ന്യൂഡല്‍ഹി :നിരോധനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരെ (പിഎഫ്ഐ) വരാനിരിക്കുന്നത് കര്‍ശന നടപടികള്‍. തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരം പിഎഫ്ഐയുടെ സ്വത്തുക്കൾ കണ്ടുകെട്ടൽ, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കൽ, സാധാരണ പ്രവർത്തനങ്ങളുടെ സമ്പൂർണ നിരോധനം എന്നിവയുൾപ്പടെയുള്ള നടപടികളാണ് ഉണ്ടാവുക.
നിരോധനത്തിന് മതിയായ കാരണമുണ്ടോ ഇല്ലയോ എന്ന് തീർപ്പുകൽപ്പിക്കാൻ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കേന്ദ്ര സര്‍ക്കാര്‍ ട്രൈബ്യൂണലിനെ സമീപിക്കും. അതേസമയം നിരോധന ഉത്തരവ് അഞ്ച് വർഷം നിലനിൽക്കും, മാത്രമല്ല സർക്കാരിന് നിരോധനത്തിന്‍റെ ദൈര്‍ഘ്യം നീട്ടാവുന്നതുമാണ്.
1967ലെ യുഎപിഎ നിയമം അനുസരിച്ച് നിരോധിത സംഘടനയിലെ ഏതെങ്കിലും അംഗത്തിന്‍റെ പക്കല്‍ സംഘടനയ്ക്കായി ഉപയോഗിക്കുന്നതോ അതിന് ഉദ്ദേശിക്കുന്നതോ ആയ ഫണ്ടുകളോ സെക്യൂരിറ്റികളോ ക്രെഡിറ്റുകളോ ഉണ്ടെങ്കില്‍ കേന്ദ്രത്തിന് രേഖാമൂലമുള്ള ഉത്തരവിലൂടെ അത്തരം ആസ്‌തികള്‍ ഉപയോഗിക്കുന്നതില്‍ നിന്നും കൈമാറ്റം ചെയ്യുന്നതിൽ നിന്നും അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ ഇടപാട് നടത്തുന്നതില്‍ നിന്നും വ്യക്തിയെ വിലക്കാനാകും.
ഇത്തരത്തില്‍ ഉത്തരവ് ലഭിച്ച വ്യക്തിക്ക് അന്ന് മുതല്‍ 14 ദിവസത്തിനുള്ളില്‍ അയാള്‍ സ്വമേധയാ താമസിക്കുന്നതോ ബിസിനസ് ചെയ്യുന്നതോ ആയ പ്രദേശം ഉള്‍പ്പെടുന്ന ജില്ല കോടതിയില്‍, ആസ്‌തി നിയമവിരുദ്ധമായ സംഘടനയ്ക്കായി ഉപയോഗിക്കുന്നില്ലെന്നും വിനിയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കാട്ടി അപേക്ഷ നല്‍കാം. ഇതില്‍ കോടതിയാണ് തീരുമാനമെടുക്കുക.