ബൈദ്യബതി (പശ്ചിമബംഗാള്‍) :ജീവിതത്തിന്‍റെ നല്ലൊരു പങ്കും സ്‌പോര്‍ട്‌സിന് പിന്നാലെ ഓടിയ ഒരാളെ കുറിച്ച് സമൂഹത്തിന് പല അഭിപ്രായമാകും ഉണ്ടാകുക. ജീവിതത്തോട് ഉത്തരവാദിത്തമില്ലാത്തവനെന്നും യുവത്വം നശിപ്പിച്ചുവെന്നും തുടങ്ങിയ കളിയാക്കലുകള്‍ അയാളെ പിന്തുടരാം. എന്നാല്‍ പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലുള്ള ബൈദ്യബതി പട്ടണത്തിൽ നിന്നുള്ള ഫുട്ബോൾ പരിശീലകനായ പങ്കജ് ഘോഷിനെ സംബന്ധിച്ച് ഈ കളിയാക്കലുകളെല്ലാം ഊര്‍ജ്ജം മാത്രമേ ആയിട്ടുള്ളു. കാരണം 1998 മുതൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന ഒളിമ്പിക്‌സിനൊപ്പം ആറ് ക്രിക്കറ്റ്, ഫുട്‌ബോൾ ലോകകപ്പുകളിലും പങ്കെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഈ ഊര്‍ജ്ജമാണ്.
അടങ്ങാത്ത 'മത്സര'യോട്ടം ; വായ്‌പയെടുത്ത് ലോകകപ്പ് വേദികളിലെത്തും പങ്കജ് ഘോഷ് - ഫുട്ബോൾ
1998 മുതൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന ഒളിമ്പിക്‌സും ആറ് ക്രിക്കറ്റ്, ഫുട്‌ബോൾ ലോകകപ്പുകളും വായ്‌പയെടുത്ത് കാണാനെത്തിയ പശ്ചിമ ബംഗാളിലെ ബൈദ്യബതി സ്വദേശി പങ്കജ് ഘോഷിന്‍റേത് കായിക മത്സരങ്ങള്‍ക്കായി നീക്കിവച്ച ജീവിതം
1998-ൽ 2600 രൂപയെന്ന തുച്ഛമായ ശമ്പളത്തില്‍ തുടങ്ങിയതാണ് പങ്കജ് ഘോഷിന്‍റെ മത്സരങ്ങള്‍ കാണാനുള്ള ഓട്ടം. എന്നാല്‍ അന്ന് ആ ശമ്പളം കൊണ്ട് ഒരു ബാങ്കും അദ്ദേഹത്തിന് വായ്പ നൽകാൻ തയ്യാറായിരുന്നില്ല. എന്നാല്‍ തടസങ്ങളില്‍ തളര്‍ന്നു നില്‍ക്കാതെ അദ്ദേഹം സുഹൃത്തുക്കളില്‍ നിന്നായി 80,000 രൂപ കടമായി വാങ്ങി ആദ്യ ലോകകപ്പ് മത്സരം കാണാനായി തിരിച്ചു. പിന്നീട് മടങ്ങിയെത്തിയ ശേഷമാണ് അദ്ദേഹം ഈ വായ്‌പ തിരിച്ചടക്കുന്നത്. ചെറുപ്പം മുതലേ സ്പോർട്സിനോട് അഭിരുചിയുള്ള പങ്കജ് പിന്നീട് ഫുട്ബോൾ പരിശീലകനാകാനായി പരിശീലനം നേടുകയും ഫുട്ബോൾ ഫെഡറേഷനിൽ പ്രവർത്തിക്കുകയും ചെയ്തു. നിലവില്‍ ഒരു പ്രാദേശിക ഫുട്ബോൾ ക്ലബ്ബിന്‍റെ പരിശീലകനാണ് പങ്കജ് ഘോഷ്.
1998 ലാണ് തന്‍റെ കായിക യാത്ര ആരംഭിച്ചത്. ഇതിനിടെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗും കാണാന്‍ ചെന്നു. അടുത്തിടെ വിംബിൾഡണിൽ പങ്കെടുക്കാൻ 2.13 ലക്ഷം രൂപ ടിക്കറ്റിനത്തിലായെന്നും അതിനായെടുത്ത വായ്‌പ നിലവില്‍ തിരിച്ചടയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പങ്കജ് ഘോഷിന്‍റെ യാത്രാസ്വപ്‌നങ്ങള്‍ ഇവിടെയും ഒതുങ്ങുന്നില്ല. തന്‍റെ 71-ാം വയസ്സിൽ അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത് ബ്രസീൽ, മെക്സിക്കോ, ലണ്ടൻ എന്നിവിടങ്ങൾ സന്ദർശിച്ചതിന് ശേഷം ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് കാണാന്‍ തയ്യാറെടുക്കുകയാണ് ഇദ്ദേഹം.