒറ്റക്കെട്ടായി ഇമ്രാനെതിരെ അവിശ്വാസ വോട്ട് ചെയ്‌ത് അധികാരം ജനാധിപത്യം വഴി നേടിയെടുത്തതോടെ പിറന്നത് ഒരു പുതുചരിത്രം തന്നെയാണ്.
ഒന്നും ശരിയായില്ല :രാജ്യം സാമ്പത്തികമായി ഏറെ പ്രതിസന്ധിയിലും ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പത്തിലും പൊറുതിമുട്ടുന്നതിനിടെയായിരുന്നു ഈ അധികാരമാറ്റം. അതുകൊണ്ടുതന്നെ രാജ്യത്തെ സാമ്പത്തിക സ്ഥിരത പുനഃസ്ഥാപിക്കുമെന്ന് വാഗ്‌ദാനം ചെയ്‌തായിരുന്നു ഷെഹ്ബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ ഭരണമേറ്റെടുക്കുന്നത്. ഇതിന്‍റെ പ്രാരംഭഘട്ടമെന്നോണം രാജ്യത്തെ കരകയറ്റാന്‍ ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ടുമായി (ഐഎംഎഫ്) ചര്‍ച്ചകളുണ്ടായെങ്കിലും തുടക്കത്തിലെ ആ വേഗത എവിടെയോ കൈമോശം വന്നു. മാത്രമല്ല പണപ്പെരുപ്പത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി കൊണ്ടുവന്ന നടപടികളൊന്നും തന്നെ പൂര്‍ണതയിലുമെത്തിയില്ല.
'എണ്ണ'യില്‍ വഴുതി :ഇതില്‍ ഏറ്റവും പ്രധാനമായി വിലയിരുത്തപ്പെട്ടത് റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്‌ക്ക് ക്രൂഡ് ഓയില്‍ എത്തിക്കുമെന്നതായിരുന്നു. ഇതിന്‍റെ ഭാഗമായിരുന്നു 23 വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമുള്ള ഒരു പാകിസ്ഥാനി പ്രധാനമന്ത്രിയുടെ മോസ്‌കോ സന്ദര്‍ശനം. റഷ്യയുമായി കരാറുണ്ടാക്കി കുറഞ്ഞ വിലയ്‌ക്ക് ക്രൂഡ് എത്തിക്കുക എന്ന ഇമ്രാന്‍ ഖാന്‍റെ സന്ദര്‍ശന ഉദ്ദേശം വ്യക്തമായിരുന്നു. മാത്രമല്ല നിഷ്‌പക്ഷത ഉയര്‍ത്തിക്കാണിച്ച് റഷ്യയില്‍ നിന്ന് കുറഞ്ഞവിലയ്‌ക്ക് എണ്ണ വാങ്ങുന്ന ഇന്ത്യന്‍ പാത സ്വീകരിക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവേകത്തെ പ്രശംസിച്ച് അദ്ദേഹം അടിവരയിട്ടു. എന്നാല്‍ റഷ്യയുമായി ഒരു കരാറുണ്ടാക്കുന്നതിന് മുമ്പേ തന്നെ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് പുറത്തായി. ഇതോടെ റഷ്യയുമായി കൊടുക്കല്‍ വാങ്ങലുകളിലേക്ക് നീങ്ങേണ്ടുന്ന ഇടപാടുകള്‍ കരാറുകളുടെ പ്രാരംഭ ദശയിലൊതുങ്ങി.
കൈ പൊള്ളാതെ, വോട്ട് ചോരാതെ:സാമ്പത്തിക പ്രതിസന്ധി എക്കാലത്തെയും ഉയർന്ന നിലയിലേക്ക് പോയതോടെ ഇമ്രാന്‍റെ പാര്‍ട്ടിയായ പിടിഐ (പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ്) ചോദ്യങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടി. ഈ സമയം പിടിഐ അധികാരത്തിലുണ്ടായിരുന്ന ഖൈബര്‍ പഖ്‌തുന്‍ഖ്വയിലും പഞ്ചാബിലും തീവ്രവാദം മുളപൊട്ടി. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഗോത്രമേഖലയാണ് ഖൈബര്‍ പഖ്‌തുന്‍ഖ്വ. അതുകൊണ്ടുതന്നെ ഇവിടെയുള്ള സായുധ സംഘങ്ങള്‍ തെഹ്‌രീക് ഇ താലിബാനുമായി ചേര്‍ന്ന് ലയിച്ചതോടെ ഇമ്രാന്‍ പാര്‍ലമെന്‍റില്‍ തന്‍റെ നാളുകള്‍ എണ്ണിത്തുടങ്ങി. പാകിസ്ഥാന്‍ സേന കൂടി മുഖം തിരിച്ചതോടെ, പ്രദേശത്ത് സായുധ പ്രവര്‍ത്തനങ്ങള്‍ ശക്തമാവുകയും ചെയ്‌തു.