കൊൽക്കത്ത : കലാപം രൂക്ഷമായ പശ്ചിമ ബംഗാൾ (West Bengal) പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ പ്രക്രിയ ആരംഭിച്ചത്. നിലവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്‍പില്‍. ജൂലൈ എട്ട് ശനിയാഴ്‌ച വോട്ടെടുപ്പ് നടന്നെങ്കിലും സംസ്ഥാനത്തുടനീളം വ്യാപകമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയായിരുന്നു. അക്രമത്തിൽ 20 പേർ മരിച്ചു.
ആദ്യം ഗ്രാമപഞ്ചായത്തുകളിലേയും തുടർന്ന് ജില്ല സമിതികളിലേയും ജില്ല പരിഷത്തുകളിലുമുള്ള വോട്ടുകൾ എണ്ണും. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സുരക്ഷക്കായി കേന്ദ്രസേനാംഗങ്ങളെയും വിന്യാസിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും വോട്ടെണ്ണൽ.
ജൂലൈ എട്ടിനായിരുന്നു പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് (West Bengal Panchayat Polls) നടന്നത്. എന്നാൽ ആ ദിവസം കള്ളവോട്ട്, ബൂത്ത് പിടിച്ചെടുക്കൽ, തെരഞ്ഞെടുപ്പിലെ ക്രമക്കേട്, തുടങ്ങി നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തു. തുടർന്ന് വോട്ടിങ് അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു.
ജൂലൈ എട്ടിന് അക്രമസംഭവങ്ങൾ ഉണ്ടായ ജില്ലകളിൽ പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് (Governor CV Ananda Bose) സന്ദർശനം നടത്തി. തെരഞ്ഞെടുപ്പിനെ തുടർന്ന് ബംഗാളിൽ നടന്ന അക്രമസംഭവങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി (Union Home Minister Amit Shah) സിവി ആനന്ദ ബോസ് കൂടിക്കാഴ്‌ച നടത്തി. തുരങ്കത്തിന്‍റെ അറ്റത്ത് വെളിച്ചമുണ്ടാകുമെന്നും ഭാവിയിൽ നല്ല കാര്യങ്ങൾ സംഭവിക്കുമെന്നും യോഗത്തിന് ശേഷം ഗവർണർ പറഞ്ഞു.