ഹൂഗ്ലി:പശ്ചിമ ബംഗാളിലെ റിഷ്‌റയിൽ ഇന്നലെ (ഏപ്രില്‍ മൂന്ന്) വൈകിട്ടോടെ ബോംബാക്രമണം റിപ്പോർട്ട് ചെയ്‌തു. ആക്രമണങ്ങളെ തുടർന്ന് റിഷ്‌റ റെയിൽവെ സ്റ്റേഷനിലേക്കും പുറത്തേക്കുമുള്ള എല്ലാ ലോക്കൽ, മെയിൽ എക്‌സ്പ്രസ് ട്രെയിൻ സർവീസുകളും നിർത്തിവച്ചു. രാത്രി ഒന്‍പത് മണിയോടെ ഹൗറ-ബർദ്വാൻ, തർക്കേശ്വര്‍ റൂട്ടുകളിൽ ട്രെയിൻ ഗതാഗതം പൂർണമായും നിർത്തലാക്കി.
റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ ഗേറ്റില്‍ ആക്രമണമുണ്ടായി. പൊലീസ് വാഹനത്തിന് അക്രമികൾ തീയിടുകയും ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും ചെയ്‌തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. റിഷ്‌റയിലും ശ്രീരാംപൂരിലും രാമനവമി ആഘോഷത്തെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
സംഘർഷത്തെ തുടർന്ന് ഹൂഗ്ലി ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. ആക്രമണത്തെ തുടർന്ന് പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് ഇന്ന് ഡാർജിലിങിൽ പങ്കെടുക്കാനിരുന്ന പരിപാടി റദ്ദാക്കി.
സംസ്ഥാന സർക്കാരിനെതിരെ ബിജെപി: തിങ്കളാഴ്‌ച റിഷ്‌റ സന്ദർശിക്കാൻ എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാറിനെ പൊലീസ് തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് ചില ബിജെപി പ്രവർത്തകർ റിഷ്‌റയിലെ ദുരിതബാധിത പ്രദേശത്തിന് സമീപം കുത്തിയിരിപ്പ് സത്യഗ്രഹം നടത്തി. അക്രമം നിയന്ത്രിക്കുന്നതിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമാണെന്നാണ് ബിജെപിയുടെ ആരോപണം.
ക്രമസമാധാനം നിലനിർത്താനും സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനുമായി കേന്ദ്രസേനയെ വിന്യസിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. സംഘർഷത്തിൽ പുർസുറ ബിജെപി എംഎൽഎ ബിമൻ ഘോഷിന് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബിമൻ ഘോഷിനെ ബിജെപി നേതാവ് സുവേന്ദു അധികാരി ആശുപത്രിയിലെത്തി സന്ദർശിച്ചു.