ഡിണ്ടിഗല്‍:മഴ ലഭിച്ചതോടെ മനോഹരിയായി തമിഴ്‌നാട് ഡിണ്ടിഗല്‍ ജില്ലയിലെ കൊടൈക്കനാൽ മലനിരകളിലെ വെള്ളച്ചാട്ടങ്ങൾ. കൊടൈക്കനാലിലെ മിസ്റ്റിക് കുന്നുകളില്‍ നിന്ന് ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടങ്ങളുടെ ആകാശകാഴ്‌ച അതിലേറെ മനോഹരമാണ്. അധികമാർക്കും നേരിട്ട് കണ്ട് ആസ്വദിക്കാൻ കഴിയാത്ത നിരവധി ചെറുവെള്ളച്ചാട്ടങ്ങളുടെ കാഴ്‌ചകൾ കൊടൈക്കനാലില്‍ ഇനിയുമുണ്ട്.
ശാന്തമായ തടാകങ്ങളും ഒഴുകുന്ന വെള്ളച്ചാട്ടങ്ങളും മുതൽ വിശാലമായ മേച്ചിൽപ്പുറങ്ങളും പൈതൃക കാഴ്ചകളും കൊടൈക്കനാലിനെ എന്നും സഞ്ചാരികളുടെ സ്വർഗമാക്കാറുണ്ട്. അവധിക്കാലം ആസ്വദിക്കാൻ എത്തുന്നവർക്ക് കാഴ്‌ചയുടെ സുന്ദരലോകമാണ് കൊടൈക്കനാല്‍ സമ്മാനിക്കുന്നത്. മലയാളിക്ക് ഏറെ പ്രിയങ്കരമാണ് കൊടൈക്കനാല്‍ യാത്രകൾ.
കോക്കേഴ്‌സ് വാക്ക്, ബിയര്‍ ഷോല വെള്ളച്ചാട്ടം, ബ്രയാന്റ് പാര്‍ക്ക്, കൊടൈക്കനാല്‍ തടാകം, ഗ്രീന്‍ വാലി വ്യൂ, ഷെബാംഗനൂര്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി, കൊടൈക്കനാല്‍ സയന്‍സ് ഒബ്‌സര്‍വേറ്ററി, പില്ലര്‍ റോക്ക്‌സ്, ഗുണ ഗുഹകള്‍, സില്‍വര്‍ കാസ്‌കേഡ്, ഡോള്‍ഫിന്‍സ് നോസ്, കുറിഞ്ഞി ആണ്ടവാര്‍ മുരുക ക്ഷേത്രം, ബെരിജാം തടാകം തുടങ്ങിയവയാണ് കൊടൈക്കനാലിലെ പ്രധാന വിനോദ സഞ്ചാര മേഖലകള്‍.