കൊൽക്കത്ത: തെരഞ്ഞെടുപ്പിന് ശേഷമുള്ള സംസ്ഥാനത്തെ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ പശ്ചിമബംഗാൾ ഗവർണർ ജഗദീപ് ധങ്കർ നന്ദിഗ്രാം സന്ദർശിച്ചു. ശനിയാഴ്‌ച രാവിലെയാണ് അദ്ദേഹം നന്ദിഗ്രാമിലെത്തിയത്. നന്ദിഗ്രാമിലെത്തിയ ഗവർണറെ സ്വീകരിക്കാൻ ബിജെപി എം.എ.ൽഎ സുവേന്ദു അധികാരിയും എത്തിയിരുന്നു.
പശ്ചിമബംഗാളിലെ ആക്രമണങ്ങൾ; ഗവർണർ നന്ദിഗ്രാം സന്ദർശിച്ചു - ജഗദീപ് ധങ്കർ
തെരഞ്ഞെടുപ്പിന് ശേഷമുള്ള ആക്രമണങ്ങൾ അന്വേഷിക്കാനാണ് ഗവർണർ നന്ദിഗ്രാം സന്ദർശിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷമുള്ള ആക്രമണങ്ങൾ അന്വേഷിക്കാനാണ് തന്‍റെ സന്ദർശനമെന്ന് ഗവർണർ ട്വീറ്റ് ചെയ്‌തു. തെരഞ്ഞെടുപ്പിന് ശേഷമുള്ള ആക്രമണത്തിനൊപ്പം കൊവിഡ് വ്യാപനവും സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരവധി ജനങ്ങളാണ് ദുരിതമനുഭവിക്കുന്നതെന്നും സംസ്ഥാനത്ത് ആക്രമണങ്ങൾ കൂടി വരികയാണെന്നും എത്രയും പെട്ടെന്ന് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രി ഈ അവസ്ഥയെ ഗൗരവത്തോടെ കാണുമെന്നും പുനരധിവാസം, നഷ്‌ടപരിഹാരം എന്നിവയിൽ തീരുമാനമെടുക്കുമെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.