കൊല്‍ക്കത്ത: ജൂലൈ മൂന്നിന് നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുവാനുള്ള അവസാന ദിനത്തിലും പശ്ചിമ ബംഗാളില്‍ സംഘര്‍ഷം തുടരുകയാണ്. സൗത്ത് 24 പരാഗനാസിലെ ഭംഗറില്‍ നിന്ന് ഏഴ് ബാഗുകള്‍ നിറയെ ക്രൂഡ് ബോംബുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഗവര്‍ണര്‍ സി വി ആനന്ദബോസ് പരാഗനാസിലെത്തി.
കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് കോടതി: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കുവാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് പരാഗനാസില്‍ നിന്നും ക്രൂഡ് ബോംബുകള്‍ പിടികൂടിയത്. ഇത്തരമൊരു സാഹചര്യം തൃണമൂല്‍ സര്‍ക്കാരിനെതിരെ പരമാവധി അമ്പുകള്‍ എയ്യുവാന്‍ പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപിയ്‌ക്ക് ഒരവസരം നല്‍കി എന്നതില്‍ സംശയമില്ല.
എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര സേനയെ വിന്യസിക്കുവാനുള്ള കോടതി ഉത്തരവിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു. ക്രൂഡ് ബോംബുകള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് സ്ഥലത്ത് ബോംബ് സ്‌ക്വാഡെത്തി പരിശോധനകള്‍ നടത്തി വരികയാണ്.
സംഘര്‍ഷത്തില്‍ പങ്കുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. എത്രയും വേഗത്തില്‍ തന്നെ പ്രശ്‌നത്തിന് പരിഹാരമുണ്ടാവണം. ഇത് പ്രവര്‍ത്തിക്കേണ്ട സമയമാണ് വാക്കുകള്‍ക്കുള്ള സമയമല്ല - അദ്ദേഹം പറഞ്ഞു.
ടിഎംസി കേഡേഴ്‌സിനെക്കുറിച്ച് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ഭംഗാര്‍ കോളജ് സന്ദര്‍ശിക്കുകയും അഡ്‌മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരുമായി സംവദിക്കുകയും ഐഎസ്‌എഫ് പ്രവര്‍ത്തകരുടെ പരാതികള്‍ ക്ഷമയോടെ കേള്‍ക്കുകയും ചെയ്‌തു. ഐഎസ്എഫ് അനുകൂലികൾക്കെതിരെ ബോംബെറിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ ഐഎസ്എഫ് സ്ഥാനാർഥികളെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്നായിരുന്നു പരാതി.
മരണം അഞ്ചായി: കഴിഞ്ഞ 12 മണിക്കൂറിനിടെ രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. സംസ്ഥാനത്തെ മുര്‍ഷിതാബാദ് ജില്ലയിലെ നബര്‍ഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ലോക്കല്‍ ഏരിയ സെക്രട്ടറി കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചതായി ജില്ലയിലെ പൊലീസ് മേധാവി സുരീന്ദര്‍ സിങ് പറഞ്ഞു.
നബര്‍ഗ്രാമിലെ സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന ദിനത്തില്‍ സൗത്ത് 24 പരാഗനാസ് ജില്ലയിലെ ഭംഗറില്‍ നടന്ന നാമനിര്‍ദേശത്തെ ചൊല്ലിയുള്ള സംഘര്‍ഷങ്ങളില്‍ വെടിയേറ്റ ഓള്‍ ഇന്ത്യ സെക്യുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സെലിം മൊല്ലയും മരണപ്പെട്ടിരുന്നു. ഭംഗറിൽ നാമനിർദേശ പത്രിക സമര്‍പ്പണത്തിനിടെ നടന്ന സംഘർഷത്തിൽ ഒരു എഐഎസ്‌എഫ് സ്ഥാനാർഥിയും ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകനും കൊല്ലപ്പെട്ടു
വീടിന് തീയിട്ടതിനെ തുടര്‍ന്ന് സ്വന്തം നാട്ടിലേയ്‌ക്ക് മടങ്ങി മന്ത്രി:അതേസമയം, മണിപ്പൂരില്‍ കലാപകാരികൾ വീടിന് തീയിട്ടതിനെ തുടർന്ന് കേന്ദ്രമന്ത്രി ഡോ രാജ്‌കുമാർ രഞ്ജൻ സിങ് സ്വന്തം നാട്ടിലേക്ക് മടങ്ങി. നരേന്ദ്ര മോദി സർക്കാറിന്‍റെ ഒമ്പതാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ചാലക്കുടി മണ്ഡലം ഉൾപ്പടെയുള്ള നാല് ലോക്‌സഭ മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന ജന സമ്പർക്ക പരിപാടിയിൽ പങ്കെടുക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ.രാജ്‌കുമാർ രഞ്ജൻ സിങ് കൊച്ചിയിലെത്തിയത്. കലാപകാരികൾ വീടിന് തീയിട്ടെന്ന വാർത്ത അറിഞ്ഞയുടൻ പരിപാടി റദ്ദാക്കി മന്ത്രി സ്വന്തം നാട്ടിലേക്ക് മടങ്ങി.