ലക്‌നൗ: ബിജെപിയുടെ സീറ്റുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപിയുടെ കള്ളത്തരം വരും ദിവസങ്ങളില്‍ പൊളിയുമെന്നും എസ്‌പി നേതാവ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മുന്‍ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവിന്‍റെ പ്രതികരണം.
'ബിജെപിയുടെ സീറ്റുകള്‍ കുറയ്ക്കാൻ കഴിയുമെന്ന് ഞങ്ങൾ കാണിച്ചുതന്നു. ഈ ഇടിവ് തുടരും. പകുതിയിലേറെ ആശയക്കുഴപ്പവും വ്യാമോഹവും നീങ്ങി. ബാക്കിയുള്ളവ ഏതാനും ദിവസങ്ങൾക്കുള്ളിൽ സംഭവിക്കും. പൊതുതാൽപ്പര്യത്തിനായുള്ള പോരാട്ടം വിജയിക്കും,' അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു.
പാർട്ടിയെ വിശ്വാസിച്ച ജനങ്ങൾക്ക് അഖിലേഷ് നന്ദി അറിയിച്ചു. ‘ഞങ്ങളുടെ സീറ്റ് രണ്ടര മടങ്ങും വോട്ട് ശതമാനം ഒന്നര ഇരട്ടിയും വർധിപ്പിച്ചതിന് യുപിയിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി’ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്‌തു.
ഭരണം പിടിച്ചെടുക്കാനായില്ലെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണത്തിലും വോട്ട് വിഹിതത്തിലും വന്‍ കുതിപ്പാണ് അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി കാഴ്‌ച വച്ചത്. 111 സീറ്റുകളില്‍ ജയിച്ച എസ്‌പി തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്താണ്. അതേസമയം, 403 മണ്ഡലങ്ങളിൽ 273ലും വിജയിച്ചാണ് സംസ്ഥാനത്ത് ബിജെപി അധികാരം നിലനിർത്തിയത്.
Also read: നാല് സംസ്ഥാനങ്ങളിൽ മുന്നേറി ബിജെപി; വിജയം ആഘോഷിച്ച് പ്രവർത്തകർ, ചിത്രങ്ങൾ കാണാം