ന്യൂഡൽഹി : സിൽവർ ലൈനിനെതിരെ പാര്‍ലമെന്‍റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരെ ഡൽഹി പൊലീസ് കൈയേറ്റം ചെയ്‌തതില്‍ പ്രതിഷേധം കനക്കുന്നു. വിഷയം കൊടിക്കുന്നിൽ സുരേഷ് എംപി ലോക്‌സഭയില്‍ ഉന്നയിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ആക്രമിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
എംപിമാരാണെന്ന് അവരോട് പറഞ്ഞിരുന്നു. എന്നാൽ മുദ്രാവാക്യം വിളിക്കാൻ പാടില്ലെന്നായിരുന്നു പൊലീസ് നിലപാട്. മുദ്രാവാക്യം വിളിക്കുന്നത് അവകാശം ആണെന്ന് ഞങ്ങളും പറഞ്ഞു. തുടർന്ന് യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് പിടിച്ച് തള്ളുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു - സുരേഷ് പറഞ്ഞു.
അതേസമയം സംഭവം ദൗർഭാഗ്യകരമാണെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ കെ പ്രേംചന്ദ്രൻ എംപി പ്രതികരിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തവരെല്ലാം എംപിമാരാണെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് നന്നായി അറിയാമായിരുന്നു. എന്നിട്ടും പാർലമെന്‍റ് സമുച്ചയത്തിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. ഇതിലൂടെ ഞങ്ങളുടെ അവകാശത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.