ന്യൂഡൽഹി : വെള്ളിയാഴ്ച നടന്ന ആദായ നികുതിവകുപ്പിന്‍റെ പരിശോധനയില്‍ പ്രതികരണവുമായി രാജ്യത്തെ പ്രമുഖ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങളായ ന്യൂസ്‌ലോണ്ടറിയും ന്യൂസ് ക്ളിക്കും.
സത്യസന്ധതയും ആത്മാര്‍ഥതയും മുന്‍നിര്‍ത്തിയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന് ന്യൂസ്‌ലോണ്ടറി പ്രതികരിച്ചു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ ശ്വാസംമുട്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ന്യൂസ് ക്ളിക്കും വ്യക്തമാക്കി.
ന്യൂസ്‌ലോണ്ടറിയുടെ ഡൽഹി സർവോദയ എൻക്ലേവിലുള്ള ഓഫിസിലും ന്യൂസ് ക്ളിക്കിന്‍റെ സൈദുലാജബിലെ ഓഫിസിലുമാണ് വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
ALSO READ:ബ്രിട്ടീഷ് കാലത്തെ ജീർണിച്ച കോടതി കെട്ടിടങ്ങള്‍ നല്‍കുന്നത് മോശം അനുഭവമെന്ന് എൻ.വി രമണ
തങ്ങൾക്ക് ഒന്നും മറയ്ക്കാനില്ല. നിയമലംഘനം നടത്തിയിട്ടുമില്ല.സത്യസന്ധമായും ആത്മാര്‍ഥമായുമാണ് പ്രവര്‍ത്തിക്കുന്നതെന്നും ന്യൂസ്‌ലോണ്ടറി സഹസ്ഥാപകൻ അഭിനന്ദൻ ശേഖ്രി ട്വീറ്റ് ചെയ്‌തു.
ഓഫിസിലെ മുഴുവന്‍ കമ്പ്യൂട്ടറുകളും പരിശോധിച്ചു. സ്വകാര്യ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, ഓഫിസ് ഉപകരണങ്ങള്‍ എന്നിവ ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി. ഇവയിലെ ഡാറ്റകള്‍ ഐ.ടി ടീം ഡൗൺലോഡ് ചെയ്‌തെന്നും ശേഖ്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം നടന്നത് റെയ്‌ഡ് അല്ലെന്നും സര്‍വേ മാത്രമാണെന്നുമാണ് ആദായ നികുതി ഉദ്യോഗസ്ഥരുടെ അവകാശവാദം.