കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ വിവിധയിടങ്ങളിലായി നടന്ന അക്രമ സംഭവങ്ങളില്‍ 10 പേരെ അറസ്റ്റ് ചെയ്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആരിസ് അഫ്താബ് പറഞ്ഞു. സിപിഎം സ്ഥാനാർഥി സുശാന്ത ഘോഷിനെ ആക്രമിച്ച കേസിൽ പശ്ചിം മേദിനിപൂർ ജില്ലയിലെ സാൽബോണി മണ്ഡലത്തിൽ നിന്ന് ഏഴ് തൃണമൂൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ സഹോദരൻ സൗമേന്ദുവിനെ ആക്രമിക്കുകയും കാർ നശിപ്പിക്കുകയും ചെയ്ത കേസിൽ പൂർവ്വ മെദിനിപൂർ ജില്ലയിലെ കാന്തിയിൽ നിന്ന് മൂന്ന് തൃണമൂൽ അനുയായികളെ അറസ്റ്റ് ചെയ്തു.
ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചാൽ 30 മണ്ഡലങ്ങളിലും സമാധാനപരമായ രീതിയിലാണ് വോട്ടെടുപ്പ് നടന്നത്. പശ്ചിം മേദിനിപൂർ ജില്ലയിലെ കേശിയാരിയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയ കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ കൂടുതല്‍ വ്യക്തത വരൂവെന്നും അഫ്താബ് പറഞ്ഞു. മരണപ്പെട്ട മോംഗോൽ സോറൻ(35) ബിജെപി അനുഭാവിയാണെന്നും തൃണമൂൽ ഗുണ്ടകൾ കൊലപ്പെടുത്തിയതാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. എന്നാൽ അദ്ദേഹത്തിന്‍റെ മരണത്തിന് വോട്ടെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ ഭരണകൂടം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.