സുല്‍ത്താന്‍പൂര്‍ (യുപി): ബിജെപിയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ മുന്‍മന്ത്രി സ്വാമി പ്രസാദ് മൗര്യക്കെതിരെ അറസ്റ്റ് വാറന്‍റ്. 2014ല്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് കോടതി നടപടി. സുല്‍ത്താന്‍പൂര്‍ കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്.
കേസുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും മൗര്യ ഹാജരായില്ല. തുടര്‍ന്നാണ് മൗര്യക്കെതിരെ കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. ജനുവരി 24നകം പ്രത്യേക എംപി-എംഎല്‍എ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം.
എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു യോഗത്തില്‍ മതസ്‌പര്‍ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയെന്നാണ് മൗര്യക്കെതിരെയുള്ള കേസ്. സംഭവ സമയത്ത് മൗര്യ ബിഎസ്‌പിയിലായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മൗര്യ ബിജെപിയില്‍ ചേര്‍ന്നു. മൗര്യക്കെതിരെയുള്ള വാറന്‍റ് 2016ല്‍ അലഹബാദ് ഹൈക്കോടതി തടഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് യോഗി മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്‌തിരുന്ന മൗര്യ ബിജെപി വിട്ട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ദലിത്, പിന്നാക്ക വിഭാഗങ്ങള്‍, കർഷകർ, തൊഴിൽരഹിതരായ യുവാക്കൾ, ചെറുകിട, ഇടത്തരം വ്യവസായികൾ എന്നി വിഭാഗങ്ങളോടുള്ള പാർട്ടിയുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് രാജിക്കത്തില്‍ സ്വാമി പ്രസാദ് മൗര്യ വ്യക്തമാക്കിയത്.
യുപി തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ മൗര്യ പാര്‍ട്ടി വിട്ടത് ബിജെപിയെ വെട്ടിലാക്കിയിട്ടുണ്ട്. മൗര്യക്ക് പിന്നാലെ അഞ്ച് പേരാണ് ഇതുവരെ ബിജെപിയില്‍ നിന്ന് രാജി വച്ചത്. കൂടുതല്‍ പേര്‍ രാജി വക്കുമെന്നും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. യോഗി ആദിത്യനാഥിന്‍റെ പ്രവര്‍ത്തന ശൈലിക്കെതിരെ മൗര്യ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അമിത് ഷായെ നേരിട്ട് കണ്ട് എതിർപ്പ് അറിയിച്ചിരുന്നു. പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്നുള്ള രാജി പ്രഖ്യാപനം.
Read more: ബിജെപിക്ക് കനത്ത പ്രഹരം; യോഗി മന്ത്രിസഭയിലെ ഒരു മന്ത്രി ഉള്‍പ്പെടെ നാല് പേര്‍ പാര്‍ട്ടി വിട്ടു