കൊല്‍ക്കത്ത (പശ്ചിമ ബംഗാള്‍):സംസ്ഥാനത്ത് വൈസ് ചാന്‍സലര്‍മാരില്ലാത്ത (Vice Chancellors) സര്‍വകലാശാലകളുടെ ആക്‌ടിങ് വൈസ് ചാന്‍സലര്‍ (Acting Vice Chancellors) സ്ഥാനം ഏറ്റെടുത്ത് പശ്ചിമ ബംഗാള്‍ (West Bengal) ഗവര്‍ണറും സര്‍വകലാശാലകളുടെ ചാന്‍സലറുമായ സിവി ആനന്ദ ബോസ് (CV Ananda Bose). തനിക്ക് മുമ്പുണ്ടായിരുന്ന ഗവര്‍ണറും നിലവിലെ ഉപരാഷ്‌ട്രപതിയുമായ (Vice President) ജഗ്‌ദീപ് ധന്‍ഖറിന്‍റെ (Jagdeep Dhankhar) പാത പിന്തുടര്‍ന്നാണ്, സിവി ആനന്ദ് ബോസ് വൈസ് ചാന്‍സലര്‍മാരില്ലാത്ത സര്‍വകലാശാലകളുടെ ആക്‌ടിങ് വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്തത്. അതേസമയം വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നം പരിഹരിക്കാനാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കില്‍, ഇത് സംസ്ഥാനത്ത് ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന് വഴിമരുന്നിട്ടിട്ടുണ്ട്.
വിദ്യാര്‍ഥികളെ നിങ്ങള്‍ക്കായി:പശ്ചിമ ബംഗാളിലെ ചുരുക്കം സംസ്ഥാന സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ തസ്‌തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് മൂലം വിദ്യാർഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതായി മനസിലാക്കുന്നു. അവര്‍ക്ക് ആശ്വാസം പകരുന്നതിനായി ഈ സര്‍വകലാശാലകളില്‍ ഇടക്കാല വിസിമാര്‍ നിയമിക്കപ്പെടുന്നത് വരെ ചാൻസലർ എന്ന നിലയിൽ ബഹുമാനപ്പെട്ട പശ്ചിമ ബംഗാള്‍ ഗവർണർ വിസിമാരുടെ ചുമതലകൾ നിർവഹിക്കാൻ തീരുമാനിച്ചുവെന്ന് രാജ്‌ഭവന്‍ (Raj Bhavan) പ്രസ്‌താവനയിലൂടെയാണ് അറിയിച്ചത്.
മാത്രമല്ല വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായുള്ള തന്‍റെ സമർപ്പണം ആവർത്തിച്ചുകൊണ്ട് 'ആംനേ സാംനേ' എന്ന പരിപാടിയിലൂടെ വിദ്യാർഥികളുമായി ഇടപഴകാനുള്ള സന്നദ്ധതയും ഗവര്‍ണര്‍ ആനന്ദ ബോസ് പ്രകടിപ്പിച്ചു.
സംവദിക്കാന്‍ സന്നദ്ധനായി ഗവര്‍ണര്‍:കൂടാതെ വിദ്യാര്‍ഥികള്‍ക്ക് ആശയവിനിമയം നടത്തുന്നതിനും അവരുടെ ആശങ്കകളും പ്രശ്‌നങ്ങളും ഉടനടി പരിഹരിക്കുന്നതിനുമായി ഇ മെയില്‍ വിലാസവും ഫോണ്‍ നമ്പറും ഇതിന്‍റെ ഭാഗമായി ലഭ്യമാക്കുകയും ചെയ്‌തിട്ടുണ്ട്. വിദ്യാർഥികൾക്ക് അവരുടെ പരാതികൾ amnesaamne.rajbhavankolkata@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കാമെന്നും അല്ലെങ്കിൽ 03322001642 എന്ന നമ്പറില്‍ പീസ് റൂമുമായി ബന്ധപ്പെടാമെന്നും രാജ്‌ഭവന്‍ അറിയിച്ചു.