ന്യൂഡൽഹി:പെഗാസസ് ഫോൺചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നതു വരെ അന്വേഷണവുമായി മുന്നോട്ട് പോകില്ലെന്ന് സർക്കാർ. ഹരജികളിൽ തീർപ്പാക്കുന്നതുവരെ ബംഗാൾ സർക്കാർ അന്വേഷണത്തിന് നിയോഗിച്ച സമിതി നടപടികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി പ്രതികരിച്ചിരിന്നു.
സുപ്രീംകോടതിയുടെ അഭിപ്രായം പശ്ചിമബംഗാൾ സർക്കാരിനെ അറിയിക്കാമെന്ന് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ സുപ്രീംകോടതിയോട് അഭിപ്രായം അറിയിച്ചത്.
അന്വേഷണത്തിന് രണ്ടംഗ സമിതി
സുപ്രീം കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് മദൻ ബി ലോകുറിന്‍റെ നേതൃത്വത്തിലുള്ള രണ്ടംഗ സമിതിയെയാണ് ബംഗാൾ സർക്കാർ പെഗാസസ് ഫോൺചോർത്തൽ അന്വേഷിക്കാൻ നിയോഗിച്ചിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള മറ്റ് ഹർജികളോടൊപ്പം ബംഗാൾ സർക്കാരിന്‍റെ അന്വേഷണ കമ്മിഷനെതിരെയുള്ള പൊതുതാൽപര്യ ഹർജിയും ചേർത്ത് അടുത്തയാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. പെഗാസസ് വിഷയത്തിൽ ഹർജികൾ കേൾക്കുന്നതിനാൽ ദയവായി സംയമനം പാലിക്കണമെന്ന് ജസ്റ്റിസ് എൻവി രമണ അടങ്ങിയ ബെഞ്ച് പശ്ചിമ ബംഗാൾ സർക്കാരോട് ആവശ്യപ്പെടുകയായിരുന്നു. അതേസമയം ബംഗാൾ സർക്കാർ പെഗസസ് അന്വേഷണം പ്രഖ്യാപിച്ചതിനെതിരെ സമർപ്പിച്ച ഹർജി മറ്റ് ഹരജികൾക്കൊപ്പം കേൾക്കാനായി സുപ്രീംകോടതി മാറ്റിയിട്ടുണ്ട്.