കൊൽക്കത്ത : പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിലായി 696 ബൂത്തുകളിൽ ഇന്ന് റീപോളിങ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾക്കിടെ ഉണ്ടായ വ്യാപക അക്രമങ്ങൾക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് റീപോളിങ് പ്രഖ്യാപിച്ചത്. സംഘർഷാവസ്ഥ രൂക്ഷമായ ജില്ലകളിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.
രാവിലെ 7 മണിക്ക് ആരംഭിച്ച റീപോളിംഗ് വൈകുന്നേരം 5 മണി വരെ തുടരും. കനത്ത സുരക്ഷക്കിടയിലാണ് റീപോളിങ് നടക്കുന്നത്. നാളെ വോട്ടെണ്ണൽ നടക്കും. പൊലീസിന് പുറമെ ഓരോ ബൂത്തുകളിലും നാല് കേന്ദ്ര സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. അക്രമ ബാധിതമായ മുർഷിദാബാദ് ജില്ലയിലാണ് ഏറ്റവും കൂടുതൽ ബൂത്തുകളുള്ളത്. 175 ബൂത്തുകളാണ് ഇവിടെ ഉള്ളത്.
രണ്ടാമതായി 109 ബൂത്തുകളുള്ള മാർഡ ജില്ലയാണ്. നാദിയയിലെ 89 ബൂത്തുകളിലും, കൂച്ച് ബെഹാർ - 53, നോർത്ത് 24 പർഗാനാസ് - 46, ഉത്തർ ദിനാജ്‌പൂർ - 42, സൗത്ത് 24 പർഗാനാസ് - 36, പുർബ മേദിനിപൂർ - 31, ഹൂഗ്ലി - 29 എന്നിവിടങ്ങളിലും റീപോളിങ് നടക്കുന്നുണ്ട്. ഡാർജിലിംഗ്, ജാർഗ്രാം, കലിംപോങ് ജില്ലകളിൽ റീപോളിംഗിന് ഉത്തരവിട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ബംഗാളിലെ വിവിധയിടങ്ങളിലായി ഉണ്ടായ വ്യാപക അക്രമങ്ങളിൽ 18 പേർ മരിച്ചതായാണ് റിപ്പോർട്ട്.
മുർഷിദാബാദ്, നാദിയ, കൂച്ച് ബെഹാർ ജില്ലകൾ കൂടാതെ സൗത്ത് 24 പർഗാനകളിലെ ഭംഗർ, പുർബ മേദിനിപൂരിലെ നന്ദിഗ്രാം എന്നിവിടങ്ങളിലാണ് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിൽ നടന്ന അക്രമ സംഭവങ്ങളെ ഗവർണർ ഡോ. സി വി ആനന്ദ ബോസ് അപലപിച്ചിരുന്നു. പശ്ചിമ ബംഗാളിലെ സ്ഥിതിഗതികൾ അസ്വസ്ഥത ഉളവാക്കുന്നതാണെന്നും എന്ത് വിലകൊടുത്തും സമാധാനം പുനസ്ഥാപിക്കണമെന്നും ഗവർണർ വ്യക്തമാക്കി.
ഇതുകൂടാതെ, രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സംഘർഷത്തിൽ ആളുകൾ കൊല്ലപ്പെട്ട പശ്ചിമ ബംഗാളിലെ സ്ഥലങ്ങളും ഗവർണർ സന്ദർശിച്ചു. കൂച്ച് ബെഹാറിലെ ദിൻഹാതയിൽ കൊല്ലപ്പെട്ടയാളുടെയും ബസന്തിയിൽ മരിച്ചയാളുടെയും കുടുംബാംഗങ്ങളെ ഗവർണർ സന്ദർശിച്ചു. ഇത് കൂടാതെ, നോർത്ത് 24 പർഗാനാസ് ജില്ലയിലെ സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തി. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗറും കാനിംഗും അദ്ദേഹം സന്ദർശിച്ചു.
More read :West Bengal Violence | 'ബംഗാൾ അർഹിക്കുന്നതും ആഗ്രഹിക്കുന്നതും ഇതല്ല'; അപലപിച്ച് ഗവർണർ
ഭരണകക്ഷിയായ ടിഎംസി ജില്ല പരിഷത്തുകളിലെ 928 സീറ്റുകളിലും പഞ്ചായത്ത് സമിതികളിലെ 9,419 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 61,591 സീറ്റുകളിലും മത്സരിക്കുന്നു. 897 ജില്ലാ പരിഷത്ത് സീറ്റുകളിലും 7,032 പഞ്ചായത്ത് സമിതി സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിൽ 38,475 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. 747 ജില്ലാ പരിഷത്ത് സീറ്റുകളിലും 6,752 പഞ്ചായത്ത് സമിതി സീറ്റുകളിലും 35,411 ഗ്രാമപഞ്ചായത്ത് സീറ്റുകളിലുമാണ് സിപിഐ(എം) മത്സരിക്കുന്നത്. 644 ജില്ലാ പരിഷത്ത് സീറ്റുകളിലും 2,197 പഞ്ചായത്ത് സമിതി സീറ്റുകളിലും 11,774 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും കോൺഗ്രസും മത്സരിക്കുന്നു.