ലഖ്‌നൗ:ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്യിദ് വസീം റിസ്‌വി ഗാസിയാബാദിലെ ദസ്‌ന ക്ഷേത്രത്തിൽ വച്ച് ഹിന്ദു മതം സ്വീകരിച്ചു. ഇസ്ലാം മതത്തിനും പ്രവാചകനുമെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ കുറച്ചു നാളായി റിസ്‌വി വാർത്ത തലക്കെട്ടുകളിൽ നിറഞ്ഞിരുന്നു.
തന്നെ ഹിന്ദു മതാചാര പ്രകാരം ദഹിപ്പിക്കണമെന്നും ഖബറടക്കരുതെന്നും ആഗ്രഹം പ്രകടിപ്പിക്കുന്ന റിസ്‌വിയുടെ വീഡിയോ ഈ മാസം ആദ്യം പുറത്തുവന്നിരുന്നു. തന്‍റെ മൃതദേഹം ഹിന്ദു സുഹൃത്തായ ദസ്‌ന ക്ഷേത്രത്തിലെ മഹന്ത് നരസിംഹ നന്ദ സരസ്വതിക്ക് വിട്ടുകൊടുക്കണമെന്നും വീഡിയോയിൽ റിസ്‌വി പറയുന്നു.
ഖുറാനിൽ നിന്ന് 26 വാക്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിസ്‌വി പൊതുതാൽപര്യ ഹർജി ഫയൽ ചെയ്‌തത് മുസ്ലീം മതവിഭാഗക്കാർക്കിടയിൽ അപ്രീതിക്ക് കാരണമായിരുന്നു. എന്നാൽ ഹർജിയിൽ പറയുന്ന 26 വാക്യങ്ങൾ ആദ്യ മൂന്ന് ഖലീഫമാരായ ഹസ്രത്ത് അബൂബക്കർ, ഹസ്രത്ത് ഉമർ, ഹസ്രത്ത് ഉസ്മാൻ എന്നിവർ തിരുകിക്കയറ്റിയതാണെന്നും ജിഹാദിനെ പ്രോത്സാഹിപ്പിക്കാൻ തീവ്രവാദികൾ ഉപയോഗിക്കുന്നതാണെന്നുമായിരുന്നു റിസ്‌വിയുടെ വാദം. എന്നാൽ റിസ്‌വിയുടെ ഹർജി ബാലിശമാണെന്ന് അഭിപ്രായപ്പെട്ട സുപ്രീം കോടതി റിസ്‌വിയുടെ ഹർജി തള്ളുകയും 50,000 രൂപ പിഴ ചുമത്തുകയും ചെയ്‌തു.