ബങ്കുര (വെസ്റ്റ് ബംഗാൾ) : ബങ്കുരയിലെ ഒണ്ട റെയിൽവേ സ്റ്റേഷനിൽ രണ്ട് ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു. തുടർന്ന് ഖരഗ്‌പൂർ-ബങ്കുര-അദ്ര പാതയിലെ റെയിൽ ഗതാഗതം നിർത്തിവച്ചു. അപകടത്തിന്‍റെ കാരണവും രണ്ട് ട്രെയിനുകളും എങ്ങനെ കൂട്ടിയിടിച്ചുവെന്നതും അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് ദിബാകർ മജ്ഹി സേഫ്റ്റി ഓഫിസർ പറഞ്ഞു.
അപകടത്തിൽ ഒരു ഗുഡ്‌സ് ട്രെയിനിന്‍റെ നിരവധി ബോഗികളും എഞ്ചിനും പാളം തെറ്റി. ഒഡിഷയിലെ ബാലസോറിൽ 275 പേരുടെ ജീവനെടുക്കുകയും 1,000 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത കോറമണ്ഡൽ എക്‌സ്പ്രസും മറ്റ് രണ്ട് ട്രെയിനുകളും കൂട്ടിയിടിച്ച് അപകടം സംഭവിച്ച് ആഴ്‌ചകള്‍ക്ക് ശേഷമാണ് വീണ്ടും തീവണ്ടികള്‍ കൂട്ടിയിടിച്ചത്.
നേരത്തെ, ജൂൺ 5 തിങ്കളാഴ്‌ച അസമിലെ ഗോലാഘട്ട് ജില്ലയിലെ ആളില്ലാ റെയിൽവേ ക്രോസിൽ കാരിയർ വാഹനവുമായി ട്രെയിൻ കൂട്ടിയിടിച്ചിരുന്നു. എന്നാൽ AS-05AC-3588 എന്ന രജിസ്‌ട്രേഷൻ നമ്പർ ഉള്ള വാഹനത്തിന്‍റെ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗോലാഘട്ട് ജില്ലയിലെ ചുംഗജൻ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. ഇതേ തുടർന്ന് പ്രദേശത്ത് ലെവൽ ക്രോസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്‌തിരുന്നു.
ബർഗഡിലെ ഭട്‌ലിക്ക് സമീപം ചുണ്ണാമ്പുകല്ല് കയറ്റിപ്പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയിരുന്നു. ബർഗഡ് ജില്ലയിലെ മെന്ദപാലി മേഖലയിൽ വച്ചാണ് അപകടം സംഭവിച്ചത്. ചുണ്ണാമ്പുകല്ല് നിറച്ച ഗുഡ്‌സ് ട്രെയിനിന്‍റെ അഞ്ചോളം ബോഗികൾ ഭട്‌ലി ബ്ലോക്കിലെ സംബർധാരയ്‌ക്ക് സമീപത്ത് പാളം തെറ്റുകയായിരുന്നു. ആളപായം റിപ്പോർട്ട് ചെയ്‌തിരുന്നില്ല.
സിമന്‍റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഗുഡ്‌സ് ട്രെയിൻ നിർമാണ യൂണിറ്റിലേക്ക് ചുണ്ണാമ്പുകല്ല് കൊണ്ടുപോകുമ്പോഴാണ് പാളം തെറ്റിയത്. ഇത്തരത്തിൽ നിർമാണ കമ്പനിയിലേക്ക് സാധനങ്ങൾ എത്തിക്കാൻ മാത്രമാണ് ഈ റൂട്ട് ഉപയോഗിക്കുന്നത്. ദുംഗുരി ചുണ്ണാമ്പുകല്ല് ഖനിയിൽ നിന്ന് നിർമ്മാണ ഫാക്‌ടറിയിലേക്ക് പോവുകയായിരുന്നു അപകടത്തിൽപ്പെട്ട ഗുഡ്‌സ് ട്രെയിൻ.
മേഖലയിലെ റെയില്‍ പാളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്വകാര്യ സിമന്‍റ് കമ്പനി പരിപാലിക്കുന്നതിനാൽ ഇക്കാര്യത്തിൽ റെയിൽവേയ്ക്ക് പങ്കില്ലെന്ന് വകുപ്പ് വിശദീകരിച്ചു.
ജൂൺ 2നാണ് ഒഡിഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം ഉണ്ടായത്. 275 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്‌ടമായത്. ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപത്തുവച്ച് രാത്രി 7.20ഓടെ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് ട്രെയിൻ ഗുഡ്‌സ് ട്രെയിനിലിടിച്ച് പാളം തെറ്റുകയായിരുന്നു. തുടർന്ന് പാളം തെറ്റി കിടന്ന ട്രെയിനിലേക്ക് ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചുകയറുകയും ചെയ്‌തു.
Also read :Video | നടുക്കുന്ന കാഴ്‌ച; ബാലസോര്‍ ദുരന്തത്തിന് തൊട്ടുമുൻപുള്ള ദൃശ്യം പുറത്ത്
മരിച്ച 275 പേരില്‍ 81 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഈ മൃതദേഹങ്ങള്‍ നിലവില്‍ ഡീപ് ഫ്രീസറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് പ്രഖ്യാപിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം ലഭിക്കും. ഇത് കൂടാതെ, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിദാശ്വാസ ഫണ്ടില്‍ നിന്ന് ധനസഹായം പ്രഖ്യാപിച്ചിരുന്നു.