കൊൽക്കത്ത:തെരഞ്ഞെടുപ്പ് ആവേശത്തിൽ പശ്ചിമ ബംഗാൾ. പ്രധാന മുന്നണികളായ തൃണമൂലും എൻഡിഎയും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് യുദ്ധത്തിൽ ആര് നേടും ആര് വീഴും എന്നുള്ളത് കാത്തിരുന്ന് കാണേണ്ട ഒന്നാണ്. നാളെ നടക്കാനിരിക്കുന്ന മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 31 നിയോജക മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ഇതിൽ നിന്ന് ആകെ 205 സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. 205 സ്ഥാനാർഥികളിൽ 193 പുരുഷന്മാരും 12 വനിതകളുമാണുള്ളത്. ഇതിൽ 50 ശതമാനം (102) പേർക്കും പന്ത്രണ്ടാം ക്ലാസാണ് ഉയർന്ന വിദ്യാഭ്യാസ യോഗ്യത.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്; ആവേശമായി മൂന്നാം ഘട്ടം നാളെ - പശ്ചിമ ബംഗാൾ മൂന്നാംഘട്ട തെരഞ്ഞെടുപ്പ്
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മെയ് 2 ന് നടക്കും
അതേസമയം ക്രിമിനൽ കേസുകളുള്ള 26 ശതമാനം സ്ഥാനാർഥികളാണ് മൂന്നാം ഘട്ടത്തിൽ മത്സരിക്കുന്നത്. സുപ്രീം കോടതി നിർദേശത്തിന് എതിരായാണ് ക്രിമിനൽ കേസുകൾ നിലവിലുള്ളവർക്ക് വീണ്ടും രാഷ്‌ട്രീയ പാർട്ടികൾ സീറ്റ് നൽകിയിരിക്കുന്നത്. അക്രമരഹിതമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനും വോട്ടർമാരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും സിഎപിഎഫിന്‍റെ 125 ഓളം കമ്പനികളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
ഏപ്രിൽ ഒന്നിന് 30 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ പശ്ചിമ ബംഗാൾ 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയിരുന്നു. അതേസമയം മാർച്ച് 27 ന് 30 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ 79.79 ശതമാനമായിരുന്നു പോളിങ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മെയ് 2 ന് നടക്കും. കഴിഞ്ഞ തവണ ഏഴ് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.