ന്യൂഡല്‍ഹി:പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് വീണ്ടും തലവേദനയാകുന്നു. ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത് രാഷ്‌ട്രീയങ്ങളിലെ പുതിയ സംഭവങ്ങള്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതായാണ് വിലയിരുത്തല്‍. ഗോവയില്‍ പ്രതിപക്ഷ നേതാവും, ഭാര്യയും, മുന്‍ മുഖ്യമന്ത്രിയും അടക്കം കോണ്‍ഗ്രസിന്‍റെ അതിപ്രാധാന്യമുള്ള സ്ഥാനങ്ങളിലെ നേതാക്കള്‍ ബിജെപിയിലേക്ക് പോയതോടെ പ്രതിസന്ധി മറികടക്കാന്‍ പുതിയ വഴി തേടുകയാണ് കോണ്‍ഗ്രസ്.
ഗുജറാത്ത്, ഗോവ, മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പുകളും പിന്നീടുണ്ടായ മാറ്റങ്ങളും ഹൈക്കമാന്‍റിന് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇതില്‍ നിന്നും രക്ഷ നേടാന്‍ ഒടുവില്‍ പ്രതിസന്ധി പരിഹാര കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതിന്‍റെ ഭാഗമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക്കിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഗോവയിലേക്ക് നിയമിച്ചു. മഹാരാഷ്‌ട്രയിലെ മുതിര്‍ന്ന നേതാവായ മോഹന്‍ പ്രകാശിനാണ് ഗോവയിലെയും, മഹാരാഷ്‌ട്രയിലെയും പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ചാഞ്ചാടി മഹാരാഷ്‌ട്ര: നിരവധി കോണ്‍ഗ്രസ് എംഎല്‍എമാരാണ് കഴിഞ്ഞ കുറച്ച് നാളുകള്‍ക്കുള്ളില്‍ ബിജെപിയിലേക്ക് ചേക്കേറിയത്. മഹാരാഷ്‌ട്രയില്‍ എല്‍സിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജൂണ്‍ 20ന് ബിജെപിക്ക് അനുകൂലമായാണ് കോണ്‍ഗ്രസിലെ ചില എംഎല്‍എമാര്‍ വേട്ട് ചെയ്‌തത്. എന്നാല്‍ ജൂലൈ നാലിന് ഏക്‌നാഥ് ഷിന്‍ഡെയ്‌ക്ക് എതിരായി വോട്ടു ചെയ്‌ത് ഇവര്‍ പാര്‍ട്ടിയുടെ തലവേദന കുറച്ചു.
ഇതിനിടെയാണ് ഗോവയില്‍ കോണ്‍ഗ്രസിലെ 11 എം.എല്‍.എമാര്‍ ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഇവരെ തടയുകയും നിലവില്‍ കൂറുമാറിയ ആറ് എം.എല്‍.എമാരെ തിരിച്ച് എത്തിക്കാനുമുള്ള ദൗത്യം സോണിയ ഗാന്ധി വാസ്‌നിക്കിന് നല്‍കിയിരിക്കുകയാണ്.
2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 40 സീറ്റുള്ള ഗോവയില്‍ 17 സീറ്റ് വിജയിച്ചിരുന്നു കോണ്‍ഗ്രസ്. സഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും 13 സീറ്റ് മാത്രം നേടിയ ബിജെപി സംസ്ഥാനത്ത് മന്ത്രിസഭയുണ്ടാക്കി. ബിജെപി ജനവിധിയെ വിലയ്‌ക്കെടുത്തു എന്നായിരുന്നു പാര്‍ട്ടി അന്ന് ഇതിനെ വിമര്‍ശിച്ചത്. ഇതിനിടെ തങ്ങളുടെ 10 എം.എല്‍ എമാര്‍ കൂടി ബിജെപിയില്‍ എത്തിയത് പാര്‍ട്ടിക്ക് വന്‍ തലവേദനയായി. 2022ലെ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് തന്നെ പാര്‍ട്ടി വിട്ടു. എന്നാല്‍ ഇദ്ദേഹത്തെ തിരിച്ച് എത്തിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖമായി അദ്ദേഹത്തെ കൊണ്ടുവന്നു.
