കൊല്‍ക്കത്ത : സംസ്ഥാനത്തിന് ലഭിക്കാനുള്ള ജിഎസ്‌ടി കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കത്തിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്ര. 4,911 കോടി രൂപയാണ് സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ ജിഎസ്‌ടി ഇനത്തില്‍ നല്‍കാനുള്ള തുക.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. 15-ാം ധന കമ്മിഷന്‍ അനുവദിച്ച റവന്യൂ ഡെഫസിറ്റ് തുകയായ 5,031 കോടി രൂപ മൂന്ന് തവണകളായി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കത്തിന് ഇതുവരെ മന്ത്രാലയം മറുപടി നല്‍കിയിട്ടില്ലെന്ന് അതിത് മിത്ര പറഞ്ഞു.
ഇതുവരെ 417 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിച്ചത്. ഇതിനുപുറമേ എഫ്‌ആര്‍ബിഎം (ഫിസ്‌ക്കല്‍ റെസ്‌പൊന്‍സിബിലിറ്റി ആന്‍റ് ബജറ്റ് മാനേജ്‌മെന്‍റ്) പരിധി മൂന്ന് ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് സാമ്പത്തിക അച്ചടക്കം സാധ്യമാക്കുന്നതിന് 2003ല്‍ പാസാക്കിയ നിയമമാണ് ഫിസ്‌കല്‍ റെസ്‌പൊണ്‍സിബിലിറ്റി ആന്‍റ് ബജറ്റ് മാനേജ്‌മെന്‍റ് ആക്ട്.