ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്ന് വിട്ട് നിന്ന് പശ്ചിമബംഗാള്‍ ആരോഗ്യമന്ത്രി. കൊവിഡ് കേസുകളില്‍ ഒമ്പത് സംസ്ഥാനങ്ങളില്‍ വര്‍ധനവ് കണ്ട സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി യോഗം വിളിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു. ഹരിയാനയിലെയും ഹിമാചല്‍ പ്രദേശത്തിലെയും ആരോഗ്യമന്ത്രിമാരുടെ അസാന്നിധ്യത്തില്‍ ആരോഗ്യ അഡീഷണല്‍ സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു.
കേന്ദ്ര ആരോഗ്യമന്ത്രിയുടെ യോഗത്തില്‍ നിന്ന് വിട്ട് നിന്ന് പശ്ചിമബംഗാള്‍ ആരോഗ്യമന്ത്രി - പശ്ചിമബംഗാള്‍
9 സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി യോഗം വിളിച്ചത്.

ചില സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും, പരിശോധനകളുടെ എണ്ണത്തില്‍ കുറവ് വരികയും, 24 മണിക്കൂറില്‍ മരണനിരക്കില്‍ വന്ന വര്‍ധനവുമാണ് യോഗം വിളിച്ചു ചേര്‍ക്കാന്‍ കാരണം. വരാനിരിക്കുന്ന ശൈത്യകാലവും ആഘോഷകാലങ്ങളും കൊവിഡില്‍ ഇതുവരെ നേടിയ നേട്ടങ്ങള്‍ക്ക് ഭീഷണിയാകാമെന്ന് ആരോഗ്യമന്ത്രി ഡോ ഹര്‍ഷ്‌വര്‍ധന്‍ പറഞ്ഞു. ദസറ മുതല്‍ ക്രിസ്‌ത്‌മസ്, മകര സംക്രാന്തി എന്നീ ആഘോഷങ്ങള്‍ കഴിയുന്നതുവരെ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
രാജ്യത്ത് നിലവില്‍ 2074 കൊവിഡ് പരിശോധനാ ലാബുകളാണ് നിലവിലുള്ളത്. ദിനംപ്രതി 1 മുതല്‍ 5 മില്ല്യണ്‍ കൊവിഡ് പരിശോധന നടത്താനുള്ള സൗകര്യമാണ് രാജ്യത്തുള്ളത്. നിലവില്‍ 0.44 ശതമാനം രോഗികള്‍ വെന്‍റിലേറ്ററിലും, 2.47 ശതമാനം പേര്‍ ഐസിയുവിലും, 4.13 ശതമാനം പേര്‍ ഓക്‌സിജന്‍ സഹായത്താലും ചികില്‍സയിലാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. പരിശോധന വര്‍ധിപ്പിച്ചും, മാര്‍ക്കറ്റുകള്‍, ജോലി സ്ഥലങ്ങള്‍, മത സഭകള്‍ കേന്ദ്രീകരിച്ചും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് വ്യക്തമാക്കി.