ന്യൂഡല്‍ഹി: ലോക്ക്‌ഡൗണിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ സര്‍ക്കസുകളിലെ മൃഗങ്ങളുടെ വിവരങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മൃഗ ക്ഷേമ ബോര്‍ഡിന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് വിപിന്‍ സംഘി, ജസ്റ്റിസ് ജസ്‌മിത് സിങ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിര്‍ദേശം. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബോര്‍ഡിന് മൂന്നാഴ്‌ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.
സത്യവാങ് മൂലം സമര്‍പ്പിക്കണം
പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഓഫ് ആനിമല്‍സ് (പെറ്റ) ഇന്ത്യയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു നിര്‍ദേശം. ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ മൃഗങ്ങളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്നില്ലെന്ന് പെറ്റക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അമന്‍ ഹിന്‍ഗോര്‍ണി കോടതിയെ അറിയിച്ചു. സര്‍ക്കസുകളില്‍ മൃഗങ്ങളുടെ പരിശീലനവും അഭ്യാസ പ്രകടനവും തടയുന്ന പെര്‍ഫോര്‍മിങ് ആനിമല്‍സ് അമന്‍ഡ്‌മെന്‍റ് റൂള്‍സ് 2018 നടപ്പിലാക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കി. നവംബര്‍ 11 ന് കോടതി വാദം കേള്‍ക്കും.
സര്‍ക്കസ് മൃഗങ്ങള്‍ക്ക് എന്ത് സംഭവിച്ചു?
മൃഗ ക്ഷേമ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 740 സര്‍ക്കസ് മൃഗങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും എന്നാല്‍ 28 മൃഗങ്ങളെ മാത്രമേ കാണുന്നൊള്ളുയെന്ന് കഴിഞ്ഞ വര്‍ഷം ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍സ് പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കാണാതായ മൃഗങ്ങള്‍ക്ക് എന്ത് സംഭവിച്ചെന്ന് കണ്ടെത്താന്‍ മൃഗ ക്ഷേമ ബോര്‍ഡിനോടും കേന്ദ്ര മൃഗശാല അതോറിറ്റിയോടും കോടതി നിര്‍ദേശിക്കുകയായിരുന്നു. സര്‍ക്കസ് മൃഗങ്ങളായി രജിസ്റ്റര്‍ ചെയ്‌ത എല്ലാ മൃഗങ്ങളുടേയും നിലവിലെ സ്ഥിതിയെ കുറിച്ച് സത്യവാങ് മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
കൊവിഡിനെ തുടര്‍ന്ന് ഒറ്റപ്പെട്ട സര്‍ക്കസ് മൃഗങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പെറ്റയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍സ് പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷനും കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ലോക്ക്‌ഡൗണിനെ തുടര്‍ന്ന് സര്‍ക്കസുകളിലെ മൃഗങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നും പല മൃഗങ്ങളും പട്ടിണിയിലാണെന്നും പെറ്റ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നു.
Also read: ഹൈക്കോടതി ജഡ്‌ജി നിയമനം: 48 പേരുകൾ ചീഫ് ജസ്‌റ്റിസിന്‍റെ പരിഗണനയിൽ