പോർട്ട് മോർസ്ബി: ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പാപുവ ന്യൂ ഗിനിയയിൽ ഊഷ്‌മള വരവേൽപ്പ്. വിമാനമിറങ്ങിയ നരേന്ദ്ര മോദിയെ കാല്‍തൊട്ട് വന്ദിച്ചാണ് പാപുവ ന്യൂ ഗിനിയ പ്രധാന മന്ത്രി ജെയിംസ് മറാപെ സ്വീകരിച്ചത്. ഇതോടെ ഇരു നേതാക്കളും സഹ ആതിഥേയത്വം വഹിക്കുന്ന പ്രാദേശിക സഹകരണം വളർത്തിയെടുക്കുന്ന ഫോറം ഫോർ ഇന്ത്യ പസിഫിക് ഐലന്‍റ് കോപ്പറേഷൻ (എഫ്‌ഐപിഐസി) ഉച്ചകോടി ഇന്ന് ആരംഭിച്ചു.
ഞായറാഴ്‌ച പാപുവ ന്യൂ ഗിനിയയിലെത്തിയ മോദി ജെയിംസ് മറാപെയുമായും ദ്വീപ് രാഷ്ട്രത്തിന്‍റെ ഗവർണർ ജനറൽ ബോബ് ഡാഡേയുമായും പ്രത്യേകം ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വിവിധ മേഖലകളിൽ ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകുന്ന പദ്ധതികൾ ഇരു നേതാക്കളും ചർച്ച ചെയ്‌തു. പാപുവ ന്യൂ ഗിനിയയിൽ മോദിയുടെ കന്നി സന്ദർശനമാണ് ഇത്.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയും 14 പസഫിക് ദ്വീപ് രാജ്യങ്ങളും തമ്മിലുള്ള സുപ്രധാന ഉച്ചകോടിക്ക് മോദി ഇന്ന് ആതിഥേയത്വം വഹിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി അറിയിച്ചിരുന്നു. കുക്ക് ദ്വീപുകൾ, ഫിജി, കിരിബാത്തി, റിപ്പബ്ലിക് ഓഫ് മാർഷൽ ദ്വീപുകൾ, മൈക്രോനേഷ്യ, നൗറു, നിയു, പലാവു, പാപുവ ന്യൂ ഗിനിയ, സമോവ, സോളമൻ ദ്വീപുകൾ, ടോംഗ, തുവാലു, വനുവാട്ടു എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ഫോറം ഫോർ ഇന്ത്യ പസിഫിക് ഐലന്‍റ് കോപ്പറേഷൻ (എഫ്‌ഐപിഐസി). വാണിജ്യം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, കാലാവസ്ഥ വ്യതിയാനം എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ഞങ്ങൾ ചർച്ചചെയ്‌തെന്നു മോദി തന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചു. 2014-ൽ മോദിയുടെ ഫിജി സന്ദർശനത്തിനിടെയാണ് എഫ്‌ഐപിഐസി ആരംഭിച്ചത്.