ഗയ : ആശുപത്രി കിടക്കയില്‍ മരണത്തോട് മല്ലിട്ടുകഴിയുന്ന ബിഹാര്‍ സ്വദേശിനി പൂനം വർമയുടെ അവസാന ആഗ്രഹമായിരുന്നു മകളുടെ വിവാഹം. നിറകണ്ണുകളോടെയാണ് തന്‍റെ ഈ ആഗ്രഹ സാഫല്യം പൂനം നോക്കിനിന്നത്. ഗയ ജില്ലയിലെ ഗുരാരു ബാലി സ്വദേശിനിയായ സ്‌ത്രീയുടെ മകൾ ചാന്ദ്‌നി കുമാരിയാണ്, കതിര്‍മണ്ഡപം ഒഴിവാക്കി ഐസിയുവില്‍ നടന്ന ചടങ്ങില്‍ അമ്മയുടെ മനംപോലുള്ള മംഗല്യത്തില്‍ വധുവായത്.
പൂനം വർമ വിടവാങ്ങിയത് മകളുടെ വിവാഹം കണ്‍നിറയെ കണ്ട് ; വൈകാരിക രംഗങ്ങള്‍ക്ക് വേദിയായി ഐസിയു - ഐസിയുവില്‍ കല്യാണം
ബിഹാര്‍ സ്വദേശിനിയുടെ മരണക്കിടക്കയിലെ ആഗ്രഹം നിറവേറ്റാനായതിന്‍റെ ആശ്വാസത്തിലാണ് മകളും കുടുംബവും
ഹൃദയ സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്ന സ്‌ത്രീയുടെ ആരോഗ്യനില ഞായറാഴ്‌ച (ഡിസംബര്‍ 25) വഷളാവുകയായിരുന്നു. ഏത് നിമിഷവും പൂനം മരിക്കാനിടയുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചതോടെ ഇന്ന് (ഡിസംബർ 26) നടക്കാനിരുന്ന ചാന്ദ്‌നിയുടെ വിവാഹനിശ്ചയം കല്യാണമാക്കി മാറ്റുകയായിരുന്നു. മരണാസന്നയായി കിടക്കുന്ന പൂനത്തിന്‍റെ മുഖത്ത് പുഞ്ചിരി കൊണ്ടുവരാനായിരുന്നു കുടുംബത്തിന്‍റെ ഈ ഉറച്ച തീരുമാനം.
എഞ്ചിനീയറായ സുമിത് ഗൗരവിനെയാണ് യുവതി വിവാഹം ചെയ്‌തത്. കല്യാണം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ പൂനം വർമ മരിച്ചെങ്കിലും അവസാന ആഗ്രഹം നിറവേറ്റിയതിന്‍റെ സംതൃപ്‌തിയിലാണ് വധൂവരന്മാരും കുടുംബവും.