സത്യം ചെയ്യിച്ച നിസ്സഹായത: 2017ല്‍ 17 സീറ്റില്‍ വിജയിച്ച പാര്‍ട്ടി 2022ല്‍ 11 സീറ്റിലേക്ക് വീണ്ടും ചുരുങ്ങി. തെരഞ്ഞെടുപ്പിന് മുന്‍പ് ജയിച്ചാല്‍ പാര്‍ട്ടി വിടില്ലെന്ന് ദൈവനാമത്തില്‍ സത്യം ചെയ്യിച്ചാണ് എം.എല്‍.എമാരെ കോണ്‍ഗ്രസ് പുറത്തിറക്കിയത്. ഒരു ദേശീയ പാര്‍ട്ടിക്ക് സ്വന്തം എം.എല്‍.എമാരെ സത്യം ചെയ്യിക്കേണ്ടി വന്ന സംഭവം അന്ന് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
തീര്‍ന്നില്ല 2019ല്‍ അയല്‍ രാഷ്‌ട്രീയ പ്രതിസന്ധി നിലനിന്നെങ്കിലും മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ്, എന്‍സിപി ശിവസേന സഖ്യം ചേര്‍ന്ന് ഭരണം പിടിച്ചു. ശിവസേനയ്‌ക്കും എൻസിപിക്കും ഒപ്പം അന്ന് കോണ്‍ഗ്രസ് വഴങ്ങി കൊടുത്താണ് പേരിനെങ്കിലും ഭരണമെന്ന നിലയിലേക്ക് എത്തിയത്. എന്നാല്‍ ബിജെപി മഹാ വികാസ് അഗാഡി സഖ്യത്തെ അട്ടിമറിച്ച് മഹാരാഷ്‌ട്രയില്‍ ഭരണം തിരിച്ച് പിടിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. പ്രതിസന്ധികള്‍ക്കിടയില്‍ ശിവസേനയുടെയും എന്‍സിപിയുടെയും വാക്കുകള്‍ ശ്രദ്ധയോടെ കേട്ട രാഷ്‌ട്രീയ ഇന്ത്യ ഒരിക്കല്‍ പോലും കോണ്‍ഗ്രസിനെ ശ്രദ്ധിച്ചില്ലെന്നതും ശ്രദ്ധേയമായിരുന്നു. അതേസമയം ബിജെപി പാളയത്തില്‍ എത്തിയ ശിവസേന വിമത നേതാവ് മഹാരാഷ്‌ട്രയില്‍ സംസ്ഥാന മുഖ്യമന്ത്രി ആയതോടെ കോണ്‍ഗ്രസിന് വന്‍ പ്രഹരമേറ്റു.
ഗൂജറാത്തിലും സ്ഥിതി മോശമാണ് കോണ്‍ഗ്രസിന്. അടുത്തിടെയാണ് വര്‍ക്കിങ് പ്രസിഡന്‍റും യുവ നേതാവുമായ ഹാര്‍ദിക്ക് പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇദ്ദേഹത്തിനൊപ്പം എം.എല്‍.എയായ അശ്വിന്‍ കൊട്വാളും പാര്‍ട്ടി വിട്ടു. ഇതോടെ സോണിയ ഗാന്ധി 26 അംഗ എഐസിസി അംഗങ്ങളെ സംസ്ഥാനത്തിന്‍റെ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കാനായി നിയോഗിച്ചു. തെരഞ്ഞെടുപ്പിന് അഞ്ച് മാസം ബാക്കി നില്‍ക്കെയായിരുന്നു തീരുമാനം. 27 എഐസിസി അംഗങ്ങളാണ് തങ്ങളുടെ 26 എം.എല്‍.എമാരെ നിരീക്ഷിക്കുന്നത്.