കൊൽക്കത്ത:പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മത്സരിച്ച ഭവാനിപ്പൂർ ഉൾപ്പെടെയുള്ള മൂന്ന് മണ്ഡലങ്ങളിലെ ഫലം ഇന്നറിയാം. കനത്ത സുരക്ഷാസംവിധാനത്തോടെ രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിച്ചു.
കനത്ത സുരക്ഷയിൽ ബംഗാളിൽ വോട്ടെണ്ണൽ
സെപ്‌തംബർ 30ന് വോട്ടെടുപ്പ് നടത്തിയ ഭവാനിപ്പൂരിലും ജംഗിപൂർ, ഷംഷേർഗഞ്ച് എന്നീ നിയോജക മണ്ഡലങ്ങളിലുമാണ് വോട്ടെണ്ണൽ. പോളിങ് ബൂത്തുകളിൽ കേന്ദ്ര സേനയുടെ 24 സേനകളെ വിന്യസിപ്പിച്ചിട്ടുണ്ട്. ഇവിടെത്തെ മുഴുവൻ പ്രദേശവും സിസിടിവി നിരീക്ഷണത്തിലാണ്. റിട്ടേണിങ് ഓഫിസർക്കും നിരീക്ഷകർക്കും ഫോണുകൾ ഉപയോഗിക്കാൻ അനുവാദമുണ്ട്. എന്നാൽ, ഉദ്യോഗസ്ഥർക്ക് പോളിങ് ബൂത്തിൽ പേനയും പേപ്പറും മാത്രം ഉപയോഗിക്കാനാണ് അനുമതി.
മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന പശ്ചിമ ബംഗാളിലെ ഭവാനിപ്പൂർ മണ്ഡലത്തിൽ 57.09 ശതമാനം പോളിങ് ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. ജംഗിപ്പൂരിൽ 77.63 ശതമാനവും, ഷംഷേർഗഞ്ചിൽ 79.92 ശതമാനവും പോളിങ് രേഖപ്പെടുത്തിയെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു.
Also Read:EXCLUSIVE INTERVIEW : മുഴുവന്‍ കുട്ടികള്‍ക്കുമായി കോളജുകള്‍ തുറക്കുന്നത് സ്ഥിതി വിലയിരുത്തിയ ശേഷം : ആര്‍. ബിന്ദു
2021 തുടക്കത്തിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മമത ബാനർജി നന്ദിഗ്രാമില്‍ തോറ്റിരുന്നു. മമതക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ആറ് മാസത്തിനുള്ളില്‍ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. ഇതേ തുടർന്നാണ് കൃഷി മന്ത്രി ശോഭന്‍ദേബ് ചതോപാധ്യായ എംഎല്‍എ സ്ഥാനം രാജിവച്ചത്. മമതക്കെതിരെ ഭവാനിപ്പൂരിൽ ഗോദയിലുള്ളത് ബിജെപിയുടെ പ്രിയങ്ക ട്രിബ്രേവാളും സിപിഎം സ്ഥാനാർഥി ശ്രീജിബ് ബിശ്വാസുമാണ്.