ഗാന്ധിനഗർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗുജറാത്തിലേക്ക് തിരികെയെത്തുന്നവർ കർശനമായി ആർടിപിസിആർ പരിശോധന നടത്തണമെന്ന് സംസ്ഥാന സർക്കാർ. പരിശോധന ഫലം നെഗറ്റീവ് ആയവർക്ക് മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശിക്കാനാകൂവെന്നും സർക്കാർ അറിയിച്ചു. സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുന്നോടിയായി പരിശോധനക്ക് വിധേയമായിരിക്കണം. അതിർത്തികളിൽ ഇതിനായുള്ള പരിശോധന ശക്തമാക്കുമെന്നും ഉത്തരവിൽ പറയുന്നു.
ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ഗുജറാത്ത് സർക്കാർ - ഗുജറാത്തിൽ പ്രവേശനം
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയത്.
നിലവിൽ അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ ഫോം പൂരിപ്പിച്ച് ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഫോം പൂരിപ്പിച്ച സമയം ഒഴിവാക്കാനായി ഓൺലൈൻ സംവിധാനത്തിലേക്ക് ഇത് മാറ്റുമെന്നും തീരുമാനമായി. സംസ്ഥാനത്ത് തിരികെയെത്തുന്നവർ ഏഴ് ദിവസത്തെ ക്വാറന്‍റൈനിൽ കഴിയണമെന്നും പരിശോധനഫലം പോസിറ്റീവായാൽ അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷനിൽ വിവരം അറിയിക്കണമെന്നും ചികിത്സാ സഹായം തേടണമെന്നും ഉത്തരവിൽ പറയുന്നു.
അഹമ്മദാബാദിലെ ആഭ്യന്തര- അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലായി 20 ആർടി പിസിആർ പരിശോധന സെന്‍ററുകളാണ് ഉള്ളത്. നിലവിൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തുന്നവർ ആർടിപിസിആർ പരിശോധനാ ഫോം പൂർത്തിയാക്കേണ്ടതുണ്ട്. ഇത് ഒരുപാട് സമയം ചെലവാക്കാൻ കാരണമാകുന്നുണ്ടെന്നും ഇത് ഒഴിവാക്കാനായാണ് ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാരെ നിരീക്ഷിക്കാനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.