ജയ്‌പൂര്‍:രാജസ്ഥാനിലെ ഭില്‍വാരയില്‍ പൊലീസ് കസ്റ്റഡിയിലുള്ള ആയുധങ്ങള്‍ കാണാതായി. കസ്റ്റഡിയില്‍ സൂക്ഷിച്ച 300ല്‍ അധികം ആയുധങ്ങളാണ് കാണാതായത്. പ്രതാപ് നഗര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം.
ആയുധങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ ഭില്‍വാര പൊലീസ് കേസെടുത്തു. 300 തോക്കുകള്‍, എട്ട് പിസ്‌റ്റളുകള്‍, 11 റൈഫിളുകള്‍, മറ്റിനത്തില്‍പ്പെട്ട 15 ആയുധങ്ങള്‍ എന്നിവയാണ് കാണാതായ കൂട്ടത്തിലുള്ളത്. എന്നാല്‍ റെക്കോഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ആയുധങ്ങളുടെ എണ്ണം വ്യജമാണെന്നും ആയുധങ്ങളില്‍ പ്രത്യേകം രേഖപ്പെടുത്തേണ്ട നമ്പറുകളോ അടയാളങ്ങളോ ഒന്നും തന്നെയില്ലെന്നും ഭിൽവാര എസ്‌പി ആദർശ് സിദ്ദു പറഞ്ഞു.
40 മുതല്‍ 50 വര്‍ഷം വരെ പഴക്കമുള്ള ആയുധങ്ങളും കാണാതായ കൂട്ടത്തിലുണ്ട്. ആയുധങ്ങളുടെ ഉത്തരവാദിത്തമുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ ശങ്കർ ലാൽ കഴിഞ്ഞ ഒക്‌ടോബര്‍ 31ന് വിരമിച്ചതിനെ തുടര്‍ന്ന് ചുമതലയേറ്റടുത്ത മഹാവീർ പ്രസാദ്, ചുമതലയേൽക്കുന്നതിന് മുമ്പ് ആയുധങ്ങളുടെ ഫിസിക്കൽ വെരിഫിക്കേഷൻ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ ആവശ്യപ്രകാരം ഭിൽവാര പൊലീസ് ആയുധങ്ങളുടെ ഭൗതിക പരിശോധനയ്ക്കായി ഒരു പ്രത്യേക കമ്മിറ്റിയേയും രൂപീകരിച്ചിരുന്നു.
ആയുധങ്ങളുടെ കണക്കെടുത്ത് എണ്ണി തിട്ടപ്പെടുത്തിയാല്‍ മാത്രമെ കൃത്യമായ എണ്ണം പറയാനുകയുള്ളൂ. വിഷയത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ എട്ട് മുതല്‍ 10 വര്‍ഷം വരെ ആയുധങ്ങളുടെ ചുമതല വഹിച്ചവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് എസ്‌പി പറഞ്ഞു.