ന്യൂഡൽഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്‌മൃതി ഇറാനി. കഴിഞ്ഞ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാർട്ടിക്ക് വോട്ട് ചെയ്യാത്ത ആളുകള്‍ മരിക്കുന്നത് മമത നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തതെന്ന് സ്‌മൃതി ഇറാനി ആരോപിച്ചു.
പ്രതികരണം കോടതി വിധിയെ തുടര്‍ന്ന്
ബംഗാൾ കലാപത്തില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കൊൽക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം ദേശീയ മനുഷ്യാവകാശ കമ്മിഷനോടു നിര്‍ദേശിച്ചിരുന്നു. ഈ വിഷയത്തില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വേണ്ടി പ്രത്യേക സമിതി രൂപീകരിക്കാനും കോടതി നിർദേശിച്ചു. ഈ നിര്‍ദേശം റദ്ദുചെയ്യാന്‍ ആവശ്യപ്പെട്ട് കോടതിക്കു മുന്‍പാകെ തൃണമൂല്‍ കോണ്‍ഗ്രസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതു തള്ളാന്‍ കൊൽക്കത്ത ഹൈക്കോടതി തീരുമാനമെടുത്തതിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
''മമതയെപ്പോലെ ഒരാള്‍ ജനാധിപത്യത്തില്‍ ആദ്യം''
ഹൈക്കോടതിയോട് ഞാൻ നന്ദി പറയുന്നു, അക്രമത്തിനിരയായവര്‍, വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ടവർ, കൊല്ലപ്പെട്ടവര്‍, ബലാത്സംഗത്തിനിരയായ സ്ത്രീകൾ എന്നിവര്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. നമ്മുടെ ജനാധിപത്യത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി അവർക്ക് വോട്ട് ചെയ്തില്ലെന്ന കുറ്റം കണക്കിലെടുത്ത്, ആളുകൾ കൊല്ലപ്പെടുന്നത് ശ്രദ്ധയില്‍പെട്ടിട്ടും ഒന്നും ചെയ്യാതെ നോക്കി നില്‍ക്കുന്നത് കണ്ടതെന്നും സ്‌മൃതി കുറ്റപ്പെടുത്തി.
ഫലപ്രഖ്യാപനത്തിനു ശേഷം രാജ്യത്ത് ഇതാദ്യമായാണ് ആയിരക്കണക്കിന് ആളുകൾ വീടുകൾ ഉപേക്ഷിച്ച് അതിർത്തി കടക്കുന്നത്. മമത ബാനർജിയും തൃണമൂൽ കോൺഗ്രസും തങ്ങളോടുള്ള അക്രമം ഒഴിവാക്കിയാൽ, തങ്ങളുടെ രാഷ്ട്രീയ അനുഭാവം മാറ്റാൻ തയ്യാറാണെന്ന് പറഞ്ഞ് ജനങ്ങള്‍ കരുണയ്ക്കായി യാചിച്ചുവെന്നും ഇറാനി ആരോപിച്ചു.
ALSO READ:പുതുക്കിയ വാക്‌സിനേഷൻ മാർഗരേഖ; വാക്‌സിൻ സ്വീകരിച്ചത് 69 ലക്ഷത്തിലധികം പേർ