ഭോപ്പാൽ (മധ്യപ്രദേശ്) :വേട്ടക്കാർക്കെതിരെ രാജ്യത്തെ 13 കടുവ സങ്കേതങ്ങളിൽ 'റെഡ് അലർട്ട്' പുറപ്പെടുവിക്കുകയും, ജാഗ്രത ശക്തമാക്കാൻ മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, മഹാരാഷ്‌ട്ര സർക്കാരുകൾക്ക് നിർദേശം നൽകുകയും ചെയ്‌ത് കേന്ദ്ര സർക്കാർ. ജാഗ്രത പാലിക്കാനും കടുവ സങ്കേതങ്ങൾ സന്ദർശിക്കാനും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയാണ് (ഡബ്ല്യുസിസിബി) ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
ജൂൺ 26 ന് മധ്യപ്രദേശിലെ സത്പുര കടുവ സങ്കേതത്തിലെ (Satpura Tiger Reserve) ഛോർണ കോർ (Chhorna core) പ്രദേശത്തെ റിസർവോയറിൽ പ്രായപൂർത്തിയായ കടുവയുടെ ആറ് ദിവസം പഴക്കമുള്ള തലയില്ലാത്ത ജഡം കണ്ടെത്തിയതിന് തൊട്ട് പിന്നാലെയാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. പരിസ്ഥിതി ലോല മേഖലകളിൽ പട്രോളിങും നിരീക്ഷണവും ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പെഞ്ച്, കൻഹ, തഡോബ, കോർബറ്റ്, അമാൻഗഡ്, പിലിഭിത്, വാൽമീകി, രാജാജി, ഗഡ്‌ചിരോളി, ചന്ദ്രപൂർ തുടങ്ങിയ കടുവ സങ്കേതങ്ങളിലെ എല്ലാ പ്രാദേശിക ഓപ്പറേറ്റർമാരോടും ഓഫിസർമാരോടും വനങ്ങളിൽ പട്രോളിങ് ശക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ക്ഷേത്രങ്ങളിലും, റെയിൽവേ സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലും, പൊതു ഷെൽട്ടറുകളിലും വേട്ടക്കാരെന്ന് സംശയം തോന്നുന്നവരെ തെരയാനും ആവശ്യപ്പെട്ടിട്ടുണ്ട്.
2023 ൽ ചത്തത് 100 കടുവകൾ : അതേസമയം കടുവ ചത്ത സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വന്യജീവി വിദഗ്‌ധൻ അജയ് ദുബെ (Ajay Dubey) കേന്ദ്രത്തിനും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കത്തയച്ചു. കടുവ വേട്ടയിൽ ആശങ്ക പ്രകടിപ്പിച്ച ദുബെ, കടുവകളെ സംരക്ഷിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.