ന്യൂഡല്‍ഹി:ലൈംഗിക അതിക്രമം അടക്കമുള്ള ആരോപണം ഉന്നയിച്ചഗുസ്‌തി താരങ്ങളെ പരസ്യമായി വിമര്‍ശിച്ചതിന് റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമറിനെ സസ്പെൻഡ് ചെയ്‌തു. കേന്ദ്ര കായിക മന്ത്രാലയം ഇന്ന് വൈകിട്ടോടെ ഇതുസംബന്ധിച്ച ഉത്തരവിറക്കി. ഡബ്ല്യുഎഫ്‌ഐ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായി ഗുസ്‌തി താരങ്ങള്‍ ശാരീരിക, ലൈംഗിക അതിക്രമം അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിലായിരുന്നു വിനോദ് തോമറിന്‍റെ പരസ്യ വിമര്‍ശനം.
ALSO READ|ലൈംഗികാതിക്രമത്തിന് പുറമെ സാമ്പത്തിക ക്രമക്കേടുകളും; ബ്രിജ് ഭൂഷണെതിരെ പിടി ഉഷയ്‌ക്ക് പരാതി
ലൈംഗിക അതിക്രമം എന്നൊന്ന് ഇല്ലെന്നും താരങ്ങളുടെത് തെളിവില്ലാത്ത വെറും ആരോപണം മാത്രമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. എന്നാല്‍, തന്‍റെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. 'എനിക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ല. വാര്‍ത്താഏജന്‍സി ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യം അറിയുന്നത്. വിഷയത്തില്‍ എന്‍റെ ഭാഗത്ത് ഒരു തെറ്റും സംഭവിച്ചിട്ടില്ല' - വിനോദ് തോമർ പറഞ്ഞു.
'അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല':ഫെഡറേഷൻ അധ്യക്ഷന്‍ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഡബ്ല്യുഎഫ്‌ഐ പ്രസിഡന്‍റിനെതിരെ ലൈംഗികാതിക്രമവും സാമ്പത്തിക ക്രമക്കേടും ആരോപിച്ച് ഡൽഹി ജന്തർമന്തറിൽ ധർണ നടത്തിയ ഗുസ്‌തി താരങ്ങളുടെ പക്കല്‍ ഒരു തെളിവും ഇല്ല. 12 വർഷമായി താന്‍ അവരുമായി ബന്ധപ്പെടുന്നു. എന്നാല്‍, അത്തരം ഒരു സംഭവവും താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഒളിമ്പിക്‌സ് മെഡൽ ജേതാവ് ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, രവി ദഹിയ, ദീപക് പുനിയ എന്നിവരാണ് പരാതിയില്‍ ഒപ്പുവച്ചിരിക്കുന്നത്. ബ്രിജ് ഭൂഷൺ രാജിവയ്‌ക്കണമെന്നും ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതി രൂപീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, ഇന്ന് ഫെഡറേഷന്‍ അധ്യക്ഷന്‍ സ്ഥാനത്തുനിന്നും ബ്രിജ് ഭൂഷൺ മാറിനില്‍ക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ ഗുസ്‌തി താരങ്ങള്‍ ബുധനാഴ്‌ച (ജനുവരി 18) ആരംഭിച്ച സമരം അവസാനിപ്പിച്ചു.